ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് 'വിക്രം 1' ദൗത്യത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മലയാളി എന്‍ജിനീയര്‍മാരുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ച നടത്തുന്നു
തിരുവനന്തപുരം: രാജ്യത്തെ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌കൈറൂട്ട് എയറോസ്‌പേസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണമായ 'വിക്രം 1' ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി എന്‍ജിനീയര്‍മാരുടെ സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. 14 അംഗ മലയാളി സംഘത്തില്‍ ഏഴുപേരാണ് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയത്.
വിക്ഷേപണ വാഹനത്തിന്റെ ഇലക്ട്രോ-മെക്കാനിക്കല്‍ സംവിധാനങ്ങള്‍ ഏകോപിപ്പിച്ച പത്തനംതിട്ട പറക്കോട് സ്വദേശി നിര്‍മല്‍ നെല്‍സണ്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സ്റ്റേജിന്റെ രൂപകല്‍പ്പനയില്‍ പങ്കാളിയായ ആലപ്പുഴ വെട്ടിക്കോട് സ്വദേശി അജിത് കുമാര്‍ എസ്, ഫ്‌ളൂയിഡ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ രൂപകല്‍പനയും പരിശോധനയും നിര്‍വഹിച്ച കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ബിനറ്റ് മോനച്ചന്‍, പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളുടെ രൂപകല്‍പ്പനയില്‍ പങ്കാളിയായ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി അജിന്‍ ഘോഷ് കെ.കെ, കോഴിക്കോട് സ്വദേശിയായ രഞ്ജിത് രവി, ഏവിയോണിക്‌സ് ക്വാളിറ്റി ആന്‍ഡ് റിലയബിലിറ്റി ടീം അംഗങ്ങളായ ലിന്റ് സി. തോമസ് (കോഴിക്കോട്), അഞ്ചലി അശോകന്‍ (എറണാകുളം) എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
രാജ്യത്തിന്റെ ചരിത്രപരമായ ബഹിരാകാശ നേട്ടത്തിന് പിന്നിലെ മലയാളികളുടെ വലിയ സംഭാവന കേരളത്തിന് ഏറെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോക്കറ്റിന്റെ നിര്‍മാണം, ഗുണനിലവാര പരിശോധന, സാങ്കേതിക നിയന്ത്രണം തുടങ്ങിയ വിവിധ മേഖലകളില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചാണ് യുവ എന്‍ജിനീയര്‍മാര്‍ രാജ്യത്തിന് അഭിമാനമായി മാറിയത്. ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്തും തടസമില്ലാതെ എഴുതുന്നതിന് പ്രത്യേകമായി രൂപകല്‍പന ചെയ്ത സ്‌പേസ് പേനയും ശുഭാന്‍ഷു ശുക്ല രചിച്ച 'ദ സെക്കന്‍ഡ് ഓര്‍ബിറ്റ്' എന്ന പുസ്തകവും സംഘം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. വി. വൈശാഖ്, എം. രംഷീജ്, അനന്തകൃഷ്ണന്‍, എം.കെ. വിഷ്ണു, എസ്. ശ്രീനാഥ്, രാഹുല്‍ രമേഷ്, അലക്‌സിസ് ജെ. നീരക്കല്‍ എന്നിവരാണ് സംഘത്തിലെ മറ്റു മലയാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.