വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യഹരജി: ഇരയായ നടി കക്ഷി ചേർന്നേക്കും

കൊച്ചി: പീഡനക്കേസിൽ നടൻ വിജയ് ബാബു ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹരജിയിൽ ഇരയായ നടി കക്ഷി ചേർന്നേക്കും. ഏപ്രിൽ 29ന് മുൻകൂർ ജാമ്യഹരജി പരിഗണിച്ച സിംഗിൾ ബെഞ്ച് സർക്കാറിന്റെ വിശദീകരണം തേടി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റിയിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന ഘട്ടത്തിൽ കക്ഷിചേരാൻ നടി ഹരജി നൽകുമെന്നാണ് സൂചന. പീഡനക്കേസിൽ പൊലീസ് അന്വേഷണം തുടങ്ങുമ്പോൾ തന്നെ വിജയ് ബാബു ദുബൈയിലേക്ക് കടന്നിരുന്നു.

വിദേശത്തുനിന്നാണ് വിജയ് ബാബു ഹൈകോടതിയെ സമീപിച്ചത്. വിദേശത്തുള്ള പ്രതിക്ക് മുൻകൂർ ജാമ്യഹരജി നൽകാനാവില്ലെന്ന് പ്രോസിക്യൂഷനും അന്വേഷണ സംഘവും ചൂണ്ടിക്കാട്ടുന്നു. ഷാർജ പെൺവാണിഭക്കേസിലെ ഒന്നാം പ്രതി സൗദ ബീവിയുടെ ജാമ്യാപേക്ഷ 2011ൽ പരിഗണിച്ച ജസ്റ്റിസ് കെ.ടി. ശങ്കരൻ ഇക്കാര്യം വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് നിയമവിദഗ്‌ധർ വിശദീകരിക്കുന്നു.

വിജയ് ബാബുവിനെതിരെ നടി ഏപ്രിൽ 22നാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടിയുടെ പേരു വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ വന്നു. ഇതോടെ പീഡനക്കേസിനു പുറമെ ഇരയുടെ പേരു വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തു. വിദേശത്തുള്ള വിജയ് ബാബുവിനെ പിടികൂടാൻ ലുക്കൗട്ട് സർക്കുലറും ഇറക്കി. തുടർന്നാണ് പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - Vijay Babu's anticipatory bail plea: Victim actress may join party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.