ഇ.ഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ്; കൂടുതൽ തെളിവുകളും മൊഴിയും ശേഖരിച്ച് വിജിലൻസ്

കൊച്ചി: ഇ.ഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ ഫോൺരേഖകളടക്കം കൂടുതൽ തെളിവുകൾ വിജിലൻസിന് ലഭ്യമായെന്ന് വിവരം. പരാതിക്കാരൻ അനീഷ് ബാബുവിന്‍റെയും അറസ്റ്റിലായ ഇടനിലക്കാരൻ വിൽസണിന്‍റെയുമെന്ന് കരുതുന്ന സംഭാഷണം പുറത്തുവന്നു. പരാതിക്കാരനെതിരായ പി.എം.എൽ.എ കേസ് ഒത്തുതീർപ്പാക്കാൻ നേരിൽ കാണണമെന്നാണ് ഇടനിലക്കാരൻ ആവശ്യപ്പെടുന്നത്. പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നും ഉറപ്പ് നൽകുന്നു.

ഇ.ഡി ഓഫിസിൽ പരാതിക്കാരൻ ഹാജരായതിന് പിന്നാലെയുള്ള സംഭാഷണമായിരുന്നെന്നാണ് കരുതുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് പരാതിക്കാരൻ ചോദിക്കുമ്പോൾ, ആരോടും പറയാതെ വന്നാൽ മതിയെന്നും പത്ത് മിനിറ്റ് മീറ്റിങ് കഴിയുമ്പോൾ നിങ്ങൾക്ക് തീരുമാനമെടുക്കാമെന്നുമാണ് മറുപടി പറയുന്നത്. ഈ ഫോൺ സംഭാഷണരേഖ ഉൾപ്പെടെ നിരവധി തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും അവയിൽ വിശദപരിശോധന നടക്കുന്നുവെന്നുമാണ് വിവരം. കൂടുതൽ ആളുകളുടെ മൊഴിയെടുക്കുന്നുമുണ്ട്.

അതേസമയം പരാതിക്കാരന്‍ അനീഷ് ബാബു ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ.ഡി വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ (പി.എം.എല്‍.എ) കേസിലെ പ്രതിയാണ് അനീഷെന്നും ഇയാള്‍ മാധ്യമങ്ങളെ ഉപയോഗിച്ച് വിചാരണ നടത്തുകയാണെന്നും അവർ വിശദീകരിക്കുന്നു. കൊട്ടാരക്കര ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അനീഷിനെതിരെ കേസെടുത്തത്. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് 24.73 കോടി രൂപ ഇയാള്‍ തട്ടിയെന്നാണ് കേസ്. 2024ലാണ് അനീഷിന്‍റെ പണമിടപാട് സംബന്ധിച്ച് കേസെടുത്തത്. പലതവണ സമന്‍സ് അയച്ചെങ്കിലും അനീഷ് ബാബു ഹാജരായില്ല. കഴിഞ്ഞ ആഗസ്റ്റില്‍ ഹാജരായെങ്കിലും ഉച്ചഭക്ഷണം കഴിക്കാനായി പോയ ആള്‍ പിന്നീട് വന്നില്ല. തുടര്‍ന്ന് ഇതുവരെ അന്വേഷണവുമായി സഹകരിച്ചിട്ടില്ല. കേസ് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം ഹൈകോടതിയും പിന്നീട് സുപ്രീംകോടതിയും തള്ളിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 17ന് അനീഷ് ബാബുവിന്‍റെ ഹരജിയില്‍ സുപ്രീംകോടതി ഇടപെടാന്‍ തയാറായില്ല. സമന്‍സ് അയക്കുന്നത് നടപടിക്രമങ്ങള്‍ പാലിച്ചാണ്. ഉന്നതരുടെ അറിവില്ലാതെ ഒരുദ്യോഗസ്ഥനും സമന്‍സ് അയക്കാന്‍ കഴിയില്ല. ഉദ്യോഗസ്ഥനെതിരായ ആരോപണത്തില്‍ വിജിലന്‍സില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ഇ.ഡി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Vigilance collects more evidence and statements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.