കെട്ടിട പെർമിറ്റിന് 50,000 രൂപ കൈക്കൂലി; ഓവർസിയർ വിജിലൻസ് പിടിയിൽ

നെടുങ്കണ്ടം/ മുട്ടം: കെട്ടിടത്തിന്റെ പെർമിറ്റ് നൽകാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ ഓവർസിയർ വിജിലൻസ് പിടിയിലായി. ഉടുമ്പൻചോലക്കടുത്ത് ശാന്തരുവിയിൽ ഏലം സ്റ്റോർ കെട്ടിടത്തിന് പെർമിറ്റ് ലഭിക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് ഓവർസിയർ (അധികച്ചുമതല) സേനാപതി അമ്പലപ്പടി നരുവള്ളിയിൽ വിഷ്ണുദാസാണ് (36) വിജിലൻസ് സംഘത്തിന്‍റെ പിടിയിലായത്. ശാന്തരുവി ഭാഗത്തെ ഏലം സ്റ്റോർ കെട്ടിടത്തിന് പെർമിറ്റ് ശരിയാക്കി നൽകാൻ വിഷ്ണുദാസ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

ഏലം സ്റ്റോറിന്‍റെ കൂടുതലായി പണിത ഭാഗം അപാകത പരിഹരിച്ചശേഷം നികുതി അടക്കുന്നതിനുള്ള സൗകര്യം ചെയ്തു കൊടുക്കാമെന്ന് പറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ശനിയാഴ്ച കെട്ടിടം പരിശോധിച്ച് കാര്യങ്ങൾ ശരിയാക്കിത്തരാമെന്നും അവിടെവെച്ച് തുക നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.

വിഷ്ണുദാസ് പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ ഓവർസിയറാണ്. ഇയാൾക്ക് ഉടുമ്പൻചോല, രാജാക്കാട് ഗ്രാമപഞ്ചായത്തുകളുടെ അധികച്ചുമതല കൂടി നൽകിയിരുന്നു. വിജിലൻസ് കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ്.പി ആർ. ബിനുവിന്റെ നിർദേശപ്രകാരം ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസ്, സി.ഐമാരായ ഷിന്റോ പി. കുര്യൻ, ബിൻസ് ജോസഫ്, ജോബിൻ ആന്‍റണി, എസ്.ഐമാരായ ബിജു വർഗീസ്, ബിജു കുര്യൻ, സി.ജി. ദാനിയൽ, കെ.ജി. സഞ്ജയ്, ബേസിൽ ഐസക്, ടി.കെ. കുര്യൻ, സീനിയർ സി.പി.ഒമാരായ സനൽ ചക്രപാണി, കെ.യു. റഷീദ്, എൻ. പ്രതാപ്, സെബാസ്റ്റ്യൻ ജോർജ്, ജോഷി ഇഗ്നേഷ്യസ്, അജന്തി, വി.എസ്. പ്രതീഷ്, സന്ദീപ് ദത്തൻ, അർജുൻ ഗോപി, അരുൺ രാമകൃഷ്ണൻ, അജയഘോഷ്, ശ്രീജിത് കൃഷ്ണൻ, കെ.ജി. അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

Tags:    
News Summary - Vigilance arrests overseer for accepting Rs 50,000 bribe for building permit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.