പാലക്കാട്: കേരള മനഃസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ അതീവ നിർണായകമായ വിധി ഇന്ന്. ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജിയിലും, പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി വർധിപ്പിക്കണമെന്നും വിട്ടയച്ചവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരും മധുവിന്റെ കുടുംബവും നൽകിയ അപ്പീലുകളിലും ഹൈകോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസിൽ അന്തിമ വിധി പറയുക.
കേസിലെ മുഴുവൻ പ്രതികളും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ജയിലിൽ കഴിയുന്ന 12 പ്രതികളെയും ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ജാമ്യത്തിലുള്ള പ്രതിയും, വിചാരണ കോടതി വെറുതെ വിട്ട രണ്ട് പ്രതികളും ഉൾപ്പെടെ 16 പേരും ഇന്ന് കോടതിക്ക് മുന്നിലെത്തും. ഹൈകോടതിയിലൂടെ തങ്ങൾക്ക് പൂർണ്ണ നീതി ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും.
2018 ഫെബ്രുവരി 22നായിരുന്നു ആ ക്രൂര സംഭവം അരങ്ങേറിയത്. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനും മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതുമായ ആദിവാസി യുവാവ് മധുവിനെ (34) അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകൾ കാട്ടിൽ നിന്ന് പിടികൂടിയത്. ഇരുകൈകളും പിന്നിലേക്ക് കൂട്ടിക്കെട്ടി, നഗ്നനാക്കി അട്ടപ്പാടിയിലെ റോഡിലൂടെ നടത്തിച്ചായിരുന്നു ആൾക്കൂട്ട വിചാരണ. വഴിയിലുടനീളം ക്രൂരമായ മർദ്ദനത്തിനിരയായ മധുവിനെ ഒടുവിൽ പൊലീസ് വണ്ടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മധു മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രതികൾ തന്നെ മർദ്ദനത്തിന്റെ ദൃശ്യങ്ങളും സെൽഫിയും പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതാണ് കേസിൽ പിന്നീട് പ്രതികൾക്കെതിരെയുള്ള ഏറ്റവും വലിയ ഡിജിറ്റൽ തെളിവായി മാറിയത്. കേസിൽ വലിയ തോതിലുള്ള അട്ടിമറി ശ്രമങ്ങളും സാക്ഷികളുടെ കൂട്ട കൂറുമാറ്റങ്ങളും നടന്നിരുന്നു. ആകെ 24 പ്രോസിക്യൂഷൻ സാക്ഷികളാണ് വിചാരണ വേളയിൽ കൂറുമാറിയത്. നാല് വർഷത്തോളം നീണ്ട പ്രതിസന്ധികൾക്കൊടുവിൽ, സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷം 2023 ഏപ്രിൽ അഞ്ചിനാണ് മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.
വിചാരണക്കോടതി തങ്ങൾക്ക് വിധിച്ച 7 വർഷത്തെ കഠിനതടവ് റദ്ദാക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം. എന്നാൽ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ഹൈകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മധുവിനെ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന സംഘത്തിൽ ഹുസൈൻ ഉണ്ടായിരുന്നില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ മറ്റ് 12 പ്രതികളുടെയും ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി മുമ്പ് നിഷേധിച്ചിരുന്നു.
മറുവശത്ത്, പ്രതികൾ ചെയ്തത് കടുത്ത ക്രൂരതയാണെന്നും അവർക്കെതിരെ കൊലപാതകക്കുറ്റം (IPC 302) ചുമത്തി ശിക്ഷ ജീവപര്യന്തമായി വർധിപ്പിക്കണമെന്നുമാണ് സർക്കാരിന്റെയും മധുവിന്റെ അമ്മ മല്ലിയുടെയും ആവശ്യം. കൂടാതെ വിചാരണക്കോടതി വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നുണ്ട്. പ്രതികൾക്ക് കനത്ത ശിക്ഷ ലഭിച്ചില്ലെങ്കിൽ അവർ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്നും തങ്ങൾക്ക് അട്ടപ്പാടിയിൽ ജീവിക്കാൻ ഭയമാണെന്നും മധുവിന്റെ കുടുംബം കോടതിയെ അറിയിച്ചിട്ടുണ്ട്. നിയമപോരാട്ടത്തിൽ ഹൈക്കോടതിയിൽ നിന്ന് ഇന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.