വെണ്ണലയിൽ ആത്മഹത്യ ചെയ്ത പ്രശാന്തും രജിതയും 2. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റുന്നു
കൊച്ചി: വെണ്ണലയിൽ കൂട്ട ആത്മഹത്യ നടന്ന കുടുംബത്തിൽ കണ്ണീർക്കാഴ്ചയായി രണ്ട് കുഞ്ഞുമക്കൾ. ശ്രീകല റോഡില്‍ വെളിയില്‍ വീട്ടില്‍ പ്രശാന്ത് -രജിത ദമ്പതികളുടെ മക്കളായ ആറാം ക്ലാസുകാരി ആശ്രിതയും യു.കെ.ജി വിദ്യാർഥി അഭിജിത്തുമാണ് അനാഥരായത്. ഇവർക്കൊപ്പം പ്രശാന്തിന്റെ മാതാവ് കുഞ്ഞുമോളും കരയാൻ പോലും കഴിയാതെ വീടിന്റെ തിണ്ണയിൽ ഇരുന്നു.
തിങ്കളാഴ്ച പുലർച്ച പന്ത്രണ്ടുകാരി ആശ്രിതയാണ് അടുത്ത ബന്ധുവായ സാബുവിനെ മരണവിവരം വിളിച്ചറിയിക്കുന്നത്. പുലര്‍ച്ച അഞ്ചിന് മരണവിവരം പാലാരിവട്ടം പൊലീസിനെ അറിയിച്ചു. പൊലീസെത്തി ഉച്ചക്ക് 12ഓടെയാണ് മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവ സ്ഥലത്തെത്തി ഫോറന്‍സിക് സംഘവും പരിശോധന നടത്തി.
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഞായറാഴ്ച രാത്രി എട്ടോടെ ഇവര്‍ കുടുംബവുമൊത്ത് വീട്ടില്‍ മടങ്ങിയെത്തിയതാണ്. മക്കളെ സിറ്റൗട്ടില്‍ ഇരുത്തിയ ശേഷം വാതിലടച്ച് ആത്മഹത്യ ചെയ്യുകയാണെന്നാണ് വിവരം. സംഭവം പുറത്തറിഞ്ഞതോടെ അയൽക്കാർ എത്തിയപ്പോൾ കാണുന്നത് വീടിന്റെ സിറ്റൗട്ടിൽ ഭയന്നിരിക്കുന്ന മക്കളെയാണ്.
കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന അയൽവാസി ഷീന ഇവരെ ഉടൻ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിന്ന് അധ്യാപകരും എത്തി ആശ്വാസിപ്പിച്ചു. ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിൽ പ്രശാന്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്ന വിവരം അയൽക്കാരെ അത്ഭുതപ്പെടുത്തുന്നു. കാര്യമായി ആരോടും പ്രശ്നങ്ങൾ ഇദ്ദേഹം അറിയിച്ചിരുന്നില്ല.
വീടിന് സമീപത്തെ പൊടിമില്ലാണ് ഈ കുടുംബത്തിന്റെ വരുമാന മാർഗം. ഇവിടെ നിരന്തരം ധാന്യങ്ങളുമായി ചുറ്റുപാടുമുള്ളവർ എത്തിയിരുന്നു. അതിലൂടെ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും സുപരിചിതരാണ്. കോവിഡ് കാലത്ത് വരുമാന മാർഗം അടഞ്ഞതോടെ വായ്പ തിരിച്ചടവുകൾ മുടങ്ങുന്നത് പ്രശാന്തിനെ വിഷമിപ്പിച്ചിരിക്കാമെന്ന് അയൽക്കാർ പറയുന്നു.
രണ്ടുദിവസം മുമ്പ് പൊടിമില്ലിൽ എത്തിയപ്പോൾ താങ്ങാനാകാത്ത കടബാധ്യതയിലാണ് തങ്ങളെന്ന് രജിത സൂചിപ്പിച്ചിരുന്നതായി അയൽവാസി ശോശാമ്മ വിവരിച്ചു. അപ്പോഴും ഇത്ര കടുത്ത തീരുമാനത്തിലേക്ക് ഈ കുടുംബം നീങ്ങുമെന്ന് അവരും അറിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.