തിരുവനന്തപുരം: സി.പി.എം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി രംഗത്തിറങ്ങിയ ജി. സുധാകരന് ചിഹ്നം തെങ്ങിൻതോപ്പ്. ഇതേ ചിഹ്നം തന്നെയാണ് സി.പി.എമ്മിൽനിന്ന് കളംമാറിയ ഒറ്റപ്പാലത്തെ പി.കെ. ശശിക്കും. ഇരുവരും യു.ഡി.എഫ് പിന്തുണയോടെയാണ് മത്സരിക്കുന്നത്. കോഴിക്കോട് എലത്തൂരിൽ എൻ.സി.പിയിലെ മന്ത്രി എ.കെ. ശശീന്ദ്രന് ക്ലോക്ക് ചിഹ്നം ലഭിച്ചില്ല.
പകരം, കാഹളം മുഴക്കുന്ന മനുഷ്യൻ ആണ് കിട്ടിയത്. എൻ.സി.പി അജിത് പവാർ പക്ഷത്തെ പി.കെ. ശശീന്ദ്രന് ഇതേ മണ്ഡലത്തിൽ ക്ലോക്ക് ചിഹ്നം അനുവദിക്കുകയും ചെയ്തു. വിഷയത്തിൽ നിയമനടപടിയെടുക്കുമെന്നാണ് ശശീന്ദ്രൻപക്ഷ നിലപാട്. പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെയാണ് സ്വതന്ത്രർക്കടക്കം കമീഷൻ ചിഹ്നം അനുവദിച്ചത്. പലർക്കും ആവശ്യപ്പെട്ട ചിഹ്നം ലഭിച്ചില്ല. ചിഹ്നമായതോടെ അടുത്ത രണ്ടാഴ്ച അതിശക്തമായ പ്രചാരണത്തിനാകും സംസ്ഥാനം സാക്ഷ്യംവഹിക്കുക.
സി.പി.എം വിട്ട് അങ്കത്തിനിറങ്ങിയ തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദന് ഗ്യാസ് സിലണ്ടറാണ് ചിഹ്നം. ബേപ്പൂരിൽ തൃണമൂലിലെ പി.വി. അൻവറിനും ഇതേ ചിഹ്നമാണ്. അൻവർ യു.ഡി.എഫ് സ്ഥാനാർഥിയാണ്. ടി.കെ. ഗോവിന്ദൻ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രനും.
സി.പി.എം വിട്ട് പോരിനിറങ്ങിയ പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോസ്റ്റാണ് കിട്ടിയത്. സ്വതന്ത്രനായി മത്സരിക്കുന്ന ഇദ്ദേഹത്തിനും യു.ഡി.എഫ് പിന്തുണയുണ്ട്.
തിരുവനന്തപുരം മണ്ഡലത്തിൽ യു.ഡി.എഫിലെ സി.എം.പി സ്ഥാനാർഥി സി.പി. ജോണിന് കപ്പൽ ചിഹ്നം അനുവദിച്ചു. ഇതേ മണ്ഡലത്തിലെ ഇടത് സ്വതന്ത്രൻ സിനിമാ നടൻ കൂടിയായ സുധീർ കരമനക്ക് കാമറയാണ്. പാലക്കാട്ട് സി.പി.എം സതന്ത്രൻ എൻ.എം.ആർ. റസാഖിന് കുടവും മലപ്പുറം തവനൂരിലെ സിറ്റിങ് എം.എൽ.എ ഇടത് സ്വതന്ത്രൻ ഡോ. കെ.ടി. ജലീലിന് ലോറിയും കോഴിക്കോട് സൗത്തിലെ ഐ.എൻ.എൽ സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിന് ബക്കറ്റുമാണ് അനുവദിച്ചത്.കഴിഞ്ഞ തവണത്തെ ഗ്ലാസ് ഇക്കുറി ചിഹ്നങ്ങളുടെ ലിസ്റ്റിലുണ്ടായില്ല.
ഗ്ലാസ് ചിഹ്നത്തിലായിരുന്നു ഇതുവരെ പ്രചാരണം. വടകരയിലെ ആർ.എം.പി സ്ഥാനാർഥി കെ.കെ. രമ ഫുട്ബാളാണ് ചോദിച്ചതെങ്കിലും ടെലിവിഷനാണ് അനുവദിച്ചത്. കുന്ദമംഗത്തെ ഇടത് സ്ഥാനാർഥി പി.ടി.എ. റഹീമിന് ബക്കറ്റാണ്.
നിലമ്പൂരിലെ ഇടത് സ്വതന്ത്രൻ യു. ഷറഫലിക്കും മഞ്ചേരിയിലെ സി.പി.ഐ സ്വതന്ത്രൻ വി.എം. മുസ്തഫക്കും കത്രിക, മങ്കടയിലെ ഇടത് സ്വതന്ത്രൻ കുന്നത്ത് മുഹമ്മദിന് ട്രക്ക്, മലപ്പുറത്തെ എൻ.സി.പി. സ്ഥാനാർഥി കെ.ടി. മുജീബിന് കാഹളമൂതുന്ന മനുഷ്യൻ, താനൂരിലെ ഇടത് സ്ഥാനാർഥി പി. മുഹമ്മദ് സമീറിന് ആപ്പിൾ, വള്ളിക്കുന്നിലെ ഇടത് സ്ഥാനാർഥി അഡ്വ. സി.പി. മുസ്തഫക്ക് ടെലിവിഷൻ എന്നിങ്ങനെയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.