ലഹരി​ കേസ്​: അഞ്ച്​ പ്രത്യേക കോടതികൾ മൂന്ന്​ മാസത്തിനകം സജ്ജമാക്കണം -ഹൈകോടതി

കൊച്ചി: ലഹരിമരുന്ന് കേസുകൾ മാത്രം കൈകാര്യം ചെയ്യാനുള്ള അഞ്ച് പ്രത്യേക കോടതികൾ മൂന്ന് മാസത്തിനകം പ്രവർത്തനക്ഷമമാക്കണമെന്ന് ഹൈകോടതി. അതീവ രഹസ്യ വിവരങ്ങളും സാക്ഷി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടതിനാൽ സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മഞ്ചേരി (മലപ്പുറം) എന്നിവിടങ്ങളിൽ എൻ.ഡി.പി.എസ് കോടതികൾ സ്ഥാപിക്കാനാണ് നിർദേശം.

വിചാരണ കോടതികളിൽ നാർക്കോട്ടിക് കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ സ്വമേധയാ എടുത്ത ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കരാർ ജീവനക്കാരെ നിയമിച്ച് ഈ കോടതികളുടെ പ്രവർത്തനം ഉടൻ തുടങ്ങാമെന്നായിരുന്നു സർക്കാറിന്‍റെ നിലപാട്. എന്നാൽ, സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ നിലപാട് കോടതി തള്ളി. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലെല്ലാം സ്ഥിരം നിയമനം വേണമെന്ന് കോടതി നിർദേശിച്ചു.

സ്ഥിരം നിയമനത്തിനുള്ള പട്ടിക ലഭ്യമല്ലാത്ത പക്ഷം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി താൽക്കാലിക നിയമനം നടത്തി സ്ഥിരം നിയമനത്തിനുള്ള നടപടി തുടങ്ങണമെന്നും കോടതി നിർദേശിച്ചു. പുതിയ കോടതികൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായ സ്കീം പ്രകാരം കേന്ദ്ര ധനവകുപ്പിന് അപേക്ഷ നൽകാനും സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു. വിഷയം ജൂൺ 24ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Tags:    
News Summary - Drug case: Five special courts should be set up within three months - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.