അഫാനും അഫ്സാനും
തിരുവനന്തപുരം: വെഞ്ഞാറമൂട് 23കാരനായ അഫാൻ കൊന്നുതള്ളിയ അഞ്ചുപേരിൽ സ്വന്തം അനുജനും പ്രായമേറെയായ മുത്തശ്ശിയും. 13 വയസ്സുള്ള അനുജൻ അഫ്സാൻ, പിതാവിന്‍റെ മാതാവ് 88കാരിയായ സൽമാ ബീവി എന്നിവരെയും അഫാന്‍റെ പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ, പെൺസുഹൃത്ത് ഫർസാന (19) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.
അഫ്സാൻ എട്ടാംക്ലാസിലാണ് പഠിക്കുന്നത്. ഇന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതാണ് അഫ്സാനെന്ന് നാട്ടുകാർ പറയുന്നു. അനിയനുമായിട്ട് ഭയങ്കര സ്നേഹത്തിലായിരുന്നു അഫാനെന്നും ഒരുമിച്ചായിരുന്നു പലപ്പോഴും പുറത്ത് പോകുന്നതൊക്കെയെന്നും അയൽക്കാർ പറയുന്നു. അഫ്സാനെപ്പോലും ഇല്ലാതാക്കാൻ അഫാനെ പ്രേരിപ്പിച്ചതെന്താണെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ വിവരമില്ല.
രണ്ടിടങ്ങളിലായി കൊല നടത്തിയ ശേഷമാണ് പ്രതി സ്വന്തം വീട്ടിലെത്തി ഉമ്മയെയും അനുജനെയും വീട്ടിലുണ്ടായിരുന്ന പെൺസുഹൃത്തിനെയും ആക്രമിച്ചത്. ചുറ്റിക പോലെയുള്ള ആയുധം കൊണ്ട് തലക്കടിച്ചാണ് കൊലപാതകങ്ങളെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടവരുടെ എല്ലാവരുടെയും തലക്കാണ് പരിക്ക്. അഫാന്‍റെ മാതാവ് ഷെമി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
എന്താണ് കൂട്ടക്കൊലക്ക് അഫാനെ പ്രേരിപ്പിച്ചതെന്ന കാര്യത്തിൽ നാട്ടുകാർക്കും കൃത്യമായ മറുപടിയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് അഫാൻ പൊലീസിനോട് പറഞ്ഞതായാണ് വിവരം. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയുള്ള കുടുംബമല്ല അഫാന്‍റേതെന്ന് നാട്ടുകാർ പറയുന്നു. കൂട്ടക്കൊലക്ക് ശേഷം എലിവിഷം കഴിച്ച അഫാനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ വിശദമായ ചോദ്യംചെയ്യലിന് സാധിച്ചിട്ടില്ല. പ്രണയബന്ധത്തിന് എതിരുനിന്നതിനെ തുടർന്നുള്ള കൊലപാതകമാണെന്നും പറയപ്പെടുന്നുണ്ട്. അഫാൻ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
അനുജനെയും മുത്തശ്ശിയെയും പെൺസുഹൃത്തിനെയും കൂടാതെ പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. എസ്.എൻ പുരത്തെ വീട്ടിലെത്തിയാണ് ഇവരെ കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.