അഫാനും അഫ്സാനും 

സോഫയിൽ രക്തംവാർന്ന് അനക്കമറ്റ് ലത്തീഫ്, അരികിൽ പാതി കുടിച്ച ചായ; ഉമ്മയെ ആക്രമിച്ചത് 10 മണിയോടെ, ഏറ്റവും ഒടുവിൽ കുഞ്ഞനുജനെ...

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് മുത്തശ്ശിയും ഇളയ സഹോദരനുമടക്കം കുടുംബത്തിലെ അഞ്ചുപേരെ യുവാവ് വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെഞ്ഞാറമൂട് പേരുമല സൽമാസിൽ പുല്ലമ്പാറ അഫാനാണ് (23) നാടിനെ നടുക്കിയ ക്രൂരത നടത്തിയത്. പൊലീസ് സംഘം ​മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് വിധേയമാക്കി. പൊലീസ് എത്തുമ്പോൾ പ്രതി അഫാന്റെ പിതൃസഹോദരൻ ലത്തീഫ് എസ്.എൽ പുരത്തെ വീട്ടിലെ ഹാളിൽ സോഫയിൽ രക്തംവാർന്ന് മരിച്ച നിലയിലായിരുന്നു. സമീപം പാതി കുടിച്ച നിലയിൽ ചായ ഗ്ലാസുമുണ്ടായിരുന്നു. ലത്തീഫിന്റെ ഭാര്യ ഷാഹിദയെ അടുക്കളയിലാണ് കൊലപ്പെടുത്തിയത്.

രാവിലെ 10 മണിമുതൽ വൈകീട്ട് നാലുമണിവരെ 6 മണിക്കൂറിനുള്ളിലാണ് പ്രതി 5 കൊലപാതകങ്ങൾ നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇതെന്നാണ് പൊലീസ് നിഗമനം. ഇന്നലെ രാവിലെ 10 മണിയോടെ ഉമ്മ ഷമീന റഹീമി(60)നെയാണ് പ്രതി അഫാൻ ആദ്യം ആക്രമിച്ചത്. ഉമ്മയോട് പണം ആവശ്യപ്പെട്ടുവെന്നും നൽകാത്തതിനാൽ ആക്രമിച്ചുവെന്നുമാണ് മൊഴി. ഇയാൾ താമസിക്കുന്ന പേരുമലയിൽനിന്ന് 20 കി.മീറ്ററിലേറെ അകലമുള്ള പാങ്ങോട്ടെ വീട്ടിലാണ് പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയത്. ഉച്ച 1.15നായിരുന്നു ഇത്. തുടർന്ന് ഇവരുടെ സ്വർണമാലയെടുത്ത് വെഞ്ഞാറമൂട് എത്തിയപ്പോൾ പിതൃസഹോദരൻ ലത്തീഫ് ഫോണിൽ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചു.

വെഞ്ഞാറമൂട് നിന്നാണ് ഇതിനായി ചുറ്റിക വാങ്ങിയത്. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടായിരുന്നു കൊലപാതകം. നാലുമണിയോടെ കാമുകി ഫർസാന (23)യെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. അവസാനം കുഞ്ഞനുജൻ ഒമ്പതാം ക്ലാസ് വിദ്യാർഥി അഹ്സാനെ (13) വീട്ടിൽ വെച്ച് കൊന്നു. പരീക്ഷ കഴിഞ്ഞു എത്തി ഉമ്മയെ അന്വേഷിച്ച അനുജനെ വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടിൽ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് ആറുമണിയോടെ സ്റ്റേഷനിൽ എത്തി കീഴടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

മൂന്നിടങ്ങളിലായി നടന്ന ക്രൂരകൃത്യത്തിന് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി വെളിപ്പെടുത്തിയതോടെയാണ് കൊലപാതക പരമ്പര സംഭവം പുറംലോകം അറിഞ്ഞത്. ഇയാൾ പറഞ്ഞതനുസരിച്ച് പൊലീസ് വീടുകളിൽ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലായി മൂന്നിടങ്ങളിലായാണ് കൊലപാതകങ്ങൾ നടന്നത്. മൂന്നിടത്തും പൊലീസ് എത്തിയപ്പോഴാണ് പരിസരവാസികൾ വിവരം അറിഞ്ഞത്.

അഫാൻ താമസിക്കുന്ന പേരുമലയിലെ വീട്ടിലാണ് സഹോദരൻ അഹ്സാന്‍റെയും ഫർസാനയുടെയും മൃതദേഹം കണ്ടെത്തിയത്. 10 കിലോമീറ്ററിലേറെ അകലെ എസ്.എൽ പുരത്തെ വീട്ടിലാണ് പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവർ കൊല്ലപ്പെട്ടത്. പേരുമലയിൽനിന്ന് 20 കി.മീറ്ററിലേറെ അകലമുള്ള പാങ്ങോട്ടെ വീട്ടിലാണ് പിതൃമാതാവ് സൽമാബീവി കൊല്ലപ്പെട്ടത്.

ക്രൂരകൃത്യത്തിന് ശേഷം എലിവിഷം കഴിച്ച് ജീവനൊടുക്കാനും ഇയാൾ ശ്രമിച്ചു. കൊലക്ക് ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടാണ് വീടുവിട്ടത്. അഫ്നാന്‍റെ പിതാവ് റഹിം സൗദി അറേബ്യയിൽ ഫർണിച്ചർ വ്യാപാരിയാണ്. അഫ്നാനും മാതാവും രണ്ടു മാസം മുമ്പാണ് പിതാവിന്‍റെ അടുത്തുപോയി തിരിച്ചുവന്നത്.

Tags:    
News Summary - Venjaramoodu Mass Murder afan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.