കോഴിക്കോട്: നഷ്ടം കുറക്കാൻ വെണ്ടർമാർ വൻ തുകയുടെ മുദ്രപത്രങ്ങൾ മാത്രം വിൽപന നടത്തുന്നതായി ആക്ഷേപം. മുദ്രപത്രങ്ങൾ ‘ഇ-സ്റ്റാമ്പി’ലേക്ക് മാറിയതോടെയാണ് ഈ പ്രവണത വർധിച്ചത്. ചെറിയ തുകക്കുള്ള മുദ്രപത്രങ്ങളോ ഇ-സ്റ്റാമ്പുകളോ ലഭിക്കാത്തതിനാൽ ഉപയോക്താക്കൾ നഷ്ടം സഹിച്ച് കിട്ടുന്ന തുകക്ക് വാങ്ങി ആവശ്യങ്ങൾ നിറവേറ്റുകയാണ്. ചെറിയ തുകയുടെ സ്റ്റാമ്പുകൾ നൽകുന്നത് വെണ്ടർമാർക്ക് നഷ്ടം വരുത്തുന്നത് കാരണമാണ് 200 രൂപക്ക് മുകളിലുള്ള സ്റ്റാമ്പുകൾ മാത്രം വിൽപന നടത്തുന്നത്.
കുറഞ്ഞ തുകയുടെ സ്റ്റാമ്പ് ചോദിച്ചാൽ ഇല്ലെന്നാണ് വെണ്ടർമാരുടെ മറുപടി. നാലു ശതമാനം കമീഷനാണ് മുദ്രപത്രം വിൽപനക്ക് റവന്യൂ വകുപ്പ് നൽകുന്നത്. 10 രൂപയുടെ സ്റ്റാമ്പ് ഡൗൺലോഡ് ചെയ്ത് നൽകാൻ കടലാസ് ചെലവ് മാത്രം ഒരു രൂപ വരും. മഷിയുടെയും ഇന്റർനെറ്റിന്റെയും ജീവനക്കാർക്കുള്ള കൂലിയും വാടകയും ഉൾെപ്പടുമ്പോൾ ചെലവ് രണ്ടു രൂപയെങ്കിലുമാകും. എന്നാൽ, ലഭിക്കുന്ന കമീഷൻ 40 പൈസയാണ്.
ഇങ്ങനെ നഷ്ടം വരുന്നതിനാലാണ് ചെറിയ തുകയുടെ സ്റ്റാമ്പിന് എത്തുന്നവർക്കും 200 രൂപയുടെ സ്റ്റാമ്പ് നൽകുന്നത്. 20 രൂപയുടെയും 50 രൂപയുടെയും 100 രൂപയുടെയും സ്റ്റാമ്പിനെത്തുന്ന ആവശ്യക്കാരെയാണ് മടക്കിയയക്കുന്നത്. 200 രൂപക്ക് എട്ടു രൂപ കമീഷൻ ലഭിക്കുമ്പോൾ രണ്ടു രൂപയോളമേ ചെലവു വരുന്നുള്ളൂ.
ആധാരങ്ങളുടെ രജിസ്ട്രേഷൻ, കരാർ തുടങ്ങിയവക്ക് വൻ തുകകളുടെ സ്റ്റാമ്പുകൾ വിൽപന നടത്തുന്നതിനാൽ നഷ്ടം ഉണ്ടാവില്ലെന്നും സേവനത്തിന്റെ ഭാഗമായി കുറഞ്ഞ തുകയുടേതും നൽകണമെന്നാണ് റവന്യൂ അധികൃതർ പറയുന്നത്.
ഇ-സ്റ്റാമ്പ് വിൽപനക്ക് 10 രൂപ സർവിസ് ചാർജ് ഈടാക്കാൻ അനുവദിക്കണമെന്ന് വെണ്ടർമാരുടെ കൂട്ടായ്മ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഉടൻ തീരുമാനമുണ്ടാകും. മുദ്രപത്രത്തിന്റെ അച്ചടിച്ചെലവ് ഒഴിവാക്കാനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുമാണ് ഇ- സ്റ്റാമ്പിങ് നടപ്പാക്കിയത്. ഇതോടെ വർഷം 60 കോടി രൂപ അച്ചടി ഇനത്തിൽ സർക്കാറിന് ലാഭമുണ്ടാകും.2017 മുതൽ ഒരു ലക്ഷത്തിനു മുകളിൽ മുദ്രപത്രം ആവശ്യമുള്ള രജിസ്ട്രേഷന് ഇ-സ്റ്റാമ്പ് ഉപയോഗിക്കുന്നുണ്ട്.
രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിങ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. വെണ്ടർമാരുടെ തൊഴിൽ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്. ഇ-സ്റ്റാമ്പിങ് വഴി വെണ്ടർമാർ മുഖേന പൊതുജനങ്ങൾക്ക് മുദ്രപത്രങ്ങൾ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും. വെണ്ടർമാർക്ക് വെബ്സൈറ്റ് ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേകം ലോഗിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.