എം.വി. ഗോവിന്ദൻ, പിണറായി വിജയൻ, കെ.കെ. രാഗേഷ്
കോഴിക്കോട്: സി.പി.എം നേതാവും മുൻ സ്പീക്കറുമായ എ.എന്‍. ഷംസീര്‍ കുറുക്കുവഴിയിലൂടെയാണ് നേതാവായതെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം ചോദ്യം ചെയ്ത് പാർട്ടി നേതാക്കൾ.
യഥാർഥത്തില്‍ ഷംസീർ ഒരു കമ്യൂണിസ്റ്റുകാരനല്ലെന്നും മുസ്‍ലിം ലീഗിന്റെ മനസ്സുള്ള ആളാണെന്നും ചുളുവില്‍ നേതാവായ ആളാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. എസ്.എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ വെള്ളാപ്പള്ളി പറഞ്ഞതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.
പ്രസ്താവന തീർത്തും അസംബന്ധമാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഇത്തരം വിലയിരുത്തലുകൾ പാർട്ടി തള്ളിക്കളയുന്നതായും പാർട്ടിയിൽ ആരും കുറുക്കുവഴികളിലൂടെ നേതാവാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രസ്താവനക്കെതിരെ രംഗത്തെത്തി. ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശൻ അല്ല. ആ നിലപാടിനോട് അതിശക്തമായ എതിർപ്പുണ്ട്. അദ്ദേഹത്തിന്റേത് തെറ്റായ നിലപാടാണ്. വെള്ളാപ്പള്ളിക്കെതിരെ നിലപാട് മാറ്റമല്ല, നിലപാട് മാറ്റം എന്ന് നിങ്ങൾക്ക് തോന്നുന്നതാണ്.
വെള്ളാപ്പള്ളിക്കെതിരെ വിമർശനം എന്റേതായ രീതിയിലാണ് പറയുന്നത്. വെള്ളാപ്പള്ളിയുടേത് വർഗീയ നിലപാടണോ എന്ന് ആലോചിച്ചു പറയാം. വർഗീയ പരാമർശം ആണെങ്കിൽ അങ്ങനെ പറയുന്നതിൽ മടിയില്ല. ഇവിടെ വർഗീയമല്ല, ലീഗിനെയാണ് പറഞ്ഞത്. ലീഗ് വർഗീയമാണോ? ലീഗിനെ വർഗീയ പട്ടികയിലാണോ പെടുത്തിയത്. ലീഗിനെ വർഗീയ പാർട്ടിയുടെ പട്ടികയിൽ പെടുത്തിയിട്ടില്ല. ചില വർഗീയ നിലപാടുകൾ ലീഗ് എടുക്കാറുണ്ട്.
ബി.ജെ.പിയുടെയും ഇ.ഡിയുടെയും കൂടെയാണ് കോൺഗ്രസ്. അവർ എല്ലാവരും ചേർന്നാണ് ഇ.ഡി നീക്കം ആസൂത്രണം ചെയ്തത്. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞങ്ങൾ ഇടപെടേണ്ടതില്ല. ബിസിനസ്, ബിസിനസ് ആയി നടക്കട്ടെ. അതിന്റെ പേരിൽ പാർട്ടി നേതാക്കൾക്ക് എതിരെ വന്നാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് പ്രതികരിച്ചു. മുസ്‌ലിം നാമധാരികളായ സി.പി.എം നേതാക്കളെ കാണുമ്പോള്‍ വെള്ളാപ്പള്ളിക്ക് കലി ഉണരുന്നു. വൃത്തികെട്ട പ്രചാരവേല സംഘടിപ്പിക്കുന്ന വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധം ഉയരണമെന്നും രാഗേഷ് ഫേസ്ബുക്കിൽ കുറിച്ചു.
പാര്‍ട്ടിയില്‍ തികച്ചും മതേതരമായ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള ഷംസീറിനെ ഇത്തരത്തില്‍ അക്രമിക്കുന്നത് നീചമാണ്. നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തല്‍ പാര്‍ട്ടി ജനാധിപത്യപരമായ രീതിയില്‍ നടത്തി പാര്‍ട്ടി ബന്ധുക്കളെയും അനുഭാവികളെയും അറിയിച്ചതാണ്. ബഹുജന പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് സി.പി.എമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് രാഗേഷ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.