കൊച്ചി: മൈക്രോഫിനാൻസ് വെട്ടിപ്പ് കേസിൽ കുറ്റാരോപിതനായ വെള്ളാപ്പള്ളി നടേശനും കൂട്ടരും എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽനിന്ന് രാജിവെക്കണമെന്ന് ശ്രീനാരായണ ധർമ പരിപാലന കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ഫണ്ട് തിരിമറി നടത്തിയ ഒരാൾക്ക് പത്മഭൂഷൺ നൽകുന്നത് ജനാധിപത്യ സർക്കാറിന് ഭൂഷണമല്ലെന്നും ഭാരവാഹികൾ പറഞ്ഞു.
കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണത്തിനുത്തരവാദി നടേശനാണെന്ന ആരോപണം നിലനിൽക്കുന്നു. എസ്.എൻ കോളജ് ജൂബിലി ഫണ്ടിൽനിന്നും നടേശൻ സ്വന്തം പേരിൽ ചെക്കെഴുതി ബാങ്കിൽനിന്നും പണം മാറിയെടുത്തുവെന്ന് കണ്ടെത്തിയിരുന്നുവെന്നും കോഓഡിനേഷൻ കമ്മിറ്റി ആരോപിച്ചു. വാർത്തസമ്മേളനത്തിൽ അഡ്വ. സി.കെ. വിദ്യാസാഗർ, അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, സൗത്ത് ഇന്ത്യൻ വിനോദ്, പി.പി. രാജൻ എന്നിവർ ആവശ്യപ്പെട്ടു.
അതിനിടെ, ഹേശന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ കത്ത് നൽകി. വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടെയും മാനസിക പീഡനത്തിന്റെയും ഭീഷണിയുടെയും ഫലമായി ജീവൻ വെടിയേണ്ടിവന്നയാളാണ് മഹേശനെന്നും ഇനിയെങ്കിലും ആ കുടുംബത്തിന് നീതി ലഭിക്കാൻ സത്യസന്ധരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
നിയമസംവിധാനത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നത്. ഒരു നിയമവും ബാധകമല്ലെന്ന മട്ടിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്. നിയമവാഴ്ച ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട ഭരണസംവിധാനം ഉണർന്നുപ്രവർത്തിക്കാൻ ഇനിയും വൈകരുത്. മഹേശനെ ആത്മഹത്യയിലേക്ക് എത്തിച്ചതിന്റെ കാരണക്കാർക്കെതിരെ നിയമനടപടിക്ക് സംസ്ഥാന ഭരണാധികാരികൾക്ക് നിരവധി പരാതികൾ നൽകിയിട്ടും ഫലപ്രദമായ ഒരു നടപടിയുമുണ്ടായില്ല. ഏറ്റവുമൊടുവിൽ 2026 ജൂൺ ആറിന് മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്ന പരിഭവവും കത്തിലുണ്ട്.
വെള്ളാപ്പള്ളി പ്രീണനവുമായി മുന്നോട്ടുപോയ പിണറായി സർക്കാറിന്റെ നിഷ്ക്രിയ സമീപനം ഈ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടന്‍വില്ലെന്ന വിശ്വാസത്തിലാണ് മഹേശന്റെ കുടുംബമെന്നും അദ്ദേഹത്തിന്റെ ഭാര്യ ഉഷാദേവിയുടെ സങ്കടഹരജി അനുബന്ധമായി ചേർത്ത കത്തിൽ സുധീരൻ പറഞ്ഞു. കേസിൽ അന്വേഷണമാവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്ക് കൈമാറുന്ന രണ്ടാമത്തെ കത്താണിത്. 2020 ജൂൺ 24നാണ് മഹേശനെ കണിച്ചുകുളങ്ങരയിലെ യൂനിയൻ ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് തൊട്ടുമുമ്പ് സോഷ്യൽ മീഡിയയിലൂടെ ആത്മഹത്യാക്കുറിപ്പ് പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.