തിരുവനന്തപുരം: കന്നി നിയമസഭ പ്രസംഗത്തിൽ സ്വതസിദ്ധമായ നർമം കലർത്തി പാലക്കാട് എം.എൽ.എ രമേശ് പിഷാരടി. മന്ത്രി ഒ.ജെ. ജനീഷിനെ സൽക്കരിച്ചതിന് പാർട്ടി നേതാവിനെ സി.പി.ഐ പുറത്താക്കിയതും പാലക്കാട് ബി.ജെ.പി വോട്ടിന് പണംനൽകിയതുമടക്കം എം.എൽ.എ ഗൗരവം വിടാതെ അവതരിപ്പിച്ചു. പിണറായിയെ പുകഴ്ത്തിയ ‘കാരണഭൂതൻ’ ഗാനത്തിന്റെ പാരഡിയും നടൻ കൂടിയായ പിഷാരടി സഭയിൽ പാടി.
‘കേരളത്തിലെ ഉത്സവപ്പറമ്പുകളിലെയും പള്ളിപ്പറമ്പുകളിലെയും പിന്നീട് ലോകമെങ്ങാടും മലയാളികളുള്ള സ്ഥലങ്ങളിലും ഓഡിറ്റോറിയങ്ങളിലൊക്കെ മൈക്കുകളിലൂടെ സംസാരിച്ച എനിക്ക് ഇന്ന് ജനങ്ങളുടെ ശബ്ദമായി ഈ നിയമസഭയിലെ മൈക്കിലൂടെ സംസാരിക്കാൻ അവസരം തന്ന പാലക്കാടുള്ള ജനങ്ങൾക്കും, ആ ജനങ്ങളുടെ ഇടയിലേക്ക് എന്നെ പറഞ്ഞുവിട്ട പാർട്ടിക്കും, നേതൃത്വത്തിനും മുന്നണിക്കും എല്ലാവർക്കും നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുകയാണ്. നന്ദി!!. പണം കൊടുത്ത് വിജയിക്കാൻ ആകില്ല എന്ന് അരിയാഹാരം കഴിക്കുന്ന പാലക്കാട്ടുകാർ തെളിയിച്ചതാണ് ഈ വിജയം.
വർഗീയത എന്ന് പറയുന്ന വാക്ക് പലപ്പോഴും മതവുമായി മാത്രം ബന്ധപ്പെട്ടു നിൽക്കുന്നതല്ല. രാഷ്ട്രീയ വർഗീയതയും ഉണ്ട്. വർഗീയത ഒരു വർഗത്തെ സംബന്ധിക്കുന്നതാണ്. മറ്റെല്ലാവരും എതിർക്കപ്പെടേണ്ടതാണെന്നും മറ്റെല്ലാം ഇല്ലായ്മ ചെയ്യപ്പെടേണ്ടതാണെന്നും മറ്റാരും ശരിയല്ലെന്നും നമ്മൾ മാത്രമാണ് ശരി എന്നും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി വിശ്വസിക്കുന്നതും വർഗീയത തന്നെയാണ്. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന് പറയുന്ന ഇവരുടെ ഒരു ക്യാപ്ഷൻ ഞാൻ ആദ്യം കണ്ടപ്പോൾ തന്നെ അയ്യോ ഇത് കൊള്ളുല്ലല്ലോ എന്ന് വിചാരിച്ചിരുന്നു.
മറ്റാരെയും ഉൾക്കൊള്ളുക എന്ന് പറയുന്നത് ഇവരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. ഞാൻ തന്നെ പാലക്കാട് ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിയിൽ എന്റെ എതിർസ്ഥാനാർത്ഥിയെ കണ്ടപ്പോൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ഒരു യുഡിഎഫുകാരനും എന്നോട് ‘നിങ്ങൾ എന്തിനാ എതിർ സ്ഥാനാർത്ഥിയെ കെട്ടിപ്പിടിച്ചത്’ എന്ന് ചോദിച്ചില്ല. തിരഞ്ഞെടുപ്പിനു ശേഷം ഞാൻ അതിന്റെ കമന്റ് ബോസ് നോക്കിയപ്പോഴാണ്, എന്തിനാടാ ഞങ്ങളുടെ സ്ഥാനാർത്ഥിയെ കെട്ടിപ്പിടിച്ചത് എന്ന് ചോദിച്ച് എന്നെ ചീത്ത വിളിച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. എന്താ ഇവർ ഇങ്ങനെ വിളിക്കുന്നത് എന്നൊക്കെ ആലോചിച്ചപ്പോഴാണ് അറിഞ്ഞത്, നമ്മുടെ പ്രിയപ്പെട്ട ജനീഷിന് ചോറ് കൊടുത്തതിന്റെ പേരിൽ ഒരാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ടായിരുന്നു എന്നുള്ളത്!
ഇപ്പോഴും ഇൻക്ലൂസീവ് ആയി ചിന്തിക്കുക എന്ന് പറയുന്നത് ഇവർക്ക് സാധിക്കുന്നില്ല. അതെന്താണെന്ന് എനിക്കറിയില്ല. ഇൻക്ലൂസീവ് ആയി ചിന്തിക്കാൻ ഇന്ത്യയെ പഠിപ്പിച്ച ഒരു പാർട്ടിയുടെ പ്രതിനിധിയായ നിൽക്കാൻ കഴിയുന്നു എന്ന് പറയുന്നത് എന്റെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.
ബജറ്റിനെ കുറിച്ച് ഉള്ള അവലോകനമാണ്. നമ്മുടെ തന്നെ പാർട്ടി അല്ലെങ്കിൽ നമ്മുടെ തന്നെ ബജറ്റ് ആണ്. അതിനെക്കുറിച്ച് ഇനിയും ഞാൻ ഒരുപാട് ഇവിടെ നിന്ന് പ്രസംഗിക്കുക എന്ന് പറയുന്നത് ഒരു നല്ല കാര്യമല്ല. വേണമെങ്കിൽ ‘ഇന്ന് ഈ ബജറ്റ് ലോകമെങ്ങും വിളങ്ങീടാൻ ധന കാര്യമന്ത്രി തന്നെ...’ എന്ന് പറയുന്ന ഒരു ഒരു പാട്ടിനൊക്കെ സ്കോപ്പ് ഉണ്ട്, പക്ഷേ നമ്മൾ അത് ചെയ്യുന്നില്ല.
തിങ്ക് ടാങ്ക്, ജെൻ സി പോലെയുള്ള മുൻപ് ബജറ്റുകളിൽ കേട്ടിട്ടില്ലാത്ത വാക്കുകൾ കേട്ട ഒരു ബഡ്ജറ്റ് ആണിത്. അതുകൊണ്ടുതന്നെ ഇത് കാലത്തിനൊപ്പം നിൽക്കുകയും കാലത്തിനു മുന്നേ സഞ്ചരിക്കുകയും ചെയ്യുന്ന ബജറ്റാണ്. ഈ ബജറ്റിനെ ഞാനും ഹൃദയപൂർവ്വം സ്വീകരിക്കുന്നു, സ്നേഹിക്കുന്നു. കടമ ചെയ്തവഴിയും അല്ലാതെയും നമുക്ക് ഈ വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദി പറയുന്നു.’ -പിഷാരടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.