കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സർക്കാറിനെയും ആരോഗ്യവകുപ്പിനെയും രൂക്ഷമായി വിമർശിച്ച വീണ ജോർജിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. 'ജനം വീട്ടിലിരുത്തിയവരോട് ആര് മറുപടി പറയാൻ, പോയി പണി നോക്കട്ടെ' എന്നാണ് മാധ്യമ പ്രവർത്തകർ വിഷയവുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോൾ മന്ത്രി മറുപടി പറഞ്ഞത്. പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിലും മരണസംഖ്യ നിയന്ത്രിക്കുന്നതിലുമുൾപ്പെട ആരോഗ്യവകുപ്പ് പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷത്തിൻറെ വാദം. ഇതിനെ പരസ്യമായി വിമർശിച്ചാണ് മുൻ ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്തെത്തിയത്.
പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല എന്ന വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയ പ്രശ്നങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയപ്പോൾ '10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലും ആണ് പ്രശ്‍നം' എന്ന് കെ. മുരളീധരൻ പറഞ്ഞതായി കണ്ടു. സോണിയാ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരനിൽ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെ. മുരളീധരൻ ഇടക്കിടെ ഓര്മിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നാണ് വീണ ജോർജ് തൻറെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
എൽഡിഎഫ് സർക്കാരിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്ക് പ്രശ്നമാകാം. കാരണം അന്ന് ഏറ്റവും കൂടുതൽ കള്ളങ്ങൾ പറഞ്ഞു അന്യായമായും നീതിരഹിതമായും ആരോഗ്യവകുപ്പിനെയും മന്ത്രിയെയും പ്രതിപക്ഷത്തു നിന്ന് ആക്രമിച്ചതിലും അധിക്ഷേപിച്ചതിലും മുന്നിൽ നിന്ന ആളുകളിൽ ഒരാളാണ് ഇന്നത്തെ ആരോഗ്യമന്ത്രി. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാങ് പോലെ പറഞ്ഞവരിലേക്ക് ശക്തമായി തിരിച്ചെത്തുന്നത് നാം കണ്ടുതുടങ്ങിയിട്ടുണ്ട് എന്നും വീണ ഓർമിപ്പിക്കുന്നു.
വകുപ്പിനെ ഏകോപനത്തോടെ നയിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാൻ ഫലപ്രദമായ ഇടപെടൽ നടത്തുകയാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടതെന്ന് പറഞ്ഞുകൊണ്ടാണ് വീണ ജോർജ് കുറിപ്പ് അവസാനിപ്പിച്ചത്. നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിലും ആരോഗ്യമന്ത്രിയുടെയും വകുപ്പിൻറെയും ഏകോപനമില്ലായ്മയെ പ്രതിപക്ഷം ശക്തമായി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.