ആലപ്പുഴ ബൈപാസ് മേൽപാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം. ബൈപാസ് മേൽപാലത്തിൽ അപകടമുണ്ടാക്കിയ ഗർഡറുകൾ ബന്ധിപ്പിക്കുന്ന വിടവ്
ആലപ്പുഴ: കുഴിയിൽ വീഴാതിരിക്കാൻ മുന്നിലെ വാഹനം ബ്രേക്കിട്ടതോടെ ബൈപാസ് മേൽപാലത്തിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. ശനിയാഴ്ച രാവിലെ 9.45ന് മാളികമുക്ക് ഭാഗത്താണ് അപകടം. മൂന്ന് കാറും ടെമ്പോ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. എറണാകുളത്തുനിന്ന് കളർകോട് ഭാഗത്തേക്ക് ഒരേ ദിശയിൽ സഞ്ചരിച്ച വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.
ബൈപാസ് മേൽപാലത്തിൽ ഗർഡറുകൾ ബന്ധിപ്പിച്ച ഭാഗത്തെ വിടവുകളിലെ കോൺക്രീറ്റ് ഇളകിമാറി കുഴിരൂപപ്പെട്ടതാണ് അപകടകാരണം. അപ്രതീക്ഷമായി മുന്നിലെ കുഴികണ്ട് ആദ്യമെത്തിയ കാർ ബ്രേക്കിട്ടതാണ് പ്രശ്നം. ഇതിന് പിന്നാലെയെത്തിയ മറ്റ് രണ്ട് കാറുകളും ടെമ്പോ വാനും ഇടിക്കുകയായിരുന്നു. അൽപനേരം ഗതാഗത തടസ്സവുമുണ്ടായി. സൗത്ത് പൊലീസും സ്ഥലത്തെത്തി. മറ്റ് വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ പൊലീസ് മുന്നറിയിപ്പ് നൽകുന്ന ട്രാഫിക് അടയാളവും സ്ഥാപിച്ചാണ് പിന്നീട് വാഹനങ്ങൾ കടത്തിവിട്ടത്.
ബൈപാസ് മേൽപാലത്തിന്റെ ഗർഡറുകൾ ബന്ധിപ്പിച്ച ഭാഗത്തെ വിടവുകളിലെ കോൺക്രീറ്റാണ് ഇളകിമാറിയത് അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് കാരണം. ഇതിനുമുമ്പും സമാനരീതിയിൽ കുഴി ഒഴിവാക്കാൻ വാഹനം നിർത്തിയപ്പോൾ പിന്നാലെ വാഹനങ്ങൾ ഇടിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് പാത. നിർമാണകരാർ കമ്പനിയുമായി ബന്ധപ്പെട്ട് വൈകീട്ട് പ്രശ്നം പരിഹരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.