ഓണത്തോടനുബന്ധിച്ച് പാളയം പച്ചക്കറി മാർക്കറ്റിലെ തിരക്ക്
കോഴിക്കോട്: ഓണ വിപണിയിൽ പച്ചക്കറിക്ക് വൻ വിലക്കയറ്റം. സദ്യക്ക് എട്ടുകൂട്ടം കറികളെങ്കിലും വേണമെന്ന് കരുതി പച്ചക്കറി മാർക്കറ്റിലെത്തുന്നവർ വില കേട്ട് ഞെട്ടുന്ന അവസ്ഥയാണ്. ബുധനാഴ്ച മാത്രം പയർ വില ഇരട്ടിയിലധികം വർധിച്ചു. ബുധനാഴ്ച പാളയം മാർക്കറ്റിൽ 130 രൂപയാണ് പയർ വില. ചൊവ്വാഴ്ച ഇത് 65 രൂപയായിരുന്നു. ചില്ലറ വിപണിയിൽ ബുധനാഴ്ച 150 രൂപക്കാണ് പയർ വിൽക്കുന്നത്. ഇത്രയും വില ആളുകളോട് പറയാൻപോലും കഴിയാത്ത അവസ്ഥയിലാണ് ചില്ലറ വ്യാപാരികൾ.
കാരറ്റിന് പാളയം മാർക്കറ്റിൽ 65 രൂപയാണെങ്കിലും ചില്ലറ വിപണിയിൽ 90 വരെയാണ് വില. ഭൂരിഭാഗം പച്ചക്കറി ഇനങ്ങൾക്കും നാലു ദിവസത്തിനിടെ ശരാശരി 10 രൂപയെങ്കിലും വർധിച്ചിട്ടുണ്ട്. വിവ വർധന ചില്ലറ വ്യാപാരികളെയും പ്രതികൂലമായി ബാധിച്ചു. വിലക്കയറ്റം കാരണം സ്റ്റോക്ക് വെച്ച സാധനങ്ങൾ വിറ്റഴിയാതെ നശിച്ചുപോവുകയാണെന്നും വ്യാപാരികൾ പറഞ്ഞു.
ഇടക്കാലത്ത് താഴ്ന്ന തേങ്ങ വിലയും വീണ്ടും വർധിച്ചു. തേങ്ങ കിലോക്ക് 68 രൂപ വരെയാണ് കർഷകർക്ക് മാർക്കറ്റിൽ വില ലഭിക്കുക. എന്നാൽ, വീട്ടാവശ്യങ്ങൾക്ക് മാർക്കറ്റിൽനിന്ന് വാങ്ങുമ്പോൾ കിലോക്ക് 75 നൽകണം. വെള്ളിച്ചെണ്ണ വില 350 മുതൽ 405 വരെയാണ്.
കഴിഞ്ഞ വർഷത്തിൽനിന്ന് വ്യത്യസ്തമായി പരിപ്പ്, പയർ തുടങ്ങിയ ധാന്യ ഇനങ്ങൾക്ക് ഇത്തവണ വില കൂടാത്തത് ആശ്വാസമായി. റേഷൻ കടകളിൽ സ്പെഷൽ അരിയും മേളകളിൽ സബ്സിഡി ഇനത്തിൽ അരിയും ലഭ്യമായതിനാൽ അരി വില കൂടിയിട്ടില്ലെന്നതും ആശ്വാസമായി. ഓണം സീസണിൽ പച്ചക്കറിക്ക് ആവശ്യക്കാർ ഏറെയുള്ളതുതന്നെയാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.