നവജാത ശിശു പ്രത്യേക പരിചരണത്തിന് നിയോനറ്റോളജി വിഭാഗം ആരംഭിച്ചുവെന്ന് വീണ ജോർജ്

തിരുവനന്തപുരം: തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നവജാത ശിശുക്കളുടെ അതിതീവ്ര പരിചരണത്തിന് പ്രത്യേക വിഭാഗം ആരംഭിച്ചതായി മന്ത്രി വീണ ജോര്‍ജ്. 50 കിടക്കകളുള്ള അത്യാധുനിക തീവ്ര പരിചരണ വിഭാഗം കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവും നടത്തിയാണ് നിയോനറ്റോളജി വിഭാഗം സാക്ഷാത്ക്കരിച്ചത്.

നവജാത ശിശുരോഗ വിഭാഗം ഡി.എം കോഴ്‌സ് ആരംഭിക്കുന്നതിന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അനുമതി ലഭ്യമാക്കാനുള്ള പരിശ്രമങ്ങളും നടത്തുന്നതാണ്. നിയോനറ്റോളജി വിഭാഗം ആരംഭിച്ചതോടെ ഈ മേഖലയിലെ നവജാതശിശു പരിചരണത്തില്‍ വലിയ മാറ്റമാണ് ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ഞ് ജനിച്ചതു മുതല്‍ 28 ദിവസം വരെയുള്ള നവജാത ശിശുക്കളുടെ മികച്ച പ്രത്യേക തീവ്ര പരിചരണം നിയോനറ്റോളജി വിഭാഗം വന്നതോടെ സാധ്യമാകും.

മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍, തൂക്കക്കുറവുള്ള നവജാത ശിശുക്കള്‍, സര്‍ജറി ആവശ്യമായ നവജാത ശിശുക്കള്‍ എന്നിവരുടെ തീവ്ര പരിചരണം ഇതിലൂടെ സാധ്യമാണ്. കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള പ്രത്യേക ഐ.സി.യു, ഇന്‍ക്യുബേറ്റര്‍, വെന്റിലേറ്റര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ വിഭാഗത്തില്‍ സജ്ജമാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിയോനാറ്റോളജി വിഭാഗം നിലവിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടുത്തിടെ നിയോനറ്റോളജി വിഭാഗം ആരംഭിച്ചിരുന്നു. അത് കൂടാതെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലും നിയോനറ്റോളജി വിഭാഗം ആരംഭിക്കുന്നത്. പ്രധാന മെഡിക്കല്‍ കോളജുകളില്‍ തസ്തിക സൃഷ്ടിച്ച് നിയോനാറ്റോളജി വിഭാഗം ആരംഭിക്കുന്നുതാണ്.

സ്വകാര്യ ആശുപത്രികളില്‍ പ്രതിദിനം 30,000 മുതല്‍ 40,000 രൂപവരെ ചെലവ് വരുന്നതാണ് നവജാതശിശുക്കളുടെ അതിതീവ്ര പരിചരണം. സമീപ ജില്ലകളായ എറണാകുളം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള കുഞ്ഞുങ്ങളെ പോലും അതിതീവ്ര പരിചരണത്തിനായി ഇവിടെയാണ് എത്തിക്കുന്നത്. ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ തീവ്ര പരിചരണത്തിനും പുറത്ത് നിന്നും കൊണ്ടുവരുന്ന കുഞ്ഞുങ്ങളുടെ തീവ്ര പരിചരണത്തിനും പ്രത്യേകം ന്യൂ ബോണ്‍ കെയര്‍ യൂനിറ്റുകളുണ്ട്.

Tags:    
News Summary - Veena George started the Department of Neonatology in Thrissur Medical College in special care of newborns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.