‘ജൂൺ അഞ്ചിലേത് എ.ഐ കാമറ മറക്കൽ സമരമല്ല, ധർണയെന്ന്’; സുധാകരന്‍റെ തിരുത്തി സതീശന്‍

തൃശൂർ: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് ഡോക്ടറേറ്റ് നൽകുന്ന സർവകലാശാലയുടെ വൈസ് ചാൻസലർ ആണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണ്. അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം പരിഹാസ്യമെന്നും സതീശന്‍ പറഞ്ഞു.

ആരോപണങ്ങൾക്ക് മറുപടി പറയാതെ മൗനത്തിൽ ഒളിക്കുന്ന മുഖ്യമന്ത്രി, വില്ലേജ് ഓഫിസിലെ കൈക്കൂലിയെക്കുറിച്ച് പറയുന്നത് വിചിത്രമാണ്. അഴിമതി കാമറക്കും കെ.ഫോൺ അഴിമതിക്കും കൃത്യമായ തെളിവുകൾ കൊണ്ടുവന്നിട്ടും ഇതുവരെ മറുപടി പറയാതെ ഓടിയൊളിക്കുകയാണ് ഭീരുവായ മുഖ്യമന്ത്രി. കാമറ അഴിമതിയെക്കുറിച്ച് മറുപടി പറഞ്ഞാൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാകും.

ജൂൺ അഞ്ചിലെ എ.ഐ കാമറ സമരം സമാധാനപരമായിരിക്കും. കാമറ മറച്ചുള്ള സമരമില്ല. മറിച്ച് കാമറകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ സായാഹ്ന ധർണയാണ് നടത്തുക. കാമറ മറച്ച് സമരം നടത്തുമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വ്യാഴാഴ്ച യൂത്ത് കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ തൃശൂരിൽ പറഞ്ഞത്. ഇതാണ് സതീശൻ തിരുത്തിയത്.

കാമറകൾ കേടുവരുത്തുകയോ പ്രവർത്തനം തടയുകയോ ചെയ്യില്ല. കോഴിക്കോട്ടെ വ്യാപാരിയുടെ കൊലപാതകമുൾപ്പെടെ വ്യക്തമാകുന്നത് കേരളത്തിലെ അരക്ഷിതാവസ്ഥയാണ്. ഒറ്റപ്പെട്ട സംഭവങ്ങളല്ല കേരളത്തിൽ നടക്കുന്നത്. പൊലീസിനെ നിയന്ത്രിക്കുന്നത് പാർട്ടിയാണ്. കേരളത്തിലെ പൊലീസിനെ ഇപ്പോൾ ആർക്കും വിശ്വാസമില്ലെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan's correction to K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.