ശബരിമലയിലെ മോഷണത്തിൽ പ്രതി സി.പി.എം, കോടതി ഇട​പെട്ടില്ലായിരുന്നുവെങ്കിൽ തങ്കവിഗ്രഹവും മോഷ്ടിച്ചേനെ; ഷാഫിക്കെതിരെ ആക്രമണം ശ്രദ്ധ തിരിക്കാനെന്നും വി.ഡി സതീശൻ

തിരുവനന്തപുരം: ശബരിമലയിൽ കള്ളന്റെ സ്ഥാനത്ത് സി.പി.എമ്മെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പദ്മകുമാർ സി.പി.എമ്മിന്റെ മുൻ എം.എൽ.എയാണ്. അംഗങ്ങൾ എല്ലാവർക്കും സി.പി.എമ്മുമായി ബന്ധമുണ്ട്. ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നതിലും ദ്വാരപാലക ശിൽപം കോടീശ്വരന് വിറ്റതിലും രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന് ഇത് അറിയാം. എങ്ങിനെയാണ് ദേവസ്വം മന്ത്രി അറിയാതെ പോകുന്നത്. എത്ര ദിവസം കഴിഞ്ഞാണ് ഇത് തിരിച്ചുകൊണ്ടുവന്നത്. ഇവിടെ നിന്ന് ചെ​ന്നൈയിൽ എത്തിക്കാൻ ഒരുമാസവും ഒമ്പത് ദിവസവും എടുത്തുവെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ദേവസ്വം ബോർഡ് ​നിലവിൽ കേസിൽ പ്രതിയായി. അത് സി.പി.എം പ്രതിയായതിന് തുല്യമാണ്. മന്ത്രിയെ കൂടി ഉൾപ്പെടുത്തി വിശദമായ അന്വേഷണം നടത്തിയാലാണ് കുറേ കൂടി ആളുകൾ ഇതിനകത്തേക്ക് വരികയുളളൂയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

​വിഷയം ആരെയും അറിയിക്കാതെ മൂടിവെക്കാനായിരുന്നു ശ്രമം. കോടതി പറഞ്ഞതുകൊണ്ടാണ് പുറത്തുവന്നത്. 2025ൽ തിരുവാഭരണം കമീഷണർ മ​ദ്രാസിലെ കമ്പനിക്ക് ഉരുപ്പടികൾ കൈമാറരുതെന്നും ഇവിടെ വെച്ചുതന്നെ അറ്റകുറ്റപ്പണി നടത്ത​ണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, ആ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം​ ബോർഡ് വിളിച്ചുവരുത്തിയത്. ഒക്ടോബർ ആറിലെ കോടതിവിധിയിൽ ഇത് കൃത്യമായി പറയുന്നുണ്ട്. ഇപ്പോൾ നിഷ്കളങ്കനായി ഭാവിക്കുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് തിരുവാഭരണം കമീണറു​ടെ ഉത്തരവ് മറികടന്ന് ​എന്തുകൊണ്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വിളിച്ചുവരുത്തിയത്. വിവരങ്ങൾ എല്ലാം അറിഞ്ഞിട്ടും കള്ളനെ താക്കോൽ ഏൽപ്പിക്കുന്നത് പോലുള്ള നടപടിക്ക് എന്തുകൊണ്ടാണ് മുതിർന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.

ഇതുകൊണ്ടാണ് മന്ത്രി വാസവൻ രാജിവെക്കണമെന്നും ഇപ്പോഴുള്ള ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും പറയുന്നത്. ഇവരെല്ലാം ഉത്തരവാദികളാണ്. അന്ന് കട്ടത് ആ​രും അറിഞ്ഞില്ല, ഇന്ന് എല്ലാവരുമറിഞ്ഞു. നിലവിലെയും മുമ്പത്തെയും ബോർഡുകളെ കുറിച്ച് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിവരയിടുന്നതാണ് ദേവസ്വം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. കോടതി വിധിയിൽ ശിൽപങ്ങൾ ഉയർന്ന തുകക്ക് ഒരാൾക്ക് വിറ്റതായി പറയുന്നുണ്ട്. എന്നിട്ട് വ്യാജ ചെമ്പ് ശിൽപമുണ്ടാക്കി ചെന്നെയിലേക്ക് കൊടുത്തയക്കുകയായിരുന്നു. വലിയ കളവാണ് നടന്നത്. ഹൈകോടതി പുറത്തുകൊണ്ടുവന്നില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹമടക്കം നഷ്ടപ്പെടുമായിരുന്നു. വാതിൽ പോയി, കട്ടിലപ്പടി പോയി, ദ്വാരപാലക ശിൽപം പോയി, ഇനി തങ്കവിഗ്രഹം മാത്രമാണ് അവിടെയുള്ളത്. കോടതി ഇടപെടലില്ലായിരുന്നുവെങ്കിൽ അതും പോയേനെ

വ്യാജ അച്ച് ഉണ്ടാക്കാനായി കൊണ്ടുപോയതുകൊണ്ടാണ് വിഗ്രഹം ചെന്നൈയിൽ എത്തിക്കാൻ വൈകിയത്. അഞ്ചുകിലോ സ്വർണത്തിന്റെ വിലയല്ല, കോടീശ്വരനായ ആരെയോ പറ്റിച്ച് വൻതുകക്കായിരുന്നു ഇട​പാടെന്നാണ് വിവരമെന്നും വി.ഡി സതീശൻ പറഞ്ഞു.

ഷാഫിക്കെതിരെ നടന്നത് ആസൂത്രിത നീക്കം

പൊലീസ് ഷാഫി പറമ്പിലിനെ ലക്ഷ്യമാക്കി മർദിച്ചിട്ടുണ്ട്. അതി​ൽ ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്. അത് പുറത്തുകൊണ്ടുവരണം. ഒരുപ്രകോപനവുമില്ലാതെ ഒരു എം.പിയെ ആണ് മർദിച്ചത്. മൂക്കി​ന്റെ എല്ലൊടിഞ്ഞ് ശസ്ത്രക്രിയ നടത്തി. ലാത്തിചാർജ്ജിന് നിർദേശം നൽകിയില്ലെന്നും വിസിലടിച്ചില്ലെന്നും എസ്.പി തന്നെ പറയുന്നു. ഇതൊന്നുമില്ലാതെയാണ് പൊലീസ് അടിച്ചത്. വിഷയം മാറ്റാനായിരിക്കാം ശ്രമം. ശബരിമലയിൽ കള്ളന്റെ സ്ഥാനത്ത് സി.പി.എമ്മാണെന്നും സതീശൻ പറഞ്ഞു. 

Tags:    
News Summary - vd satheesan says cpim is the culprits in sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.