പാലക്കാട് നീലപ്പെട്ടിയുമായി വന്നവര്‍ നിലമ്പൂരില്‍ പന്നിക്കെണിയുമായി ഇറങ്ങിയിരിക്കുകയാണ്; വി.ഡി. സതീശൻ

കൊച്ചി: നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് കുട്ടി മരിക്കാനിടയായ സംഭവത്തിൽ വനംമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒന്നും ചെയ്യാതെ നിഷ്‌ക്രിയനായിരുന്ന് വനാതിര്‍ത്തികളിലെ ജനങ്ങളെ വന്യമൃഗങ്ങള്‍ക്ക് വിട്ടുകൊടുത്ത മന്ത്രിയാണ് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഗൂഢാലോചനാക്കുറ്റം ആരോപിച്ചത്. പാലക്കാട് നീലപ്പെട്ടിയുമായാണ് വന്നതെങ്കില്‍ നിലമ്പൂരില്‍ പന്നിക്കെണിയുമായി ഇറങ്ങിയിരിക്കുകയാണ് എൽ.ഡി.എഫ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

യു.ഡി.എഫുകാരനാണ് കെണി വെച്ചതെന്നത് മന്ത്രിക്ക് എവിടെ നിന്ന് കിട്ടി. പാലക്കാട് നീലപ്പെട്ടിയില്‍ കുഴപ്പണമാണെന്ന് പറഞ്ഞതു പോലെ കുട്ടിയെ കൊല്ലാനുള്ള കെണിയൊരുക്കിയത് യു.ഡി.എഫ് എന്നാണോ പറയുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു. നിഷ്‌ക്രിയത്വം മറച്ചുവയ്ക്കാനുള്ള മന്ത്രിയുടെ ആരോപണമാണിത്. വനംവകുപ്പിന് ബന്ധമില്ലെങ്കില്‍ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അനവസരത്തില്‍ സംസാരിച്ചത്. എത്ര പേരെയാണ് കടുവ കടിച്ചു കൊന്നതും ആന ചവിട്ടിക്കൊന്നതും. വനം വകുപ്പിന് പങ്കില്ലെങ്കില്‍ മന്ത്രി എന്തിനാണ് ആരോപണം ഉന്നയിക്കുന്നത്. പ്രതി കോണ്‍ഗ്രാസാണെങ്കില്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. യു.ഡി.എഫ് ഗൂഢാലോചന നടത്തി കുഞ്ഞിനെ കൊന്നെന്നാണോ പറയുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മത്സരിച്ച് ജയിക്കണം. അല്ലെങ്കില്‍ പാലക്കാട് സംഭവിച്ചതു തന്നെ ഇവിടെയും സംഭവിക്കുമെന്നും പ്രതിപക്ഷ നേതാവ് ഓർമപ്പെടുത്തി.

എത്ര ഹീനമായ തരത്തിലാണ് മന്ത്രി സംസാരിച്ചത്. ഒരു നിമിഷം പോലും മന്ത്രിക്ക് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ല. മന്ത്രിയുടെ ആരോപണത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കുടപിടിച്ചു കൊടുക്കുകയാണ്. കുഞ്ഞിന്റെ മരണം സംബന്ധിച്ച് എല്ലാവരും വിഷമിക്കുമ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി ഇത്രയും ഹീനമായ ആരോപണം ഉന്നയിച്ചത്? കുഞ്ഞിന്റെ മരണത്തെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടി നടത്തിയ ഹീനമായ ആരോപണം പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags:    
News Summary - VD Satheesan reacts to Nilambur incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.