കൊച്ചി: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് പരോൾ നൽകാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ കൊടിയ ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് ശക്തമായി പ്രതിഷേധിക്കുമെന്ന് അറിയിച്ചു.
പ്രതികള്‍ ജയിലില്‍ പോയിട്ട് ഒന്നര മാസമായില്ല. ടി.പി കേസിലെ പ്രതികള്‍ക്ക് 1071 ദിവസമാണ് പരോള്‍ നല്‍കിയത്. ജയിലില്‍ കിടക്കുമ്പോള്‍ വി.വി.ഐ.പി പരിഗണനയാണ്. പ്രതികളെ പേടിച്ചാണ് സി.പി.എം നേതാക്കള്‍ നടക്കുന്നത്. ഗൂഢാലോചന കേസില്‍ അകത്തു പോകുമോയെന്ന ഭയം നേതാക്കള്‍ക്കുണ്ട്. അതിനു വേണ്ടിയാണ് പ്രതികള്‍ക്ക് എല്ലാ സഹായവും നല്‍കുന്നത്.
രണ്ട് ചെറുപ്പക്കാരെ കൊലപ്പെടുത്തിയവരെ ജയിലിന് മുന്നില്‍ അഭിവാദ്യം ചെയ്ത സി.പി.എം അന്തര്‍ദേശീയ തീവ്രവാദ സംഘടനകളെക്കാള്‍ മോശമായി മാറിയിരിക്കുകയാണ്. പ്രതികള്‍ക്ക് ജയിലിന് മുന്നില്‍ ഇങ്കുലാബ് വിളിക്കുന്ന വൃത്തികെട്ട പാര്‍ട്ടിയായി സി.പി.എം മാറി. ടി.പി. ശ്രീനിവാസന്‍റെ മുഖത്തടിച്ച് വീഴ്ത്തിയതിനെ ന്യായീകരിച്ച വിദ്യാർഥി നേതാവിന് കുടപിടിച്ചു കൊടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എം.
സിദ്ധാർഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടി കൂട്ടുനിന്നതു കൊണ്ടാണ് കോട്ടയത്ത് കേരളത്തെ ലജ്ജിപ്പിക്കുന്ന റാഗിങ് ഉണ്ടായത്. പത്തനംതിട്ടയില്‍ എസ്.എഫ്.ഐക്കാരനെ കൊല്ലാന്‍ ശ്രമിച്ച കാപ്പ കേസ് പ്രതിയെ ആരോഗ്യമന്ത്രി മാലയിട്ടാണ് സി.പി.എമ്മിലേക്ക് സ്വീകരിച്ചത്. അതേ ക്രിമിനലിനെ കഴിഞ്ഞ ആഴ്ച കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയെന്നും വി.ഡി. സതീശൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.