ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതൃത്വത്തിന്‍റെ പങ്ക് വ്യക്തം; ദേവസ്വം മന്ത്രിമാരെ പ്രതിയാക്കണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമീഷണറുമായിരുന്ന എന്‍. വാസു അറസ്റ്റിലായതോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതൃത്വത്തിനും പങ്കുണ്ടെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്‍. വാസു മാത്രമല്ല, മുന്‍ ദേവസ്വം മന്ത്രിയും നിലവിലെ ദേവസ്വം മന്ത്രിയും പ്രതികളാകേണ്ടവരാണെന്നും സതീശൻ പറഞ്ഞു.

ഇക്കാലത്തെ ദേവസ്വം ബോര്‍ഡുകളും പ്രതിപ്പട്ടികയില്‍ വരും. അതുകൊണ്ടാണ് സ്വര്‍ണക്കൊള്ളയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവെക്കണമെന്നും പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡിനെ ചവിട്ടി പുറത്താക്കണമെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണെന്നും സതീശൻ വ്യക്തമാക്കി.

സി.പി.എം നേതൃത്വവുമായും സര്‍ക്കാറിലെ ഉന്നതരുമായും അടുത്ത ബന്ധമുള്ള ആളാണ് വാസു. ചില ഘട്ടങ്ങളില്‍ ബോര്‍ഡിനേക്കാള്‍ വലിയ അധികാര കേന്ദ്രമായിരുന്ന വാസുവിന്റെ പിന്‍ബലം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുമായുള്ള അടുത്ത ബന്ധമായിരുന്നു. വാസു നടത്തിയ കൊള്ളയുടെ തുടര്‍ച്ചാണ് വാസുവിന് ശേഷം വന്ന ദേവസ്വം ബോര്‍ഡും ചെയ്തു കൊണ്ടിരുന്നത്.

വാസു അറസ്റ്റിലായതോടെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എന്‍. വാസവനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യണം. എ. പദ്മകുമാറിന്റെയും പി.എസ്. പ്രശാന്തിന്റെയും നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡുകളെയും ചോദ്യം ചെയ്യലിന് വിധേയമാക്കണം.

ഹൈകോടതിക്ക് സംശയം തോന്നിയതു കൊണ്ടു മാത്രമാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തറിഞ്ഞതും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതും. കൊള്ളക്ക് കൂട്ടുനില്‍ക്കുകയും ലാഭവിഹിതം കൈപ്പറ്റുകയും ചെയ്ത മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Tags:    
News Summary - VD Satheesan react to N Vasu Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.