‘വി.ഡി. സതീശൻ ബി.ജെ.പിയുടെ ഇഷ്ടങ്ങൾ നിർവഹിച്ചുകൊടുക്കുന്ന മുഖ്യമന്ത്രി’; വിമർശനവുമായി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽനിന്നു എൽ.ഡി.എഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും പദ്ധതിയുടെ ഭാഗമായ പണം സർക്കാർ കൈപ്പറ്റി എന്നുമുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ആരോപണങ്ങൾ സത്യവിരുദ്ധമാണെന്ന് മുൻധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുകയാണ് മുഖ്യമന്ത്രി. വഹിക്കുന്ന സ്ഥാനത്തിന്റെ പ്രാധാന്യം പോലും മാനിക്കാതെയുള്ള അഭിപ്രായങ്ങളാണ് അദ്ദേഹത്തിന്റേതെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.

പദ്ധതിയില്‍ ഇടതു സര്‍ക്കാര്‍ ഒപ്പുവച്ച സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ കേരളം അതില്‍ പങ്കാളിയാണെന്നും കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 92 കോടി രൂപയിലധികം വാങ്ങിയിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘2025 ഒക്ടോബർ 23ന് പി.എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ എൽ.ഡി.എഫ് സർക്കാർ ഒപ്പുവെച്ചിരുന്നു. സമഗ്ര ശിക്ഷാ പദ്ധതിയുടേതുൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ വിവിധ ഗ്രാന്റുകൾ പി.എം ശ്രീ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രസർക്കാർ തടഞ്ഞുവച്ച പശ്ചാത്തലത്തിലായിരുന്നു അത്. പാഠ്യപദ്ധതിയിലോ പാഠപുസ്തകങ്ങളിലൊ യാതൊരു പരിഷ്കാരങ്ങളും നടത്താൻ പാടില്ല എന്ന വ്യവസ്ഥയോടെയാണ് ഒപ്പിട്ടിരുന്നതെങ്കിലും തുടർന്ന് എൽ.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി ധാരണാപത്രത്തിൽ നിന്ന് പിന്മാറാനുള്ള കത്ത് നവംബർ 12ന് നൽകുകയും ചെയ്തു. തുടർന്ന് പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു നടപടിയും സംസ്ഥാനത്തുണ്ടായിട്ടില്ല. ധാരണപത്രം മരവിക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ആണുണ്ടായത്’ -ബാലഗോപാൽ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ബി.ജെ.പിയുടെ ഇംഗിതങ്ങൾ കേരളത്തിൽ നടപ്പാക്കുന്ന ഒരു സർക്കാറിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫിന് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണ നൽകിയത്. യു.ഡി.എഫിന് നൂറിലധികം സീറ്റും ബി.ജെ.പിക്ക് മൂന്ന് സീറ്റും എന്ന ധാരണ അവർ വിജയകരമായി നടപ്പാക്കി. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സർവകലാശാലകളിൽ ബിജെപിക്കാരായ വൈസ് ചാൻസലർമാരും സെനറ്റ് അംഗങ്ങളും നിയമിക്കപ്പെട്ടു. ആർ.എസ്.എസ് മേധാവിയുടെ പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കാളികളായി. ബി.ജെ.പിയുടെ ഇഷ്ടങ്ങൾ നിർവഹിച്ചു കൊടുക്കുന്ന അവരുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായി വി.ഡി. സതീശൻ മാറുകയാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരമായ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങള്‍ തയാറാക്കാന്‍ വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍ കണ്‍വീനറായും മന്ത്രിമാരായ റോജി എം. ജോണ്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവര്‍ അംഗങ്ങളായും മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.

കെ.എൻ. ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റ്

പി. എം. ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ ഭാഗമായ പണം സർക്കാർ കൈപ്പറ്റി എന്നുമുള്ള മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ സത്യവിരുദ്ധമാണ് .

2025 ഒക്ടോബർ 23ന് പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ എൽഡിഎഫ് സർക്കാർ ഒപ്പു വച്ചിരുന്നു. സമഗ്ര ശിക്ഷാ പദ്ധതിയുടേതുൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ വിവിധ ഗ്രാന്റുകൾ പി എം ശ്രീ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രസർക്കാർ തടഞ്ഞുവച്ച പശ്ചാത്തലത്തിലായിരുന്നു അത്. പാഠ്യപദ്ധതിയിലോ പാഠപുസ്തകങ്ങളിലൊ യാതൊരു പരിഷ്കാരങ്ങളും നടത്താൻ പാടില്ല എന്ന വ്യവസ്ഥയോടെയാണ് ഒപ്പിട്ടിരുന്നതെങ്കിലും തുടർന്ന് എൽഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി ധാരണാപത്രത്തിൽ നിന്ന് പിന്മാറാനുള്ള കത്ത് നവംബർ 12 ന് നൽകുകയും ചെയ്തു.

തുടർന്ന് പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു നടപടിയും സംസ്ഥാനത്തുണ്ടായിട്ടില്ല. ധാരണപത്രം മരവിക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ആണുണ്ടായത്.

എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുകയാണ് മുഖ്യമന്ത്രി. വഹിക്കുന്ന സ്ഥാനത്തിന്റെ പ്രാധാന്യം പോലും മാനിക്കാതെയുള്ള അഭിപ്രായങ്ങളാണ് അദ്ദേഹത്തിന്റേത്.

ഞങ്ങൾ കുറച്ചു നാളുകളായി കേരളത്തിൽ തെരഞ്ഞെടുപ്പിന് മുമ്പ് രൂപപ്പെട്ട ബിജെപി - യുഡിഎഫ് ഡീൽ സംബന്ധിച്ച് പറയുന്നുണ്ട്. ബിജെപിയുടെ ഇംഗിതങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന ഒരു സർക്കാറിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് അകമഴിഞ്ഞ പിന്തുണ ബിജെപി തിരഞ്ഞെടുപ്പിൽ നൽകിയത്. യുഡിഎഫിന് നൂറിലധികം സീറ്റും ബിജെപിക്ക് മൂന്ന് സീറ്റും എന്ന ധാരണ അവർ വിജയകരമായി നടപ്പിലാക്കി. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സർവകലാശാലകളിൽ ബിജെപിക്കാരായ വൈസ് ചാൻസലർമാരും സെനറ്റ് അംഗങ്ങളും നിയമിക്കപ്പെട്ടു. ആർഎസ്എസ് മേധാവിയുടെ പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കാളികളായി.

മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനങ്ങളിൽ പോലും ആർഎസ്എസുകാർ കടന്നുകയറിയെന്ന് കോൺഗ്രസുകാർ തന്നെ പരാതി പറയുന്നു. പേഴ്സണൽ സ്റ്റാഫ്, ഗവൺമെന്റ് പ്ലീഡർ തുടങ്ങി വിവിധ തസ്തികകളിൽ ആർഎസ്എസിന്റെ നോമിനികൾ നിയമിക്കപ്പെടുന്നു.

തെരഞ്ഞെടുപ്പിൽ ജയിക്കാതെ തന്നെ ബിജെപിക്ക് കേരളം ഭരിക്കാൻ കഴിയും എന്ന് അവരുടെ ചില നേതാക്കൾ പറഞ്ഞത് യാഥാർത്ഥ്യമാവുകയാണ്. ബിജെപിയുടെ ഇഷ്ടങ്ങൾ നിർവഹിച്ചു കൊടുക്കുന്ന അവരുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായി വി. ഡി.സതീശൻ മാറുന്നു.

Tags:    
News Summary - ‘V.D. Satheesan is the Chief Minister who fulfills the wishes of the BJP’ -K.N. Balagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.