കോട്ടയം: കോൺഗ്രസിന്‍റെ മുഖ്യമന്ത്രിയെ ഹൈകമാൻഡ് തീരുമാനിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി.ഡി. സതീശൻ നല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി, യു.ഡി.എഫിന്റെ വിജയശിൽപി കെ.സി. വേണുഗോപാലാണെന്നും വ്യക്തമാക്കി.
വേണുഗോപാൽ അതികായനാണ്. ഭൂരിപക്ഷം എം.എൽ.എമാരുടെയും എം.പിമാരുടെയും പിന്തുണ കെ.സിക്കാണ്. രമേശ് ചന്നിത്തല പ്രവർത്തന പരിചയവും ഒരു വിവാദവും ഉണ്ടാകാത്ത നേതാവാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ കനത്ത തോൽവിക്ക് താനും ഒരു കാരണമായെന്ന് ആരോപിക്കുന്നത് പിണറായി വിരുദ്ധരും സമുദായ വിരുദ്ധരുമാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
‘കെ.സി. വേണുഗോപാൽ കോൺഗ്രസിലെ മൂന്നാം സ്ഥാനക്കാരനാണ്. രാജ്യത്തുതന്നെ സ്വാധീനമുള്ളയാളാണ്. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ ഒരുപാട് എം.എൽ.എമാരെ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലിൽ ഒരുപാട് പ്രശ്‌നങ്ങൾ തീർത്തിട്ടുണ്ട്. നയവും നയചാതുര്യവും നേതൃഗുണവും ഉണ്ട്. അദ്ദേഹത്തിന് ഡൽഹിയിൽ ഇരുന്നാലും കേരളം ഭരിക്കാൻ സാധിക്കും. അദ്ദേഹം ഇങ്ങോട്ടേക്ക് വരുമോ എന്നത് സംശയമാണ്. കൊച്ചുകേരളത്തിൽ കറുക പുല്ല് മാത്രമാണ് ഉള്ളത്. ഇന്ത്യയിൽ ഒരുപാട് കരിമ്പിൻ തോട്ടങ്ങൾ ഉള്ളപ്പോൾ ഈ കറുകപുല്ല് തിന്നാൻ വരുമെന്ന് എനിക്ക് തോന്നുന്നില്ല. എം.എൽ.എമാരിലും എം.പിമാരിലും മഹാഭൂരിപക്ഷവും വേണുഗോപാലിനൊപ്പമാണ്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശിൽപിയും അദ്ദേഹമാണ്. പ്രചാരണത്തിന് ഫണ്ട് കണ്ടെത്തിയതും കെ.സി. വേണുഗോപാലാണ്’ -വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
താൻ കാരണമാണ് എൽ.ഡി.എഫ് തോറ്റതെന്ന് പറയുന്നത് പിണറായി വിരോധികളാണ്. അത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ ലീഗാണ്. അല്ലെങ്കിൽ എന്റെ സമുദായം നശിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഓലപ്പാമ്പ് കാട്ടി തന്നെ പേടിപ്പിക്കാൻ നോക്കേണ്ട. എസ്.എൻ.ഡി.പിയോഗത്തെ തകർക്കാൻ ഒരുപാർട്ടിക്കും ഒരു പുല്ലും ചെയ്യാൻ സാധിക്കില്ല. പലരും ഇത് പിളർത്താൻ നോക്കിയിട്ടുണ്ട്. ദുഷ്ടബുദ്ധികൾ ഇങ്ങനെ പലതും പറയും. എന്റെ നിലപാടൊന്നും മാറില്ല. കുഞ്ഞാലിക്കുട്ടിയെപോലുള്ള നല്ല നേതാക്കൾ ലീഗിലുണ്ട്. ജാതിയും മതവും നോക്കാതെ ആളുകൾ വോട്ട് ചെയ്തതുകൊണ്ടാണ് ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം കിട്ടിയത്. നൂറ് സീറ്റിലധികം യു.ഡി.എഫിന് കിട്ടുമെന്ന് അവർ പോലും പ്രതീക്ഷിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് നൂറ് സീറ്റ് തികച്ചാൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന വെല്ലുവിളിയിൽ വെള്ളാപ്പള്ളി മലക്കം മറിഞ്ഞു. അങ്ങനെ പലരും പലതും പറഞ്ഞിട്ടുണ്ടാകുമെന്നും താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ചോദ്യത്തിന് മറുപടി നൽകിയത്.
കായംകുളത്ത് യു. പ്രതിഭക്ക് എം.എൽ.എ ആകാൻ യോഗ്യതയില്ലെന്ന് ജനങ്ങൾ കണ്ടുപിടിച്ചെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. നേരത്തെ, യു.ഡി.എഫിന്‍റെ ജയം ജനാധിപത്യത്തിന്‍റെ വിജയമാണെന്നും ജനം മാറ്റത്തിനായി വോട്ടു ചെയ്തെന്നുമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പ്രതികരിച്ചത്. ചിലരൊക്കെ അവകാശപ്പെടുന്നത് അവരുടെ മിടുക്ക് കൊണ്ടാണ് ഈ വിജയമുണ്ടായതെന്നാണ്. അങ്ങനെയൊന്നുമല്ല, ജനങ്ങള്‍ പൊറുതിമുട്ടി. ഒരു മാറ്റം വരാന്‍ വേണ്ടി ചെയ്ത വോട്ടാണ്. അത് കോൺഗ്രസിനും യു.ഡി.എഫിനും പ്രയോജനപ്പെട്ടു എന്നേയുള്ളൂവെന്നും അദ്ദേഹം പെരുന്നയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പയ്യന്നൂരിലും തളിപ്പറമ്പിലും ഉള്ള ആളുകള്‍ തിരിച്ച് വോട്ടു ചെയ്യണമെങ്കില്‍ അതിന്‍റെ അവസ്ഥ അതായിരുന്നു. ഭരണവിരുദ്ധ വികാരമല്ല, രാഷ്ട്രീയമായ ആഭ്യന്തര പ്രശ്നങ്ങളാണ് വിമതരുടെ ജയത്തിന് കാരണം. കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും യാതൊരു വിരോധവുമില്ല. കഴിവുള്ളവരെയും പരിചയമുള്ളവരെയും ആക്കണം എന്നേയുള്ളൂ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് പറയുന്നില്ല, ഇക്കാര്യമെല്ലാം കോൺഗ്രസിന്‍റെ കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുന്നത്. അവർ തീരുമാനിക്കട്ടെയെന്നും സുകുമാരൻ പറഞ്ഞു. മുഖ്യമന്ത്രിയാകുന്നത് വി.ഡി. സതീശനാണെങ്കിലോ എന്ന ചോദ്യത്തിന് അത് കോൺഗ്രസിന്റെ തീരുമാനമല്ലേ, അത് സ്വീകരിച്ചല്ലേ പറ്റൂ എന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.