അർജുൻ ആയങ്കി
കണ്ണൂർ: ഒളിവിൽ പോകാനായി അർജുൻ ആയങ്കി ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിൽ. അർജുന്റെ ഭാര്യയുടെ പേരിലുള്ള വാഹനം കണ്ണൂർ പനങ്കാവിലാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നിയമപാലകരെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞുവരുന്ന അർജുൻ ആയങ്കിയെ പിടിക്കാനുള്ള സ്പെഷൽ ഓപറേഷനിടെയാണ് കാർ കണ്ടെത്തിയത്.
അതിനിടെ, അർജുൻ മലപ്പുറം എടപ്പാളിൽ എത്തിയതായി പൊലീസിന് വിവരം ലഭിക്കുകയും നിർണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. എടപ്പാളിലെ റസ്റ്റാറന്റിൽ കയറി ചായയും ഭക്ഷണവും കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തിരൂർ ഡിവൈ.എസ്.പി എ.എം.സിദ്ദീഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒളിവിൽ കഴിയാൻ സഹായിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് സഹായികളെയാണ് പൊലീസ് പരിശോധനയ്ക്കിടെ പിടികൂടിയത്.
ആയങ്കിയുടെ വെല്ലുവിളികൾക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചന്നിത്തലയും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ എല്ലാം പൊലീസ് കൈകാര്യം ചെയ്യുമെന്നും റൗഡികള്‍ പലതും പറയുമെന്നും കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതിയെ കണ്ടെത്താനായി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. എന്നാൽ, ഇതുവരെ ആയങ്കിയെ പിടികൂടാനായിട്ടില്ല. പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഓരോ നീക്കങ്ങൾക്കും സമൂഹമാധ്യമങ്ങളിലൂടെ അർജുൻ മറുപടി നൽകുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചതിന് അർജുനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മനോജ് ജോസ് ആഴകത്ത് എന്നയാൾ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ആയങ്കിയെ വലയിലാക്കാൻ എറണാകുളം റൂറൽ എസ്.പി കെ.എസ്.സുദർശന്റെ നിർദേശപ്രകാരമാണ് സ്പെഷൽ സ്ക്വാഡ് രൂപവത്കരിച്ചത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി കെ.ആർ.മനോജിനാണ് മേൽനോട്ട ചുമതല. ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്.ആദർശ്, എ.ഷൈൻകുമാർ, രണ്ട് എസ്.ഐ.മാർ, രണ്ട് എ.എസ്.ഐ.മാർ എന്നിവരുൾപ്പെടുന്ന 11 അംഗ സംഘമാണിത്. സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.