തിരുവനന്തപുരം: വേദിയിൽ വെച്ച് പരസ്പരം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സി.പി.എം നേതാവ് ജി സുധാകരനും. ജി സുധാകരൻ തികഞ്ഞ കമ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരഎന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.പി നേതാവ് ടി.ജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാരദാന വേദിയിലായിരുന്നു വി.ഡി സതീശന്‍റെ പരാമർശം.
ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. എറണാകുളത്തെ പരിപാടി റദ്ദാക്കിയാണ് താൻ ജി. സുധാകരന് പുരസ്കാരം നൽകാനായി എത്തിയത്. ജി. സുധാകരന് അവാർഡ് നൽകുക എന്ന് പറഞ്ഞാൽ അത് തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പുകഴ്ത്തലിനുള്ള മറുപടിയായി വി.ഡി സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ് എന്നായിരുന്നു ജി. സുധാകരൻ പറഞ്ഞത്. കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്താൽ എന്താണ് പ്രശ്നമെന്നും ജി. സുധാകരൻ ചോദിച്ചു.
പഴയകാല കമ്മ്യൂണിസ്റ്റ് വിരുദ്ധതയൊന്നും ഇപ്പോഴത്തെ കോൺഗ്രസുകാർക്ക് ഇല്ലെന്നും ജി. സുധാകരൻ അഭിപ്രായപ്പെട്ടു. തന്നേക്കാൾ പാർട്ടിയിൽ പ്രവർത്തിച്ച ചരിത്രം വി.ഡി. സതീശനുണ്ട്. ഇത്രയും പരിചയമുള്ളത് പിണറായി, വൈക്കം വിശ്വം, പാലൊളി എന്നിവർക്ക് മാത്രമാണെന്നും ജി. സുധാകരൻ പറഞ്ഞു.
സൈബർ ആക്രമണത്തിനെതിരെയും ജി. സുധാകരൻ സംസാരിച്ചു. ഒരു പാർട്ടിയും സൈബർ പോരാളികളെ നിയമിച്ചിട്ടില്ല. ഞങ്ങളുടെ പോരാളികൾ ബ്രാഞ്ചിലെ പ്രവർത്തകരാണ്. ഞങ്ങളുടെ സൈന്യം പാർട്ടി മെമ്പർമാരാണ്, അല്ലാതെ സൈബർകാരല്ല. തെറ്റുണ്ടെങ്കിൽ വിമർശിക്കാം. കോൺഗ്രസിൻറെ വേദികൾ പോകരുതെന്ന് പറയാൻ കൂട്ടിലടച്ചിരിക്കുകയാണോ? എന്നും ജി. സുധാകരൻ ചോദിച്ചു.
ബി.ജെ.പി വളർച്ചയെ ആശ്രയിച്ചിരിക്കും കേരളത്തിൽ സി.പി.എം- കോൺഗസ് സഖ്യമെന്നും സുധാകരൻ പുരസ്കാര വേദിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.