ദൈവമായാലും ചക്രവര്‍ത്തി ആയാലും വിമര്‍ശിക്കും, പ്രവാസികള്‍ക്കായി എന്ത് ചെയ്​തു?; മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി ദൈവമല്ല, ചക്രവര്‍ത്തി ആയാലും വിമര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ്വി.ഡി സതീശന്‍. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുകയാണ്. അണികള്‍ ദൈവമാക്കിയതിനാല്‍ വിമര്‍ശനത്തിന് അതീതനാണെന്ന തോന്നലായിരിക്കും മുഖ്യമന്ത്രിക്ക്. ജനവിധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയുള്ളതാണ്. അല്ലാതെ ധാര്‍ഷ്ഠ്യം കാണിക്കാനുള്ളതല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ ജനജീവിതത്തെ എങ്ങനെ ബാധിച്ചെന്നു പഠിക്കാന്‍ കോവിഡ് ദുരന്ത നിവാരണ കമ്മിഷന്‍ രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ മാതൃകയില്‍ കമ്മിഷന്‍ പ്രവര്‍ത്തിക്കണം. വിദഗ്ധരെ നിയോഗിച്ച് കോവിഡ് ഓരോ മേഖലയിലുമുണ്ടാക്കിയ ദുരന്തങ്ങളെ കുറിച്ച് പഠിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. രാജ്യത്ത് 2005-ല്‍ ഉണ്ടായ മാന്ദ്യം മറികടക്കാന്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിച്ചതു പോലെ ഈ പ്രതിസന്ധി കാലത്ത് ജനങ്ങളുടെ കൈയ്യിലേക്ക് നേരിട്ട് പണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്ക് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ 10000 കോടിയെങ്കിലും നേരിട്ട് നല്‍കണമെന്നും വി.ഡി സതീശന്‍ നിര്‍ദ്ദേശിച്ചു.

രണ്ട് കോവിഡ് ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിലൂടെ കരാറുകാര്‍ക്കുള്ള പണവും പെന്‍ഷനും കൊടുത്തു. അത് ഉത്തേജക പാക്കേജ് അല്ല, സര്‍ക്കാരിന്റെ ബാധ്യതയാണ്. ബാധ്യത കൊടുത്തു തീര്‍ക്കല്‍ എങ്ങനെയാണ് ഉത്തേജക പാക്കേജ് ആകുന്നത്? ഇതിനെ കോവിഡ് ഉത്തേജക പാക്കേജ് എന്ന ഓമനപ്പേരിട്ടു വിളിക്കാന്‍ നിങ്ങള്‍ക്കേ ആകൂ. രണ്ടാമത്തെ ഉത്തേജക പാക്കേജ് 20000 കോടി രൂപയുടേതാണ്. എന്നാല്‍ അത് പ്രഖ്യാപനം മാത്രമാണെന്നും ഒരു രൂപ പോലും നീക്കിവച്ചിട്ടില്ലെന്നുമാണ് ഇപ്പോഴത്തെ ധനകാര്യമന്ത്രി പറയുന്നത്. പാവങ്ങളുടെയും നിരാലംബരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാരിന് മനസുണ്ടാകണം.

തെരഞ്ഞെടുപ്പ് കഴിയുവോളം നാരായണ, പാലം കടന്നപ്പോള്‍ കൂരായണ എന്ന നിലപാടിലാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ നികുതി ആഗസ്റ്റ്​ വരെ ഒഴിവാക്കുമെന്ന് ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച ശേഷവും അടയ്ക്കാത്തിന്റെ പേരില്‍ പിഴ ഈടാക്കി. സര്‍ക്കാരിന് പണം ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. തിരിച്ചു പോകാന്‍ വിമാനം ഇല്ലാതെ പ്രവാസികള്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്. കോവാക്‌സിന്‍ ഗള്‍ഫ് നാടുകളില്‍ അംഗീകരിച്ചിട്ടില്ല. ആ സാഹചര്യത്തില്‍ കോവാക്‌സിന്‍ എടുത്ത പ്രവാസികള്‍ കോവി ഷീല്‍ഡ് കൂടി എടുക്കണോയെന്നും സതീശൻ ചോദിച്ചു.

Tags:    
News Summary - vd satheesan against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.