എസ്.ഡി.പി.ഐ പിന്തുണ തേടിയ സി.പി.എമ്മിനെയാണ് അനിൽ കുമാർ മതേതര പാർട്ടിയെന്ന്​ വിശേഷിപ്പിക്കുന്നത് - വി.ഡി സതീശൻ

തിരുവനന്തപുരം: അനില്‍കുമാര്‍ വിട്ടു പോയതില്‍ പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ലെന്നും പാര്‍ട്ടിയോട് ആളുകള്‍ക്ക് സ്‌നേഹം കൂടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു ആള്‍ക്കൂട്ടമല്ല, ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു പ്രസ്ഥാനമായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനിടയില്‍ ചിലര്‍ വിട്ടു പോകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Full View

 ഇനിയും ആള്‍ക്കൂട്ടമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായതിന് ശേഷം പാര്‍ട്ടിയെന്ന നിലയില്‍ നല്ല രീതിയിലാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. സംഘടനയുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് നല്ലരീതിയില്‍ കൊണ്ടു പോകാനുള്ള ശ്രമമാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ നേതൃത്തില്‍ നടക്കുന്നത്.

ചില കാര്യങ്ങളിലുണ്ടായ അഭിപ്രായഭിന്നതകള്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് നല്ലരീതിയില്‍ പരിഹരിച്ചാണ് മുന്നോട്ടുപോകുന്നത്. ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അതിനിടയില്‍ ചിലര്‍ വിട്ടു പോകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. രണ്ടു പേര്‍ക്കെതിരെ നടപടി എടുത്തിരുന്നു. അതില്‍ ഒരാളുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കെ.പി.സി.സി പ്രസഡന്‍റ്​​ വ്യക്തമാക്കിയിട്ടുണ്ട്. വിട്ടുവീഴ്ചയോടെയുള്ള തീരുമാനം എടുക്കണമെന്നുള്ളത് കൊണ്ടാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

കോണ്‍ഗ്രസില്‍ സംഘപരിവാറുമായി ബന്ധവുള്ള ഒരാളുമില്ല. ഒരു വര്‍ഗീയ ശക്തികളുമായും കൂട്ടുകെട്ടുണ്ടാക്കുകയോ മതേതരത്വ കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യില്ല. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരു പോലെ കൈകാര്യം ചെയ്യും. തെരഞ്ഞടുപ്പ് ജയം മുന്‍നിര്‍ത്തി പോലും നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 എസ്.ഡി.പി.ഐ സഹായത്തോടെ ഈരാറ്റുപേട്ടയില്‍ ഭരണം പിടിച്ച സി.പി.എമ്മിനെയാണ് മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയെന്ന് കെ.പി അനില്‍കുമാര്‍ വിശേഷിപ്പിക്കുന്നത്. ഇത്ര നല്ല ബോധ്യം ഉണ്ടായിരുന്നെങ്കില്‍ അനില്‍കുമാര്‍ നേരത്തെ തന്നെ സി.പി.എമ്മില്‍ പോകാതിരുന്നത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു.

Tags:    
News Summary - vd satheesan against kp anilkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.