കൽപറ്റ: തനിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച പി.വി. അൻവറിന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് താൻ അന്നേ പറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 150 കോടി കൈക്കൂലി വാങ്ങിയെന്ന് സതീശനെതിരെ ആരോപിച്ചത് പി. ശശി പറഞ്ഞിട്ടാണെന്നും അതിന്റെ പേരിൽ സതീശൻ നേരിട്ട മാനഹാനിക്കും വിഷമത്തിനും മാപ്പുപറയുന്നുവെന്നും ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞിരുന്നു.
‘പ്രതിപക്ഷനേതാവായ എനിക്കെതിരെ മുഖ്യമന്ത്രി അറിയാതെ ഒരു ഭരണകക്ഷി നേതാവ് ഇത്തരം ആരോപണം ഉന്നയിക്കില്ലെന്ന് ഉറപ്പാണ്. ഇക്കാര്യം ഞാൻ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. അൻവർ സി.പി.എം നേതാക്കൾക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നിലും സി.പി.എമ്മിലെ തന്നെ ചില നേതാക്കളാണുള്ളത്. പിണറായി നിലപാട് കടുപ്പിച്ചപ്പോൾ അൻവറിന്റെ പിന്നിലുണ്ടായിരുന്ന സി.പി.എം നേതാക്കൾ ഓടി ഷെഡിൽ കയറി എന്നുമാത്രം’ -വി.ഡി. സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ നിർദേശം പ്രകാരമാണ് 150 കോടിയുടെ കോഴ ആരോപണം നിയമസഭയിൽ ഉന്നയിച്ചതെന്നാണ് എം.എൽ.എ സ്ഥാനം രാജിവെച്ച ശേഷം അൻവർ മാധ്യമങ്ങളോട് പറഞ്ഞത്. ‘വലിയ പാപഭാരം പേറിയാണ് ഞാൻ നിൽക്കുന്നത്. അതിൽ പ്രധാനം പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച വലിയ അഴിമതി ആരോപണമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരെ സഭക്ക് അകത്തും പുറത്തും വല്ലാത്ത രീതിയിൽ ആരോപണം ഉന്നയിക്കുന്ന സാഹചര്യമായിരുന്നു അത്. മാത്യു കുഴൽ നാടൻ എം.എൽ.എയൊക്കെ മുഖ്യമന്ത്രിയുടെ കുടുംബത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നത് പതിവാക്കിയിരിക്കുകയായിരുന്നു.
ആ ഘട്ടത്തിൽ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള ആരോപണം അറിയിക്കുന്നത്. അക്കാര്യം എനിക്ക് ടൈപ്പ് ചെയ്തു നൽകുകയായിരുന്നു. തുടർന്നാണ്, പ്രതിപക്ഷ നേതാവിനെതിരെ 150 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചത്. പാർട്ടിയുടെ ഉത്തരവാദപ്പെട്ട എം.എൽ.എമാർ ഉന്നയിച്ചാൽ പോരെ എന്ന് പി. ശശിയോട് ചോദിച്ചപ്പോൾ ‘പോര, എം.എൽ.എ തന്നെയാണ് അതിന് ഫിറ്റായയാൾ’ എന്നാണ് പറഞ്ഞത്. എനിക്ക് മുഖ്യമന്ത്രിയെയും കുടുംബത്തെയും വളഞ്ഞിട്ട് അക്രമിക്കുന്നതിൽ വലിയ അമർഷമുണ്ടായിരുന്നു. അതുകൊണ്ടാണ് എന്നെ പാർട്ടി ഏൽപിച്ച കാര്യം ഞാൻ ഏറ്റെടുത്തത്’ -അൻവർ പറഞ്ഞു.
‘ശശിയേട്ടാ ഇത്, ശരിയല്ലെയെന്ന് ഞാൻ ചോദിച്ചിരുന്നു. പൂർണമായും ശരിയാണെന്നാണ് ശശി പറഞ്ഞത്. അങ്ങനെ എന്നെ കൊണ്ട് ചെയ്യിക്കുന്നതിലൂടെ ഇവിടുത്തെ കോൺഗ്രസ് നേതൃത്വത്തിനുമുൻപിൽ വലിയ ശത്രുവാക്കാനുള്ള ഗൂഡാലോചനയുണ്ടായോ എന്ന സംശയിക്കുകയാണിപ്പോൾ. ഈ സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ ജനതയോടും പ്രതിപക്ഷ വി.ഡി. സതീശനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും സ്നേഹിക്കുന്നവരോടും ആത്മാർത്ഥമായി മാപ്പ് ചോദിക്കുകയാണ്. മുഖ്യമന്ത്രി എന്നെ തള്ളിപ്പറയുന്നത് വരെ ഞാൻ കരുതിയത് അദ്ദേഹം പി. ശശിയുടെയും എം.ആർ. അജിത് കുമാറിന്റെയും കോക്കസിൽ കുരുങ്ങികിടക്കുകയായിരുന്നുവെന്നാണ്. എന്നാൽ, പി. ശശിക്കെതിരെ ഞാൻ ഉന്നയിച്ച ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നീടാണ് ഞാൻ, മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചത്. അതോടെ, എനിക്ക് അതുവരെ പിന്തുണ നൽകിയ സി.പി.എം നേതാക്കൾ ഫോൺ എടുക്കാതെയായി. രണ്ട് ദിവസം വിളിച്ചു. പിന്നെ, ആ ശ്രമം ഞാൻ ഉപേക്ഷിച്ചു. അവരുടെ പേരുകളിപ്പോൾ വെളിപ്പെടുത്തുന്നില്ല’ -അൻവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.