തളിപ്പറമ്പ്: വയലും ഗ്രാമവും സംരക്ഷിക്കുക എന്നതാണ് വയൽക്കിളികളുടെ ലക്ഷ്യമെന്നും പാർട്ടിയിൽനിന്ന് പുറത്താക്കിയതിനെ കുറിച്ച് ആശങ്കയില്ലെന്നും വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ. നാട് സംരക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പാർട്ടിയിൽനിന്ന് 11 പേരെ പുറത്താക്കിയത് പാർട്ടിയുടെ ആഭ്യന്തരകാര്യം മാത്രമാെണന്നും സുരേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ചുടല-കുറ്റിക്കോൽ ബൈപാസിനുവേണ്ടി കീഴാറ്റൂർ വയലിലൂടെ പാത നിർമിക്കുന്നതിന് എതിരെ പ്രവർത്തിച്ച വയൽക്കിളി കൂട്ടായ്മ പ്രവർത്തകരായ 11 സി.പി.എം പ്രവർത്തകരെ പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു സുരേഷ്. സി.പി.എമ്മിനോട് ഏറ്റുമുട്ടാൻ തങ്ങളില്ല. തങ്ങളുടെ സമരം സി.പി.എമ്മിന് എതിരല്ല. നാലര കിലോമീറ്റർ പരന്നുകിടക്കുന്ന പൈതൃകവയൽ സംരക്ഷിക്കാനാണ് സമരമെന്നും അതിനായി ഗാന്ധിയൻമാർഗത്തിലുള്ള സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പുറത്താക്കിയത് സമരത്തിെൻറ ഗതി തിരിച്ചുവിടാനുള്ള ചിലരുടെ തന്ത്രത്തിെൻറ ഭാഗമാണ്. മറ്റു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നവിഷയം ഇപ്പോൾ ആലോചിക്കുന്നില്ല. സമരത്തെ സഹായിക്കാൻവരുന്ന ഏതു സംഘടനയേയും സ്വീകരിക്കും. നാടുണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയമുള്ളൂ. ബൈപാസിന് പുതിയ വിജ്ഞാപനം വന്നാൽ സമരം ശക്തമാക്കുന്നകാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കീഴാറ്റൂർ വടക്ക്, സെൻട്രൽ ബ്രാഞ്ചുകളിൽനിന്നുള്ളവരെയാണ് കഴിഞ്ഞദിവസം പാർട്ടിയിൽനിന്ന് പുറത്താക്കിയത്. സർക്കാറിനും പാർട്ടിക്കും എതിരെ പ്രവർത്തിച്ചതിനാണ് ഇവർക്കെതിരെ നടപടി കൈക്കൊണ്ടത്.
കഴിഞ്ഞദിവസം രാത്രി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചപ്പോൾ െജയിംസ് മാത്യു എം.എൽ.എക്കെതിരെ പരസ്യമായി മുദ്രാവാക്യം മുഴക്കിയതാണ് പെട്ടെന്ന് ഇവരെ പുറത്താക്കാൻ കാരണമെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.