മലപ്പുറം: മലബാർ പോരാട്ട നായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച സിനിമയെ ഭയക്കുന്നത് സാമ്രാജ്യത്വ ദല്ലാളുകളാണെന്ന് അദ്ദേഹത്തിെൻറ കുടുംബ കൂട്ടായ്മയായ ചക്കിപറമ്പൻ ഫാമിലി അസോസിയേഷൻ. ഗാന്ധിജിയെ വധിച്ചവരുടെ സാക്ഷ്യപത്രം, രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായ വാരിയൻകുന്നത്തിനും കുടുംബത്തിനും ആവശ്യമില്ലെന്ന് അവർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതിെൻറ ഒടുങ്ങാത്ത പകയാണ് വാരിയൻകുന്നത്തിനെയും കുടുംബത്തെയും കുറിച്ച് നിറംപിടിപ്പിച്ച കഥകളുണ്ടാക്കി ചരിത്രനിർമിതി നടത്താൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്. ഈ അപസർപ്പക കഥകളെ മുൻനിർത്തിയാണ് വാരിയൻകുന്നത്തിെൻറ സിനിമക്കെതിരെ വർഗീയ ശക്തികളുടെ ഒച്ചപ്പാട്. സ്വന്തം പിതാവിനും കുടുംബത്തിനും ബ്രിട്ടീഷുകാരിൽനിന്ന് നേരിട്ട കൊടിയ മർദനങ്ങളാണ് വാരിയൻകുന്നത്തിലെ അധിനിവേശ വിരുദ്ധ പോരാളിയെ രൂപപ്പെടുത്തിയതെന്നാണ് ചരിത്ര യാഥാർഥ്യം.
ബ്രിട്ടീഷുകാർക്കെതിരായ അദ്ദേഹത്തിെൻറ പോരാട്ടത്തിൽ സാമ്രാജ്യത്വ വിരുദ്ധ നിലപാടുള്ള എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ചുനിന്നു. ഖിലാഫത്ത് സമരത്തെ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്ത കങ്കാണിമാരുടെ പിൻതലമുറയാണ് ഇപ്പോൾ വ്യാജപ്രചാരണവുമായി ഇറങ്ങിയത്. ബ്രിട്ടീഷുകാരിൽനിന്ന് പണവും പദവികളും സ്വന്തമാക്കിയ ജന്മിമാരുടെ കൊടിയ ചൂഷണത്തിൽനിന്നും ജാതീയ ഉച്ചനീചത്വങ്ങളിൽനിന്നും കീഴാള ജനതയുടെ രക്ഷതേടലായിരുന്നു ഖിലാഫത്ത് സമരകാലത്തെ മതപരിവർത്തനങ്ങൾ. ഈ വസ്തുത മറച്ചുവെച്ച് നിർബന്ധിത മതപരിവർത്തനമെന്ന കള്ളപ്രചാരണം നടത്തുന്നതിന് പിന്നിൽ നിക്ഷിപ്ത വർഗീയ താൽപര്യങ്ങളാണ്.
സിനിമകൾ നിർമിക്കാനുള്ള ഏതൊരാളുടെയും അവകാശത്തെ മാനിക്കുന്നു. എന്നാൽ, വസ്തുതകൾ വളച്ചൊടിച്ച് ചരിത്രത്തോട് നീതി പുലർത്താതെയുള്ള നീക്കങ്ങൾ നീചമാണ്. സിനിമയുടെ പേരിൽ ചക്കിപറമ്പൻ കുടുംബത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കം നിയമപരമായി നേരിടുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കുടുംബ ചരിത്രകാരനുമായ സി.പി. ജാഫർ ഈരാറ്റുപേട്ട, ഭാരവാഹികളായ സി.പി. ഇബ്രാഹിം ഹാജി വള്ളുവങ്ങാട്, സി.പി. കുട്ടിമോൻ, സി.പി. ഇസ്മാഈൽ, സി.പി. അബ്ദുൽ വഹാബ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.