വന്ദേഭാരത് കാസർകോട് സ്റ്റേഷനിൽ നിന്ന് കന്നിയാത്രക്ക് തുടക്കമിട്ടപ്പോൾ
കാസർകോട്: നിറയെ യാത്രക്കാരുമായി കാസർകോട്ടുനിന്ന്‍ വന്ദേഭാരതിന്റെ കന്നിയാത്ര തുടക്കം. ബുധനാഴ്ച ഉച്ച 2.30ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിനിൽ യാത്രചെയ്യാനും യാത്രയയക്കാനും ആളേറെയുണ്ടായിരുന്നു. എക്സിക്യൂട്ടിവ് കോച്ചിൽ കാസർകോട്-തിരുവനന്തപുരം യാത്രക്കാർ ധാരാളമുണ്ടായിരുന്നുവെന്ന് റെയിൽവേ കൊമേഴ്സ്യൽ വിഭാഗം പറഞ്ഞു.
16 ചെയർകാറുകളിലും രണ്ട് എക്സിക്യൂട്ടിവ് കോച്ചുകളിലുമായി 1128 സീറ്റുകളാണ് ഉണ്ടായിരുന്നത്. കാസർകോട്ടുനിന്ന് കാഞ്ഞങ്ങാട്ടേക്ക് 13 മിനുട്ടു മാത്രമാണ് എടുത്തത്. കണ്ണൂരിലേക്ക് നിശ്ചയിച്ച സമയത്തിന് അഞ്ച് മിനുട്ട് മുമ്പ് 3.34ന് എത്തി. എക്സിക്യൂട്ടിവ് കോച്ചിൽ 75 ശതമാനം നിറഞ്ഞിരുന്നു. കന്നി ഓട്ടം ആരംഭിക്കുന്ന വേളയിൽ കാസർകോട് റെയിൽവേ സ്റ്റേഷനിലും ട്രെയിനിനകത്തും ലഡു വിതരണം നടത്തി. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രശാന്ത് കുമാറും ജനറൽ സെക്രട്ടറി നാസർ ചെർക്കളവും നേതൃത്വം നൽകി.
കന്നി ഓട്ടത്തിൽ കണ്ണൂർവരെ ട്രെയിനിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്ത് അനുഭവങ്ങൾ മനസ്സിലാക്കുകയും ജീവനക്കാരുമായി ചർച്ച നടത്തുകയും ചെയ്തു. നിലവിൽ കാസർകോടുവരെയാണ് ട്രെയിനിന്റെ യാത്ര. കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മംഗളൂരുവരെ നീട്ടിയേക്കുമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.