ഗാന്ധി ചിത്രം തകർന്ന സംഭവം: രാഹുൽ ഗാന്ധിയുടെ പി.എ ഉൾപ്പെടെ നാലു കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

കൽപറ്റ: വയനാട്ടിൽ കൽപറ്റയിലെ രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസിന് നേരെ നടന്ന എസ്.എഫ്.ഐ ആക്രമണത്തിനിടെ ഗാന്ധി ചിത്രം തകർന്ന സംഭവത്തിൽ എം.പിയുടെ പി.എ ഉൾപെടെ നാലു കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫിസ് സ്റ്റാഫ് രാഹുൽ എസ്. രവി, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വെളളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ജാമ്യത്തിൽ വിടും.

ചോദ്യംചെയ്യലിനായി ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹാജരാകാനായി അഞ്ചു പേർക്ക് നോട്ടീസ്‌ നൽകിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച് രാവിലെ കൽപറ്റ പൊലീസ് സ്‌റ്റേഷനിൽ അഞ്ചു പേരും ഹാജരായത്. കോൺഗ്രസ് പ്രവർത്തകനായ രതീഷ് കേസിലെ സാക്ഷിയാണെന്നാണ് പൊലീസ് പറയുന്നത്. നോട്ടീസ് ലഭിച്ച അഞ്ചു പേരിൽ ഇയാൾ ഒഴികെ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവർക്കെതിരെ ഐ.പി.സി 427, 153 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Full View

കരുതൽ മേഖല വിഷയത്തിൽ എസ്‌.എഫ്‌.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക്‌ കഴിഞ്ഞ ജൂൺ 24ന് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫിസിൽ അതിക്രമിച്ചു കയറിയ എസ്.എഫ്.ഐ പ്രവർത്തകർ ഓഫിസ് അടിച്ചു തകർക്കുകയും രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴവെക്കുകയും ചെയ്തിരുന്നു. അക്രമത്തിനിടെ ഗാന്ധി ചിത്രം തകർന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഗാന്ധി ചിത്രം തകർത്ത സംഭവം വലിയ രാഷ്ട്രീയ വിവാദമായിരുന്നു.

ഓഫിസ് അക്രമവുമായി ബന്ധപ്പെട്ട് 29 എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി. ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐ പ്രവർത്തകരാണെന്നും തെളിവായി സി.സി.ടി ദൃശ്യങ്ങൾ ഉൾപ്പെടെ ഉണ്ടെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്നാൽ, ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസിന്‍റെ ഗൂഡാലോചനയുടെ ഭാഗമായാണെന്നാണ് ഇടതു നേതാക്കളുടെ ആരോപണം.

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സി.സി ടി.വി ഉള്‍പ്പെടെ പരിശോധിക്കണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും അത് നിര്‍വഹിക്കാതെ പൊലീസ് കോൺഗ്രസ് പ്രവർത്തകരെ അന്യായമായി കേസിൽ കുടുക്കാൻ ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.

Tags:    
News Summary - Vandalizing the statue of Gandhi in Rahul Gandhi's office: Four Congress workers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.