'ജപ്പാനിലെ കാര്യങ്ങൾ അറിയുന്ന ശ്രീനിവാസൻ നാട്ടിലെ അംഗൻവാടിയിലേക്കും ഒന്നിറങ്ങൂ...'

''ഫിന്‍ലന്‍ഡില്‍ ഒരു പ്രായം വരെ പരീക്ഷയില്ല. ജപ്പാനില്‍ പ്ലേ സ്‌കൂളിലും കിന്‍റര്‍ഗാര്‍ട്ടനിലും പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നത് സൈക്കോളജിയും സൈക്യാട്രിയുമൊക്കെ പഠിച്ചിട്ടുളള അധ്യാപകരാണ്. അംഗൻവാടിയെന്നൊക്കെ പറഞ്ഞ് ഒരു വിദ്യാഭ്യാസവുമില്ലാത്ത ഏതെങ്കിലും സ്ത്രീകളും വേറെ ജോലിയൊന്നുമില്ലാത്തവരെയും പിടിച്ചിരുത്തുകയാണ് നമ്മുടെ നാട്ടിൽ. അവരുടെ ഇടയിലാണീ കുട്ടികൾ വളരുന്നത്. അവരുടെ നിലവാരത്തിലേ ഈ കുട്ടികൾക്ക് വളരാൻ പറ്റുകയുള്ളൂ...'' സ്വകാര്യ ചാനലിൽ നടൻ ശ്രീനിവാസൻ അംഗൻവാടി അധ്യാപകർക്കെതിരെ നടത്തിയ പരാമർശത്തിൽ വ്യാപക പ്രതിഷേധമാണുയർന്നത്. ശ്രീനിവാസനെതിരെ വനിതാ കമീഷൻ കേസെടുക്കുകയും ചെയ്തിരുന്നു.

അംഗൻവാടി ജീവനക്കാരുടെ യോഗ്യതയും ചുമതലകളും കൃത്യമായി ചൂണ്ടിക്കാട്ടി ശ്രീനിവാസന് മറുപടി നൽകിയിരിക്കുകയാണ് പെരുമ്പടപ്പിലെ അംഗൻവാടി അധ്യാപികയായ വത്സല. 25 വർഷമായി സേവനംചെയ്യുന്ന വത്സല ടീച്ചർ കവി ആലംകോട് ലീലാകൃഷ്ണന്‍റെ സഹോദരിയാണ്. ജപ്പാനിലെ പ്രവർത്തനങ്ങൾ നേരിട്ട് അറിയുന്ന ശ്രീനിവാസൻ നമ്മുടെ നാട്ടിലേക്ക് ഒന്നിറങ്ങി അംഗൻവാടി പ്രവർത്തനങ്ങൾ നേരിട്ടറിയൂ എന്ന് വത്സല ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു...

പ്രിയപ്പെട്ട ശ്രീനിവാസന്,

താങ്കളുടെ സിനിമകൾ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. കഴിഞ്ഞ ദിവസം ഒരു ചാനലിൽ വന്ന താങ്കളുടെ അഭിമുഖത്തിൽ താങ്കൾ നടത്തിയ ഒരു പരാമർശം "ജപ്പാനിലൊക്കെ ചെറിയ കുട്ടികൾക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. എന്നാൻ ഇവിടെ അങ്ങിനെ ആണോ? അംഗൻവാടി എന്നൊക്കെ പറഞ്ഞിട്ട്. ഒരു വിദ്യഭ്യാസവുമില്ലാത്ത, വെറേ തൊഴിലൊന്നുമില്ലാത്ത കുറെ സ്ത്രീകൾ, അവരുടെ സംസ്കാരമാണ് കുട്ടികൾ പഠിക്കുക." ഈ പരാമർശത്തിന് മറുപടിയായാണ് ഞാൻ ഇത് എഴുതുന്നത്. ഇതിലും മോശമായിരുന്നു ഇത് പറയുമ്പോൾ ഉണ്ടായിരുന്ന താങ്കളുടെ ഭാവം.

ഞാൻ വൽസല. പെരുമ്പടപ്പ് ICDSൽ 25 വർഷമായി സേവനമനുഷ്ടിച്ചു വരുന്ന അംഗൻവാടി ടീച്ചർ ആണ്. ആലംകോട് ലീലാകൃഷ്ണന്‍റെ സഹോദരി ആണ്. അംഗൻവാടി എന്ന വാക്കിന് മുറ്റത്തെ പൂന്തോട്ടം എന്നാണ് അർഥം. അംഗൻവാടിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വല്ലതും അറിഞ്ഞിട്ടാണോ താങ്കൾ ഇങ്ങനെ പറഞ്ഞത്. താങ്കളുടെ അറിവിലേക്കായി പറയട്ടെ.

3 മുതൽ 6 വയസ് വരെയുള്ള കുട്ടികൾളുടെ ശാരീരികവും, മാനസികവും, ബുദ്ധിപരവും, സർഗാത്മകവും സാമൂഹികവുമായ നിരവധി പ്രവർത്തനങ്ങൾ ആണ് അംഗൻവാടികളിൽ നൽകുന്നത്. ഉദാ: കളികൾ, പാട്ടുകൾ, ചിത്രം വര, കളറിങ്, തുടങ്ങിയവയിൽ അധിഷ്ഠിതമായ സർഗ്ഗാത്മക അനൗപചാരിക പ്രീ സ്കൂൾ വിദ്യാഭ്യാസമാണിവിടെ നൽകുന്നത്. ഇവിടെ കുട്ടികളെ ഒന്നും നിർബന്ധിച്ച് പഠിപ്പിക്കുന്നില്ല. പകരം കളികളിലൂടെ പാട്ടിലൂടെ ലോകത്തെ പരിചയപ്പെടുത്തുകയാണ്. കണ്ടും കേട്ടും നിരീക്ഷിച്ചും അറിവ് നേടാനും സാമൂഹിക വികാസമുണ്ടാവാനുമുള്ള പ്രവർത്തനങ്ങൾ ആണ് ഞങ്ങൾ നൽകുന്നത്.

അതിന് വിദഗ്ധ ട്രയിനിങ്ങ് ലഭിച്ചവർ തന്നെയാണ് ഞങ്ങൾ. ജോലിയിൽ പ്രവേശിച്ച ഉടൻ ലഭിക്കുന്ന മൂന്ന് മാസത്തെ ജോബ് ട്രെയിനിങ്, വർഷാവർഷം നടക്കുന്ന റിഫ്രഷ്മെന്‍റ് ട്രെയിനിങ്, പഞ്ചായത്ത് തല ട്രയിനിങ്സ്, ബ്ലോക്ക്‌ തല ട്രെയിനിങ്, പ്രൊജക്റ്റ്‌ തല ട്രെയിനിങ്ങുകൾ, ECCE (early childhood care education) തുടങ്ങി നിരവധി പരിശീലനങ്ങൾ നേടി തന്നെയാണ് ഞങ്ങൾ ഈ പദവിയിൽ എത്തുന്നത്. കൂടാതെ ശിശുരോഗ വിദ്ഗധർ, സൈക്യാട്രിസ്റ്റ്, ICDS ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന നിരവധി പരിശീലന പരിപാടികൾ സർക്കാർ ഞങ്ങൾക്കു നൽകുന്നുണ്ട്. കൂടാതെ മാസാമാസം കുട്ടികളുടെ തൂക്കം എടുത്ത് groth chart ൽ ചാർട്ടിൽ രേഖപ്പെടുത്തി, അനുപൂരക പോഷകാഹാരമായ അമൃതം ന്യൂട്രിമിക്സ് വിതരണവും തൂക്കകുറവുള്ള കുട്ടികളെ കണ്ടെത്തി മാസത്തിൽ ആരോഗ്യ പരിശോധനക്ക് നേതൃത്വം നൽകുകയും (റെഫറൽ സർവിസ്) ചെയ്യുന്നു. പ്രതിരോധ കുത്തിവെപ്പുകൾ എടുത്തോ എന്ന് ഉറപ്പു വരുത്തുന്നു.

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആരോഗ്യ പോഷണ ക്ലാസുകൾ, അനുപൂരക പോഷകാഹാര വിതരണവും നടത്തുന്നു. ഗർഭാവസ്ഥമുതൽ അറു വയസ്സുവരെ കുട്ടിയുടെ എല്ലാതലത്തിലുമുള്ള വികാസ പ്രവർത്തനങ്ങളാണ് അംഗൻവാടിയിൽ. കൂടാതെ കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ, അവർക്കുള്ള പോഷകാഹാര വിതരണവും നടത്തുന്നു. ഈ ക്ലാസുകൾ സംഘടിക്കാനുള്ള പരിശീലനവും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. അതതു മേഖലയിലെ വിദഗ്ധരെ വിളിച്ചും ക്ലാസുകൾ നടത്താറുണ്ട്.

NNM (national Nutrition Mission)ന്‍റെ ഭാഗമായി അംഗൻവാടി എരിയയിലുള്ള കുട്ടികൾക്കായി 'കുഞ്ഞൂണ്", ഗർഭിണികൾക്കായി സീമന്ത സംഗമം, കൗമാരക്കാർക്ക് വർണ്ണ സംഗമം, ശുചീകരണ പ്രവർത്തങ്ങൾക്ക് വേണ്ടി നിർമ്മല സംഗമം തുടങ്ങി ഒട്ടനവധി പദ്ധതികൾ അംഗൻവാടികൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. Covid 19, lockdownൽ ഈ സംഗമങ്ങൾ വീഡിയോ കോൺഫറൻസായി നടത്തുകയും എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്തിയും ചെയ്തു കൊണ്ടിരിക്കുന്നു.

1000 മുതൽ 1500 വരെയുള്ള ജനസംഖ്യയാണ് ഒരു അംഗൻവാടിക്ക്. ഈ സമൂഹത്തിന്‍റെ A ടു Z ഡാറ്റയും അംഗൻവാടിയിൽ ഉണ്ട്.

വിധവകൾക്കായുള്ള പെൻഷനുകൾ, വികലാംഗ-വാർധക്യ പെൻഷനുകൾ, ഗർഭിണികൾക്കായുള്ള സർക്കാരിന്‍റെ ആനുകൂല്യങ്ങൾ, വയോജനങ്ങൾക്കായുള്ള ആശ്വാസ കിരണം, ആരും ഇല്ലാത്തവർക്കുള്ള അഭയകിരണം, വികലാംഗ പെൻഷൻ, മിശ്രവിവാഹ ധനസഹായം, വികലാംഗർക്ക് സഹായോപകരണങ്ങൾ നൽകുക തുടങ്ങി സർക്കാരിന്‍റെ വിവിധ സാമൂഹ്യ സുരക്ഷ ക്ഷേമ പദ്ധതികൾക്കായി അർഹരായവരെ കണ്ടെത്തുക, അതിനു വേണ്ടി അപേക്ഷിക്കുകയും അംഗൻവാടി വഴി ചെയ്യുന്നുണ്ട്.

ദുരന്ത സമയത്ത് ദുരിതാശ്വാസ ക്യാമ്പുകൾക്ക് നേതൃത്വം നൽകുക, സഹായ സഹകരണങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തു. Covid 19 ദുരിത സമയത്തും 60ന് മുകളിലുള്ളവരുടെയും, ഗർഭിണികളുടെയും, കുട്ടികളുടെയും, രോഗമുള്ളവരുടെയും കണക്കുകൾ സർക്കാറിനു നൽകി. പോഷകാഹാര വിതരണം നടത്തിയും ആരോഗ്യം പ്രവർത്തകരോടൊപ്പം പ്രവർത്തിച്ചു വരികയും ചെയ്യുന്നു.

അംഗൻവാടിയിൽ വയോജന ക്ലബും കൗമാര ക്ലബും മുതലായ നിരവധി പ്രവർത്തനങ്ങളിലൂടെ ഒരു പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക ബന്ധങ്ങളിൽ പങ്കാളികളാവുന്നു.

ഞങ്ങളുടെ സേവനങ്ങൾക്ക് ലഭിക്കുന്നത് ഹോണറേറിയം ആണ്, ശമ്പളം പോലുമല്ല. ഞാൻ ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് 400 രൂപയായിരുന്നു. 25 വർഷം കൊണ്ട് അത് 12,000 രൂപയായിരിക്കുന്നു. ഇതിൽ നിന്ന് 55 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മനസ്സു കാണിച്ചവരാണ് ഞങ്ങൾ.

ഏത് സമയത്തും സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ താഴെതട്ടിലേക്ക് വരെ എത്തിക്കുന്ന ഒരു അദൃശ്യ വലയാണ് ഞങ്ങൾ ICDS പ്രവർത്തകരും, കുടുംബശ്രീ പ്രവർത്തരും, ആശാ വർക്കേഴ്സും എല്ലാം. സർക്കാറിന്‍റെ ഒരു സ്ത്രീ സൈന്യം തന്നെയാണ് ഞങ്ങൾ.

സമൂഹത്തിന്‍റെ എല്ലാ നിലയിലും സേവനം അനുഷ്ഠിക്കന്നത് കൊണ്ട്, ഓരോ കുട്ടിയുടെയും ജീവിത സാഹചര്യം അറിഞ്ഞു കൊണ്ടാണ് ഞങ്ങൾ പ്രവർത്തിച്ചു വരുന്നത്. അംഗൻവാടിയുടെ പ്രവർത്തനങ്ങൾ നേരിട്ട് വന്ന് വലയിരുത്താൻ സൂപ്പർവൈസർ, ശിശു വികസന പദ്ധതി ഓഫീസർ (CDPO), പ്രോഗ്രാം ഓഫിസർ, ജില്ല ഓഫിസർ എന്നീ ഉദ്യോഗസ്ഥർ ഓരോ അംഗൻവാടിയുടെയും പ്രവർത്തനങ്ങളെ സൂക്ഷ്മ തലത്തിൽ വിലയിരുത്തുകയും നിർദ്ദേശം നൽകുകയും ചെയ്യാറുണ്ട്.

ജപ്പാനിലെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കിയ ബഹുമാനപ്പെട്ട ശ്രീനിവാസൻ, താങ്കൾ അംഗൻവാടികളുടെ പ്രവർത്തങ്ങൾ മനസിലാക്കി വേണം പറയാൻ. പാലൂട്ടുന്ന അമ്മമാർക്ക് നടത്തിയ വിഡിയോ കോൺഫറൻസിനെ പറ്റി ഒരു അമ്മ എഴുതി അയച്ച അഭിപ്രായം ഇതിനൊടൊപ്പം കൊടുക്കുന്നു. കേരളത്തിലെ ഒന്നുരണ്ട് അംഗൻവാടിയെങ്കിലും താങ്കൾ സന്ദർശിച്ചറിയൂ കൂടുതൽ വിവരങ്ങൾ.

വൽസല. എം, സെൻ്റർ നമ്പർ 7

ആലംങ്കോട്, പെരുമ്പടപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.