തിരുവനന്തപുരം: അധ്യാപകരുടെ കൂട്ടമരണത്തിനിടയാക്കിയ വാൽപ്പാറ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ കുട്ടികളെ മോചിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ മനഃശാസ്ത്ര കൗൺസലിങ് ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യം ആരോഗ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. മലപ്പുറം ജില്ല വനിതാ-ശിശുക്ഷേമ ഓഫിസർ ഗോപകുമാറിനാണ് കൗൺസലിങ് ചുമതല. സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് കൗൺസലിങ് ആരംഭിക്കും.
സ്കൂളിലേക്ക് ആവശ്യമായ അധ്യാപകരെ പുനർവിന്യാസത്തിലൂടെ നിയമിക്കാൻ നടപടി സ്വീകരിക്കും. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലയുള്ള വിദ്യാഭ്യാസ ജില്ലാ ഓഫിസർ സുനിതക്കാണ് ഇതിന്റെ ചുമതല. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സന്തോഷ് പുനർവിന്യാസത്തിന്റെ മേൽനോട്ടം വഹിക്കും. ജി.യു.പി.എസ് പാങ്ങിലെ പ്രധാനാധ്യാപകൻ അഹമ്മദ് കുട്ടിക്ക് ജി.എൽ.പി.എസിന്റെ താൽകാലിക ചുമതല കൂടി നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും നാട്ടിലെത്തിക്കാനുമുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ റിപ്പോർട്ട് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്. അധ്യയനത്തിലും കുട്ടികളുടെ എണ്ണത്തിലും പിറകിൽ നിന്നിരുന്ന സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിൽ ഈ അധ്യാപകർ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.