തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്‍റെ വോട്ടർപട്ടികയിൽ നിന്ന് നീക്കിയ കോർപറേഷൻ ഇലക്ടറർ രജിസ്ട്രേഷൻ ഓഫിസർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ രൂക്ഷ വിമർശനം. വൈഷ്ണ ഹാജരാക്കിയ താമസം സംബന്ധിച്ച രേഖകൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ പരിഗണിച്ചില്ലെന്നും വോട്ട് നീക്കിയ നടപടിക്ക് നീതീകരണമില്ലെന്നും കമീഷൻ വ്യക്തമാക്കി.
യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്‍റെ പേര് മുട്ടട വാർഡിലെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത് പുനഃസ്ഥാപിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസരെ കമീഷൻ വിമർശിച്ചത്. ഹൈകോടതി നിർദേശപ്രകാരമാണ് വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത നടപടി ക്രമങ്ങൾ തെറ്റാണെന്ന് കണ്ടെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കിയത്.
വൈഷ്ണക്കെതിരെ സി.പി.എം മുട്ടട ബ്രാഞ്ച് കമ്മിറ്റിയംഗം ധനേഷ് കുമാറാണ് പരാതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം വൈഷ്ണയുടെ എതിർവാദം കേൾക്കാതെ വോട്ടർപട്ടികയിൽനിന്ന് പേര് നീക്കിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് കമീഷണർ എ. ഷാജഹാൻ ഉത്തരവിൽ പറഞ്ഞു. ഒരു പ്രത്യേക പ്രദേശത്തെ സാധാരണ താമസക്കാരാണെങ്കിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അർഹരാണെന്ന് നിഷ്കർഷിച്ച് കമീഷൻ ഇലക്ടറർ രജിസ്ട്രേഷൻ ഓഫിസർമാർക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
തദ്ദേശസ്ഥാപനം നൽകുന്ന വീട്ടുനമ്പറോ ഉടമസ്ഥാവകാശമോ വാടകകരാറോ ഒന്നും ഇതിൽ ആവശ്യമായ രേഖകളല്ല. എന്നാൽ ഇതിന്‍റെ അന്തസത്ത ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ ഉൾക്കൊണ്ടില്ല. വൈഷ്ണ ഹാജരാക്കിയ രേഖകൾ പരിഗണിക്കാതെയും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയും അന്തിമ വോട്ടർപട്ടികയിൽ നിന്ന് ഏകപക്ഷീയമായി പേര് നീക്കുകയായിരുന്നുവെന്നും ഉത്തരവിൽ പറയുന്നു.
കോർപറേഷൻ മുട്ടട വാർഡ് ഭാഗം നമ്പർ അഞ്ചിലെ വോട്ടർപട്ടികയിലാണ് വൈഷ്ണയുടെ പേര് പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.