967 സ്കൂളുകളില്‍ വാക്സിനേഷൻ സൗകര്യം; 21 മുതല്‍ ഓൺലൈൻ ക്ലാസ്, അധ്യാപകർ സ്കൂളിലെത്തണം

തിരുവനന്തപുരം: സ്കൂളുകളില്‍ കോവിഡ് വാക്സിനേഷന് ക്രമീകരണം നടത്താൻ നിർദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 51 ശതമാനം കുട്ടികൾ ഇതിനകം വാക്സിനെടുത്തു. 967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തും. വാക്സിനേഷന്‍ നടക്കുന്ന സ്കൂളുകളില്‍ നാളെ രാവിലെ പി.ടി.എ മീറ്റിങ് ചേരും. 500 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളിലാണ് വാക്സിനേഷന്‍ കേന്ദ്രം ഒരുക്കുക. മറ്റ് സ്കൂളുകളിലുള്ളവര്‍ക്ക് തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രമുള്ള സ്കൂളിലെത്തി വാക്സിന്‍ സ്വീകരിക്കാം. ബുധനാഴ്ചയാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ വാക്സിനേഷന്‍ ആരംഭിക്കുക.

ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ഈ മാസം 21 മുതല്‍ സ്കൂളില്‍ വരേണ്ട. അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കും. വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുണ്ടാവും. പുതുക്കിയ ടൈംടേബിള്‍ ഉടനെ പ്രഖ്യാപിക്കും. അതേസമയം അധ്യാപകര്‍ സ്കൂളുകളില്‍ വരണം. ഓണ്‍ലൈന്‍ ക്ലാസിന് ആവശ്യമായ നേതൃത്വം വഹിക്കണം.

10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്കൂളുകളില്‍ ക്ലാസുകള്‍ തുടരും. ഈ മാസം 22, 23 തിയ്യതികളിൽ 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിൽ ശുചീകരണ യജ്ഞം നടത്തും. കോവിഡ് കാലത്തെ ക്ലാസ് റൂം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ സ്കൂള്‍ തുറക്കുമ്പോള്‍ നല്‍കിയിരുന്നു. മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചു.

Tags:    
News Summary - vaccination fcility in 967 schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.