‘റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർക്ക് ഇതൊന്ന് ഓടിച്ചു വായിക്കാവുന്നതാണ്’; വി.ഡി സതീശന് മറുപടിയുമായി വി. ശിവൻകുട്ടി

മാനേജ്മെന്റ് ക്വോട്ടയിൽ മന്ത്രിയായ ആളാണ് പി.എ. മുഹമ്മദ് റിയാസ് എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമർശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മന്ത്രി പി.എ. മുഹമ്മദ്‌ റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാവുന്നതാണെന്ന് പറഞ്ഞ് അദ്ദേഹം വഹിച്ച പദവികളും പ​ങ്കെടുത്ത സമരങ്ങളും എണ്ണിപ്പറഞ്ഞാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. റിയാസിനെ ലക്ഷ്യം വെക്കുന്നവർ ദേശീയ തലത്തിലെ ഫാഷിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണമെന്നും അദ്ദേഹം കുറിച്ചു.

‘നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്’ എന്ന് റിയാസ് നിയമസഭയിൽ പറഞ്ഞതിന് മറുപടിയുമായി വി.ഡി സതീശൻ വാർത്ത സമ്മേളനത്തിൽ രംഗത്തെത്തിയിരുന്നു. മാനേജ്മെന്‍റ് ക്വാട്ടയിൽ മന്ത്രിയായ പി.എ. മുഹമ്മദ് റിയാസിന് പ്രതിപക്ഷത്തെ ആക്ഷേപിക്കാൻ എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ‘പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് റിയാസ് പറഞ്ഞത് മന:പൂർവം പ്രകോപിപ്പിക്കാൻ വേണ്ടിയാണ്. മരുമകൻ എത്ര വലിയ പി.ആർ വർക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്നുള്ള ആധിയാണ് സ്പീക്കറെ പരിഹാസപാത്രമാക്കി പ്രതിപക്ഷത്തിന്‍റെ ശത്രുവായി മാറ്റി നിയമസഭ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള കുടുംബ അജണ്ട. അതാണ് സഭയിൽ നടക്കുന്നത്’, എന്നിങ്ങനെയായിരുന്നു വി.ഡി സതീശന്റെ വിമർശനം.

വി. ശിവൻകുട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം:

മന്ത്രി പി.എ. മുഹമ്മദ്‌ റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാവുന്നതാണ്.

∙ എസ്.എഫ്.ഐ പ്രവർത്തകനായി രാഷ്ട്രീയ രംഗത്ത് തുടക്കം.

∙ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സെന്റ് ജോസഫ് സ്കൂൾ യൂനിറ്റ് പ്രസിഡന്റ്‌.

∙ പിന്നീട് യൂനിറ്റ് സെക്രട്ടറി

∙ ഫറൂഖ് കോളജിൽ യൂനിറ്റ് സെക്രട്ടറി

∙ കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി യൂനിയൻ ഭാരവാഹി

∙ എസ്.എഫ്.ഐ ജില്ലാ ഭാരവാഹി

∙ ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മുതൽ അഖിലേന്ത്യാ പ്രസിഡന്റ് വരെ

∙ സി.പി.എം ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വരെ

∙ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച കാലയളവിൽ കൊടിയ പൊലീസ് അതിക്രമത്തിന് ഇരയായി.

∙ വിദ്യാർഥി-യുവജന സമരം നയിച്ചതിന്റെ പേരിൽ വിവിധ ഘട്ടങ്ങളിലായി നൂറോളം ദിവസം ജയിൽവാസം.

∙ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആയിരിക്കെ ദേശീയതലത്തിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ പൊലീസ് അതിക്രമങ്ങൾക്ക് ഇരയായി.

പി.എ. മുഹമ്മദ്‌ റിയാസിനെ ലക്ഷ്യം വെക്കുന്നവർ ദേശീയതലത്തിലെ ഫാഷിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണം!.

Full View

Tags:    
News Summary - V Sivankutty's post against VD Satheeeshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.