വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളി പകരക്കാരനില്ലാത്ത അമരക്കാരനെന്ന്​ വാസവൻ; വെള്ളാപ്പള്ളിയുടെ നേതൃപാടവം കേരളത്തിനാവശ്യമെന്ന്​​ ​ഗവർണർ

തിരുവനന്തപുരം: എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വാനോളം പുകഴ്ത്തി മന്ത്രി വി.എൻ. വാസവനും ​ഗവർണർ രാജേ​ന്ദ്ര ആർലേക്കറും. പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്നായിരുന്നു മന്ത്രി വി.എൻ. വാസവന്‍റെ പ്രശംസ. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വർഷം തുടർന്ന നേതാവാണ് വെള്ളാപ്പള്ളി. കുത്തഴിഞ്ഞു കിടന്ന ഒരു പുസ്തകം കുത്തിക്കെട്ടി എല്ലാവർക്കും വായിക്കാൻ കഴിയുന്നതാക്കി മാറ്റിയ അദ്ദേഹം യൗവ്വന തുടിപ്പോടെ ഇന്നും മുന്നോട്ടുപോകുന്നു. ഇങ്ങനെ ഒരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

നല്ല ആളുകൾ മുന്നിൽ നിന്ന് നയിക്കുമ്പോൾ നല്ല കാര്യങ്ങൾ സംഭവിക്കുന്നുവെന്നതാണ് വെള്ളാപ്പള്ളി നടേശനിലൂടെ കണ്ടതെന്നും സംഘടനയെ ദീർഘകാലം നയിക്കാനുള്ള കരുത്ത് വെള്ളാപ്പള്ളിക്ക് ലഭിക്കട്ടെയെന്നും ഗവർണർ രജോന്ദ്ര ആർലേക്കർ പറഞ്ഞു. 30 വർഷം തുടർച്ചയായി ഒരു സംഘടനയെ നയിക്കുക എന്നത് ചെറിയ കാര്യമല്ല. വെള്ളാപ്പള്ളി നടേശനെ പോലുള്ളവർക്കേ അത് സാധിക്കൂ. ഒരു വലിയ സമൂഹത്തെയാണ് അദ്ദേഹം നയിക്കുന്നത്. എല്ലാവരെയും ഒന്നിപ്പിച്ച്​ മുന്നോട്ടു പോകുക എളുപ്പമല്ല. വെള്ളാപ്പള്ളിയിൽ മികച്ച നേതൃപാടവം കാണാൻ കഴിയും. വെള്ളാപ്പള്ളിയെ പോലുള്ള നേതൃത്വം കേരളത്തിലുള്ളതിൽ അഭിമാനിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് വെള്ളാപ്പള്ളിയെ പോലെ നേതൃപാടവം ഉള്ളവരെ ആവശ്യമാണെന്നും ​ഗവർണർ കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളി നടേശനുള്ള വർക്കലയുടെ സ്​നേഹാദരത്തിന്‍റെയും എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ മന്ദിരം ഉദ്ഘാടനത്തിന്‍റെയും ചടങ്ങിൽ സംസാരിക്കവെയാണ്​ ഇരുവരും വെള്ളാപ്പള്ളിയെ വാനോളം പുകഴ്ത്തിയത്.

അതേസമയം, തന്നെക്കുറിച്ച് ഏറ്റവും കൂടുതൽ ചീത്ത വാക്കുകൾ പറഞ്ഞ സ്ഥലമാണ് വർക്കലയെന്നും ഇവിടെനിന്ന് നല്ല വാക്കുകൾ കേൾക്കുന്നതിൽ സന്തോഷമെന്നും ആദരത്തിനുള്ള മറുപടിയിൽ വെള്ളാപ്പള്ളി പറഞ്ഞു. കുറ്റം പറയാനായി മാത്രം ചിലർ നടക്കുന്നുണ്ട്. അത്തരത്തിൽ മാറി നിന്ന് കുറ്റം പറയുന്നത് സംഘടനക്ക്​ നല്ലതല്ല. തന്നെ കള്ള് കച്ചവടക്കാരനെന്ന് പറഞ്ഞതുവരെ സഹിച്ചു. എസ്.എൻ.ഡി.പി യോ​ഗത്തിലേക്ക് എത്തിയത് ട്രാക്ക് തെറ്റിയാണ്. വി.എസ്. അച്യുതാനന്ദനുൾപ്പടെയുള്ള നേതാക്കൾ തന്ന പ്രേരണയാണ് പ്രസ്ഥാനത്തെ ചേർത്തുപിടിക്കാൻ കാരണം. ഞാൻ ജാതി പറയുന്നവനാണ്​ എന്ന് എല്ലാവരും ആക്ഷേപിക്കാറുണ്ട്. ജാതി വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം ജാതി പറയും. എനിക്ക് രാഷ്ട്രീയ മോ​ഹമില്ല. അധികാരത്തിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - V Sivankutty and Governor praises vellappally natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.