‘കൂട്ടുപ്രതിയെ ഒറ്റുകൊടുത്ത് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു’; പിണറായിക്കെതിരെ വി.ഡി. സതീശൻ

കൊച്ചി (പറവൂര്‍): കൊണ്ടു നടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പ എന്ന ഈരടിയാണ് ഇ.പി. ജയരാജനോട് പിണറായി വിജയൻ ചെയ്തതിന് ഏറ്റവും യോജിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എം ജീര്‍ണതയിലേക്കാണ് പോകുന്നത്. ഇത്രമാത്രം ജീര്‍ണത ബാധിച്ച പാര്‍ട്ടിയായി സി.പി.എം മാറിയോ? മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു. അതിനു വേണ്ടി ബി.ജെ.പിയെ ജയിപ്പിക്കാന്‍ ഒത്താശ ചെയ്യുന്നു.

പ്രകാശ് ജാവദേക്കറെ ജയരാജന്‍ കണ്ടതിനെയല്ല മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. ഇ.പി. ജയരാജനും നന്ദകുമാറും തമ്മിലുള്ള ബന്ധം മാത്രമാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. പ്രകാശ് ജാവദേക്കറെ കണ്ടാല്‍ എന്താ കുഴപ്പമെന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. ഞാനും എത്രയോ വട്ടം കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എല്‍.ഡി.എഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബി.ജെ.പി പ്രഭാരിയെ കാണേണ്ട ആവശ്യം എന്തായിരുന്നു? ബിസിനസ് ഡീലാണോ പൊളിറ്റിക്കല്‍ ഡീല്‍ ആണോയെന്ന് വ്യക്തമാക്കണം. ലാവലിന്‍, മാസപ്പടി കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ മെസഞ്ചര്‍ ആയാണോ ഇ.പി ജയരാജന്‍ ജാവദേക്കറുമായി സംസാരിച്ചത്? അതുകൊണ്ടാണ് ജയരാജന്‍-ജാവദേക്കര്‍ കൂടിക്കാഴ്ച പിണറായി വിജയന്‍ തള്ളിപ്പറയാത്തത്.

2021 ലും ബി.ജെ.പി സി.പി.എമ്മിനെ സഹായിച്ചിട്ടുണ്ട്. ഇക്കാര്യം ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതുപോലെ സഹായിക്കാനുള്ള ധാരണയാണ് ഈ തിരഞ്ഞെടുപ്പിലും നടത്തിയത്. കരുവന്നൂരിലും മാസപ്പടിയിലും ഇ.ഡി കടുപ്പിച്ച അന്വേഷണം എന്തായി? ഭീഷണിപ്പെടുത്തി വോട്ട് അപ്പുറത്തേക്ക് ചെയ്യിക്കാനുള്ള കടുപ്പിക്കല്‍ മാത്രമായിരുന്നു. സി.എം.ആര്‍.എല്ലിനെ കുറിച്ച് പ്രധാനമന്ത്രി പ്രസംഗിച്ചിട്ടും ശശിധരന്‍ കര്‍ത്തയെ ചോദ്യം ചെയ്തതോടെ അന്വേഷണം അവസാനിപ്പിച്ചു.

പണം കൈപ്പറ്റിയവര്‍ക്കെതിരായ അന്വേഷണം തെരഞ്ഞെടുപ്പിന് മുമ്പ് അവസാനിപ്പിച്ചു. അന്വേഷണം കടുപ്പിച്ചതിന്റെ പേരില്‍ സി.പി.എമ്മിന്റെ കഴുത്തില്‍ പിടിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ആ ഡീലാണ് ഇവിടെ നടന്നത്. ഇ.പി ജയരാജന്‍ എല്‍.ഡി.എഫിന്റെ കണ്‍വീനറാണോ എന്‍.ഡി.എയുടെ കണ്‍വീനറാണോയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യം ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടന്നത്. കൂട്ടുപ്രതിയെ ഒറ്റുകൊടുത്ത് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. എന്തിനാണ് പ്രകാശ് ജാവദേക്കറുമായി മുഖ്യമന്ത്രിയും നേതാക്കളും ചര്‍ച്ച ചെയ്തതെന്ന് സി.പി.എം വ്യക്തമാക്കണം. ഡീല്‍ എന്തായിരുന്നെന്ന് ജനങ്ങള്‍ അറിയണം. ചര്‍ച്ച നടത്തണമെന്നത് സി.പി.എമ്മിന്റെ ഔദ്യോഗിക തീരുമാനമാണോ? കൊണ്ടു നടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പ എന്ന ഈരടിയാണ് ഇ.പി ജയരാജനോട് പിണറായി ചെയ്തതിന് ഏറ്റവും ചേരുന്നത്.

നന്ദകുമാറിന്റെ അമ്മയുടെ പിറന്നാളിന് വീട്ടില്‍ പോയി ഷാളണിയിച്ച ജയരാജനാണ് നന്ദകുമാറിനെ അറിയില്ലെന്നു പറഞ്ഞത്. നന്ദകുമാറുമായി ജയരാജന് ബന്ധമുണ്ടെന്ന് പിണറായിക്ക് അറിയാം. എന്നിട്ടാണ് മുഖ്യമന്ത്രി നന്ദകുമാറുമായുള്ള ബന്ധം തള്ളിപ്പറഞ്ഞത്. ഇത് നാടകമാണെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - V. D. Satheesan said that the couplet Neye Chappa, Neye Chappa, Killed and Walked with Pinarayi was the most suitable for Jayarajan.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.