സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നില്ല; നാളെ ജീവനക്കാരും അധ്യാപകരും പണിമുടക്കുമെന്ന് യു.ടി.ഇ.എഫ്

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും,അധ്യാപകരും ബുധനാ​ഴ്ച പണിമുടക്കുമെന്ന് യുണൈറ്റഡ് ടീച്ചേർസ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ (യു.ടി.ഇ.എഫ്) അറിയിച്ചു. ജീവനക്കാർ ആറു പതിറ്റാണ്ടിനിടയിൽ നേടിയെടുത്ത അവകാശ ആനുകൂല്യങ്ങളെല്ലാം തന്നെ കവർന്നെടുക്കുകയോ, നിഷേധിക്കപ്പെടുകയോ ചെയ്യുന്ന​ുവെന്നാണ് പരാതി. കരാർ വൽക്കരണത്തിലൂടെയും, ഔട്ട്സോഴ്സിങ്ങിലൂടെയും, സർക്കാർ വകുപ്പുകളിൽ ജീവനക്കാരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറക്കുന്നു.

ജീവനക്കാരുടെ ശമ്പളം പോലും, ചരിത്രത്തിലില്ലാത്ത വിധം ഓർഡിനൻസിറക്കിയും, അല്ലാതെയും, പിടിച്ചെടുത്ത ഭരണകൂടം, ജീവനക്കാരനു ലഭിച്ചു കൊണ്ടിരുന്ന സി.സി.എയും, ഫിറ്റ്മെന്റ് ബെനഫിറ്റും, പിടിച്ചെടുക്കുക മാത്രമല്ല കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന ലീവ് സറണ്ടറും, ആറ​ു ഗഡു ക്ഷാമബത്തയും ശമ്പള പരിഷ്കരണ കുടിശ്ശികയും നിരാകരിക്കുകയും, നിഷേധിക്കുകയും ചെയ്യുന്ന വഞ്ചനാപരമായ നിലപാട് സ്വീകരിച്ചിരിക്കുന്നു.

സർക്കാർ അധികാരത്തിൽ വന്നു രണ്ടര വർഷം കഴിയുമ്പോഴും, ഒരു രൂപയുടെ സാമ്പത്തിക ആനുകൂല്യം പോലും ജീവനക്കാർക്കു ലഭ്യമായിട്ടില്ല. വിലകയറ്റത്തിന്നാനുപാതികമായി ലഭിക്കേണ്ട 2021 ജനുവരി മുതലുള്ള ആറു ഗഡു ക്ഷാമബത്ത (18ശതമാനം) കുടിശ്ശികയായിരിക്കുന്നു ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന ജീവനക്കാരനു പോലും പ്രതിമാസം അയ്യായിരത്തിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

2016 ലെ തെരഞ്ഞെടുപ്പിൽ പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കുമെന്നുറപ്പു നൽകി അധികാരത്തിലേറിയ വർ ഏഴര വർഷം കഴിഞ്ഞിട്ടും പിൻവലിച്ചില്ലെന്നു മാത്രമല്ല എൻ.പി.എസിനു നിയമ പരിരക്ഷ ലഭിക്കാൻ സെക്ഷൻ 12 (4) പ്രകാരം ഗസറ്റു വിജ്ഞാപനമിറക്കി ജീവനക്കാരെ വഞ്ചിക്കുകയായിരുന്നു. എൻ.പി.എസ് ജീവനക്കാർക്കു ,കേന്ദ്ര സർക്കാരും ,മറ്റു സംസ്ഥാന സർക്കാരുകളും അനുവദിച്ച ഉയർന്ന വിഹിതവും, ഗ്രാറ്റുവിറ്റിയും പോലും കേരളത്തിലെ ജീവനക്കാർക്കു നിഷേധിച്ചു.സർവീസിലി രുന്നു മരണമടയുന്ന എൻ.പി.എസുകാരന്റെ കുടുംബത്തിനുള്ള ആശ്വാസധനം പോലും 2016 ആഗസ്റ്റിൽ വെട്ടിക്കുറച്ചു.

കാലങ്ങളായി സർക്കാർ ജീവനക്കാരനു ലഭിച്ചിരുന്ന ലീവു സറണ്ടർ കിട്ടാക്കനിയായി.നാല് വർഷമായി തടഞ്ഞുവച്ചിരിക്കുന്ന സറണ്ടർ ആനുകൂല്യം 2026 ൽ കാലാവധി കഴിയുന്ന ഈ സർക്കാറിന്റെ കാലത്തു സറണ്ടർ തുക ജീവനക്കാർക്ക് ലഭിക്കില്ല എന്നുറപ്പു വരുത്തി ഉത്തരവിറക്കിയിരിക്കുന്നു. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഏറ്റെടുക്കാത്ത രാജ്യത്തെ ഏക സർക്കാരാണ് കേരളത്തിലേതെന്നും യു.ഡി.ഇ.എഫ് കുറ്റപ്പെടുത്തുന്നു. തൊഴിലുടമയായ സർക്കാർ ഒരു രൂപ പോലും വിഹിതം നൽകാതെ ജീവനക്കാരിൽ നിന്നു മാത്രം പണം പിടിച്ചെടുത്ത് സർക്കാർ പദ്ധതിയെന്ന വ്യാജ നിർമ്മിതിയുടെ , പോരായ്മകൾ മറച്ചുവച്ചു ജീവനക്കാരെ വഞ്ചിക്കുന്ന സമീപനമാണ് സർക്കാരിന്റേത്.

പല ആശുപത്രികളും ചികിൽസക്കെത്തിയ ജീവനക്കാരോട് മുൻകൂർ പണം ആവശ്യപ്പെടുകയും, മറ്റ് അസൗകര്യങ്ങൾ പറഞ്ഞു ചികിൽസ നിഷേധിക്കുകയും, ചികിൽസ അനുവദിച്ചവർക്കു അർഹമായ തുകയും നൽകാതെ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നു. നിലവിലുണ്ടായിരുന്ന സർവീസ് വെയിറ്റേജ് പൂർണ്ണമായി ഒഴിവാക്കിയും, ഫിറ്റ്മെന്റ് ബെനഫിറ്റ് 10 ശതമാനമായി വെട്ടി കുറച്ചു . ഇതിലൂടെ മാത്രം 17ശതമാനത്തിന്റെ നഷ്ടമാണ് ജീവനക്കാർക്കു സംഭവിച്ചത്.

ഈ സാഹചര്യത്തിൽ, കേരളത്തിലെ ജനാധിപത്യ ചേരിയിലെ സർവ്വീസ് അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ യു.ഡി.ഇ.എഫിന്റെ നേതൃത്വത്തിൽ 24 നു സൂചന പണിമുടക്കു നടത്തുകയാണന്നും അതിൽ മുഴുവൻ അധ്യാപകരും ജീവനക്കാരും പങ്കെടുക്കണമെന്നും സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ കൺവീനർ സി.ബി. മുഹമ്മദ്‌ എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - UTEF said that the employees and teachers will go on strike tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.