ഓലപ്പുരയുടെ പ്രൗഢിയില്‍ ഉണുക്കൂപ്പന്‍ തറവാട്

കോഴിക്കോട്: നാളികേരത്തിന്‍െറ നാട്ടിലെ നാലുകാലോലപ്പുരകള്‍ ഓര്‍മയാകുമ്പോള്‍ പഴമയുടെ അടയാളമാവുകയാണ് നഗരത്തിലെ ഈ ഓലപ്പുര. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും ശീതീകരണ മുറിയുടെ ‘ലാളിത്യ’ത്തോടെ അന്തിയുറങ്ങാനാവുന്ന തരത്തിലാണ് നിര്‍മാണം. ചെങ്കല്‍ചുമരും ആറുമുറികളുമുള്ള ഓലപ്പുരയിലെ രണ്ടാം നില പുതുതലമുറക്കാര്‍ക്ക് കൗതുകമാണ്.

രണ്ടു നൂറ്റാണ്ട് മുമ്പാണ് പുതിയങ്ങാടി പുതിയകടപ്പുറത്തെ തുമ്പിരുമ്പ് പറമ്പിലെ 38 സെന്‍റില്‍ ഉണുക്കൂപ്പന്‍ തറവാട് പണിതത്. അന്നത്തെ കെട്ടിലും മട്ടിലും സംരക്ഷിച്ചുപോരുന്നത് ഇപ്പോഴത്തെ താമസക്കാരായ സത്യനും രഞ്ജിത്തുമാണ്.

കാഴ്ചക്കാര്‍ക്ക് വെറും ഓലപ്പുരയാണെങ്കിലും കൊല്ലാകൊല്ലങ്ങളില്‍ അറ്റകുറ്റപ്പണിക്കും ഓലമേയാനുമായി 30,000 രൂപയോളം കണ്ടത്തെണമെന്ന് ഇവര്‍ പറയുന്നു. 900 മടല്‍ തെങ്ങോലയും ആനുപാതികമായ പനയോലയും കിട്ടാന്‍ തന്നെ പാടുപെടണം.കുട്ടിക്കാലത്തൊക്കെ വീട്ടിലുള്ളവരും അയല്‍വക്കത്തെ സ്ത്രീകളുമെല്ലാം ചേര്‍ന്ന് ആഘോഷത്തോടെ ഓലമെടഞ്ഞത് രഞ്ജിത്ത് ഓര്‍ക്കുന്നു. പുരകെട്ട് കല്യാണം ഞങ്ങള്‍ കുട്ടികള്‍ക്ക് പുഴുക്കും കാപ്പിയുമൊക്കെ ഇഷ്ടാനുസരണം ലഭിക്കുന്ന ഉത്സവാന്തരീക്ഷമായിരുന്നെന്നും മത്സ്യബന്ധന തൊഴിലാളിയായ രഞ്ജിത്ത് പറയുന്നു.

രണ്ടു ദിവസങ്ങളിലായാണ് പുരകെട്ടുണ്ടാവുക. വെങ്ങളത്തുള്ളവരാണ് പുരമേയാന്‍ എത്താറ്. ഓല ചാടാനും (എറിയുക) പനയോലകെട്ടാനും ചിതല്‍ തട്ടാനുമൊക്കെയായി മിക്കവാറും എല്ലാ ബന്ധുക്കളും ഒത്തുകൂടും. ചിതല്‍ശല്യം കാരണം അലകും കഴുക്കോലുമെല്ലാം വര്‍ഷാവര്‍ഷം മാറ്റേണ്ടിവരും. പണ്ട് ചാണകം മെഴുകിയ തറ സിമന്‍റാക്കി എന്നതാണ് 200 കൊല്ലംകൊണ്ട് ഉണുക്കൂപ്പന്‍ തറവാടിനുണ്ടായ ഏകമാറ്റം.

ഉമ്മറത്തിരുന്നാല്‍ അസ്തമയം കാണാനും വായുസഞ്ചാരവും പ്രകാശ വിതാനവും സുലഭമായി ലഭിക്കുന്ന രീതിയിലുമാണ് നിര്‍മാണം. കക്ക നീറ്റിയുണ്ടാക്കിയ കുമ്മായത്തിലാണ് ചുമര് പടവുചെയ്തത്. ആറുമുറികള്‍ കൂടാതെ വരാന്ത, അടുക്കള, ഇടനാഴി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്. തറവാട് വീടുകള്‍ നഗരത്തില്‍ ചിലയിടങ്ങളില്‍ കാണാമെങ്കിലും ഇത്രയും വലിയ ഓലവീട് ഇല്ളെന്നാണ് ഇവര്‍ പറയുന്നത്.

അഞ്ചുതലമുറ കഴിഞ്ഞുകൂടിയ വീട് സാമ്പത്തിക പ്രയാസത്താല്‍ ഒരിക്കല്‍ മറ്റൊരു കുടുംബത്തിന് വില്‍ക്കേണ്ടി വന്നിരുന്നു. പിന്നീട് അവര്‍ തിരിച്ചുകൈമാറി. ഇനിയൊരിക്കലും വില്‍ക്കില്ളെന്നും കഴിയുന്നിടത്തോളം കാലം ഇതേ പകിട്ടോടെ നിലനിര്‍ത്താനാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.

Tags:    
News Summary - unukooppan house in coconut tree leaf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.