അടിസ്ഥാന സൗകര്യ വികസനത്തില്‍ സമാനതകളില്ലാത്ത മുന്നേറ്റം -മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസർകോട്: അടിസ്ഥാന സൗകര്യ വികസനത്തില്‍ സംസ്ഥാനത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. കേരളത്തിന്‍റെ ചിരകാല അഭിലാഷമാണ് ദേശീയപാതാ വികസനം. ആറു വരി പാതയിലേക്ക് കേരളം മാറുന്ന സുന്ദര കാഴ്ചയാണ് നാടെങ്ങും ഉള്ളത്. ദേശീയപാത അതോറിറ്റിയുമായി ചേര്‍ന്ന് എല്ലാ സഹായവും നല്‍കി കൃത്യമായ പരിശോധന നടത്തിയാണ് ദേശീയപാത പ്രവൃത്തി നീങ്ങുന്നത്. 2025 ഓടെ ദേശീയപാത 66ന്‍റെ പ്രവൃത്തി പൂര്‍ത്തിയാക്കും -മന്ത്രി പറഞ്ഞു. കാസർകോട് ഗുരുവനം കൂലോം റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പ്രവൃത്തി നടക്കുക എന്നത് മാത്രമല്ല പ്രധാനം, റോഡുകളുടെ പരിപാലനവും വളരെ പ്രധാനപ്പെട്ടതാണ്. കേരളത്തിലെ പൊതുമരാമത്ത് റോഡുകളുടെ പരിപാലനത്തിന് 'പോട്ട് ഹോള്‍ ഫ്രീ കേരള' എന്ന പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഘട്ടംഘട്ടമായി റോഡുകളുടെ സമഗ്ര പരിപാലനം ഉറപ്പുവരുത്താന്‍ സാധിക്കുന്ന തരത്തിലാണ് പദ്ധതി. റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം അതില്‍ പ്രധാനപ്പെട്ടതാണ്. 20,026 കി.മീ റോഡുകളുടെ പരിപാലനത്തിന് 486.11 കോടി രൂപയാണ് റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതിയില്‍ ഇതുവരെ അനുവദിച്ചത്. 90 ശതമാനം റോഡുകളും റണ്ണിംഗ് കോണ്‍ട്രാക്ട് പരിധിയില്‍ കൊണ്ടുവരാന്‍ സാധിച്ചു.

സംസ്ഥാനത്ത് 57 പാലങ്ങള്‍ പൂര്‍ത്തീകരിച്ചു. 9 പാലങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ചെറുതും വലുതുമായ 106 പാലങ്ങളുടെ പണി പുരോഗമിക്കുന്നുണ്ട്. 13 റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ പ്രവൃത്തി ഒന്നിച്ച് പുരോഗമിക്കുകയാണ്. കാഞ്ഞങ്ങാട് ആര്‍.ഒ.ബി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. പുരോഗമിക്കുന്ന പദ്ധതികളില്‍ 9 എണ്ണം കിഫ്ബി പദ്ധതിയാണ്. 4 എണ്ണം പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചിട്ടുള്ളതുമാണ്. ഇതില്‍ പരമാവധി ആര്‍.ഒ.ബികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് -മന്ത്രി പറഞ്ഞു.



Tags:    
News Summary - Unparalleled progress in infrastructure development - Minister Ahmed Devarkovil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.