ഉണ്ണികൃഷ്ണന് ‘ഓര്‍മക്കൂട്ടി’ന്‍െറ തണലില്‍ വീട്

കോഴിക്കോട്: മഴ പെയ്താല്‍ വീടുചോരുമെന്ന ഭീതി ഇപ്പോള്‍ മുക്കം മണാശ്ശേരി പട്ടേശ്ശേരി ഉണ്ണികൃഷ്ണനില്ല. എങ്ങനെ അന്തിയുറങ്ങും എന്ന ആധി ഭാര്യക്കും പ്ളസ് ടു വിദ്യാര്‍ഥിനിയായ മകള്‍ക്കുമില്ല. അഞ്ചുലക്ഷം രൂപ ചെലവില്‍ 33 വര്‍ഷം മുമ്പത്തെ സഹപാഠികള്‍ നിര്‍മിച്ച് നല്‍കിയ മനോഹര വീടിന്‍െറ സുരക്ഷിതത്വത്തിലാണ് ഇവര്‍.

1984ല്‍ ചേന്ദമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കൂടെ പഠിച്ചവരാണ് സഹപാഠിക്ക് സ്നേഹത്തിന്‍െറ കൂടൊരുക്കിയത്. എസ്.എസ്.എല്‍.സിക്കുശേഷം പലവഴിയില്‍ തിരിഞ്ഞുപോയവരാണ് പ്രിയചങ്ങാതിക്കുവേണ്ടി ഒരുമിച്ചു ചേര്‍ന്നത്. ദുബൈ, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്നവരുമാണ് വീട് നിര്‍മാണത്തിന് രംഗത്തിറങ്ങിയത്.

2012 സെപ്റ്റംബറിലാണ് കൂട്ടായ്മക്ക് രൂപംനല്‍കിയത്. ഹോസ്റ്റല്‍ സംവിധാനമുണ്ടായിരുന്നതിനാല്‍ 14 ജില്ലകളിലും ലക്ഷദ്വീപിലുമുള്ളവര്‍ ഇതിലുണ്ടായിരുന്നു. ഈയിടെ ‘ഓര്‍മക്കൂട്’ എന്നപേരില്‍ വാട്സ്ആപ് ഗ്രൂപ്പിന് രൂപം നല്‍കിയതോടെയാണ് സഹപാഠിക്ക് വീട് നിര്‍മിക്കാനുള്ള തീരുമാനത്തിലത്തെിയത്. ആറുമാസം കൊണ്ടാണ് അഞ്ചുലക്ഷം രൂപ ചെലവില്‍ വീട് യാഥാര്‍ഥ്യമായത്. കഴിഞ്ഞദിവസം പഴയകാല അധ്യാപകരുടെ സാന്നിധ്യത്തില്‍ ഓര്‍മക്കൂട്ടുകാര്‍ പഴയ ചങ്ങാതിക്ക് വീട് കൈമാറി. പഴയകാല ഓര്‍മകള്‍ അവര്‍ പങ്കുവെച്ചു.

1984ലെ ബാച്ചിലുണ്ടായിരുന്ന 160 പേരില്‍  90 പേരാണ് സംഗമത്തിന് എത്തിയത്. അധ്യാപകരായ കരീം, റഹ്മാബി, യു.പി. മുഹമ്മദലി, ഗഫൂര്‍, സുബൈദ, എന്നിവരടക്കമുള്ളവരാണ് ചടങ്ങിന് എത്തിയത്. സഹപാഠികളായ മുഹമ്മദ് സഫറുല്ല, ചെറി അബ്ദുറഹ്മാന്‍, കെ.പി.ടി. റഹീം, കെ.പി. ജലീല്‍, വഹീദ് ചേന്ദമംഗലൂര്‍, യാസീന്‍ ചാലിയം, കെ.പി. ശരീഫ്, കെ.സി. മെഹര്‍ബാന്‍, ബുഷ്റ ഹഖ്, പര്‍വീണ്‍ ഹബീബ്, കെ.ടി. ഫൈസല്‍, സബിത സൈത് മുഹമ്മദ്, ഉസ്മാന്‍ പൊറ്റശ്ശേരി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.  

കൂട്ടായ്മയിലുള്‍പ്പെട്ടവരുടെ വീട്ടിലെ മരണം, വിവാഹം, മറ്റ് ചടങ്ങുകള്‍ എന്നിവക്കെല്ലാം എല്ലാവരും ഇപ്പോള്‍ ഒത്തുചേരുന്നു. അര്‍ബുദം അടക്കമുള്ള മാരകരോഗം ബാധിച്ചവര്‍ക്ക് ചികിത്സ സഹായങ്ങളും ഗ്രൂപ് ലഭ്യമാക്കുന്നുണ്ട്.

 

Tags:    
News Summary - UNNIKRISHNAN ORMA KOOTTU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.