തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി എം.എസ്.എഫ്-കെ.എസ്.യു തർക്കം രൂക്ഷം. യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ സ്ഥാനം ഇക്കുറി എം.എസ്.എഫിന് നൽകാമെന്ന മുൻ ധാരണ കെ.എസ്.യു നേതൃത്വം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എം.എസ്.എഫ് നേതാക്കൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പരാതി നൽകി.
എസ്.എഫ്.ഐ കുത്തകയായിരുന്ന യൂനിവേഴ്സിറ്റി യൂനിയൻ അട്ടിമറി വിജയത്തിലൂടെ കഴിഞ്ഞ തവണ യു.ഡി.എസ്.എഫ് പിടിച്ചപ്പോൾ 262 യു.യു.സിമാരില്‍ 41 പേര്‍ മാത്രമാണ് കെ.എസ്.യുവിന് ഉണ്ടായിരുന്നതെന്നും കഴിഞ്ഞ തവണയുണ്ടാക്കിയ ധാരണപ്രകാരം ഇത്തവണ ചെയര്‍മാന്‍ സ്ഥാനം എം.എസ്.എഫിനാണ് ലഭിക്കേണ്ടിയിരുന്നതെന്നും എന്നാല്‍, ചെയര്‍മാന്‍ സ്ഥാനം കെ.എസ്.യു വിട്ടുനല്‍കിയില്ലെന്നും എം.എസ്.എഫ് നേതൃത്വം പ്രതിപക്ഷനേതാവിന് നൽകിയ പരാതിയിൽ പറയുന്നു. ഒരു മുന്നണി എന്ന നിലയില്‍ എം.എസ്.എഫിന് ലഭിക്കേണ്ട പരിഗണന കെ.എസ്.യു നിരന്തരമായി തിരസ്‌കരിക്കുന്ന അനുഭവങ്ങളാണ് നിലവിലുള്ളതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
എം.എസ്.എഫിന് ഭൂരിപക്ഷ അംഗങ്ങളുള്ള തെരഞ്ഞെടുപ്പുകളിലും യൂനിവേഴ്‌സിറ്റികളിലും കാണിക്കുന്ന മര്യാദയും പരിഗണനയും കെ.എസ്.യുവിന്റെ ഭാഗത്തുനിന്ന് തിരിച്ചുണ്ടാകുന്നില്ലെന്നാണ് ആരോപണം. ജൂലൈ 22ന് കാലിക്കറ്റ് സർവകലാശാലയിൽ യൂനിയൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എം.എസ്.എഫിന് മുസ്‍ലിം ലീഗ് അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, യു.ഡി.എസ്.എഫിലെ പടലപ്പിണക്കങ്ങൾ എങ്ങനെ നേട്ടമുണ്ടാക്കാൻ ഉപയോഗിക്കാമെന്ന ആലോചനയിലാണ് എസ്.എഫ്.ഐ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.