തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും പെൻഷൻ ഫണ്ട് രൂപവത്കരിക്കണമെന്ന് സർക്കാർ ഉത്തരവ്. ഫണ്ട് കൈകാര്യം ചെയ്യാൻ ബോർഡ് രൂപവത്കരിക്കാനും ആവശ്യത്തിന് പണം ഫണ്ടിലില്ലെങ്കിൽ കടമെടുക്കാനുമാണ് നിർദേശം. നിലവിൽ സർക്കാറിന്റെ നോൺ പ്ലാൻ ഗ്രാൻറിൽനിന്നാണ് പെൻഷൻ നൽകുന്നത്. സർവകലാശാല പെൻഷൻ പരിഷ്കരണം നടത്തിയപ്പോൾതന്നെ അധിക ബാധ്യത സർവകലാശാലകൾ ഏറ്റെടുക്കാൻ സർക്കാർ നിർദേശിച്ചിരുന്നു.
പെൻഷൻ ആവശ്യങ്ങൾക്കായി നിലവിൽ സർവകലാശാല മാറ്റിവെച്ച തുകയും സർവകലാശാല ജീവനക്കാർ അന്യത്ര സേവനവ്യവസ്ഥയിൽ പോകുമ്പോൾ ലഭിക്കുന്ന പെൻഷൻ വിഹിതവും പെൻഷൻ നിർവഹണ ആവശ്യത്തിന് സംസ്ഥാന-കേന്ദ്ര സർക്കാർ, മറ്റ് ഏജൻസികൾ എന്നിവയിൽനിന്ന് ലഭിക്കുന്ന തുകകളും ഫണ്ടിലേക്ക് മാറ്റും.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരുടെ പെൻഷൻ, ക്ഷാമാശ്വാസം, ക്ഷാമാശ്വാസ കുടിശ്ശിക, ഡി.സി.ആർ.ജി, പെൻഷൻ കമ്യൂട്ടേഷൻ, ടെർമിനൽ സറണ്ടർ, കുടുംബ പെൻഷൻ, പെൻഷൻ പരിഷ്കരണ കുടിശ്ശിക എന്നിവ ഈ ഫണ്ടിൽനിന്ന് നൽകും.
ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരുടെ സർവകലാശാല അടയ്ക്കേണ്ട വിഹിതവും അവർക്ക് സർക്കാർ അനുവദിക്കുന്ന വിരമിക്കൽ ആനുകൂല്യങ്ങൾ, ജീവനക്കാരുടെ ആശ്രിതർക്ക് അനുവദിക്കുന്ന സമാശ്വാസ ധനസഹായം എന്നിവയും ഫണ്ടിൽനിന്ന് നൽകും.
എല്ലാ സർവകലാശാലകളുടെയും ആക്ടിൽ പെൻഷൻ ഫണ്ടിന് നിർദേശമുണ്ടെങ്കിലും നടപ്പായിരുന്നില്ല. ഭാവിയിൽ പെൻഷൻ വിതരണം തടസ്സപ്പെട്ടേക്കാമെന്നാണ് ധനവകുപ്പ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.