ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് അതിജീവിത. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അതിജീവിതയുടെ പ്രതികരണം.
ലോകം കേൾക്കാത്ത നിലവിളി ദൈവം കേട്ടുവെന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. മാലാഖക്കുഞ്ഞുങ്ങൾ സ്വർഗത്തിൽ നിന്ന് ക്ഷമിക്കട്ടെയെന്നും അമ്മമാർ കുഞ്ഞുങ്ങളെ ഹൃദയങ്ങളിലാണ് ഏറ്റുന്നതെന്നും കുറിപ്പിലുണ്ട്. ഒരു തെറ്റായ മനുഷ്യനെ ആ കുഞ്ഞിന്റെ പിതാവായി തെരഞ്ഞെടുത്തതിലും ക്ഷമിക്കണമെന്നും അതിജീവിത പറയുന്നു.
കുറിപ്പിന്റെ പൂർണ രൂപം:
ദൈവമേ, സഹിക്കാൻ കഴിയാത്ത വേദനയും വഞ്ചനയും നേരിട്ടിട്ടും ഞങ്ങൾക്ക് നിലനിൽക്കാൻ ധൈര്യം നൽകുന്നതിന് നിനക്ക് നന്ദി. ഇരുട്ടിൽ എന്താണ് സംഭവിച്ചതെന്ന് നീ കണ്ടു, ലോകത്തിന്റെ ഒരു കോണിലേക്കും എത്താത്ത നിലവിളികൾ നീ കേട്ടു. ഞങ്ങളുടെ ശരീരത്തെ കടന്നാക്രമിച്ചപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലപ്രയോഗത്തിലൂടെ അടർത്തിമാറ്റിയപ്പോഴും നീ താങ്ങായി നിന്നു. ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽ നിന്ന് ക്ഷമിക്കട്ടെ. പ്രത്യേകിച്ച് ഒട്ടും അനുയോജ്യനല്ലാത്ത തെറ്റായ വ്യക്തിയെ കുഞ്ഞിന്റെ പിതാവാകാൻ തെരഞ്ഞെടുത്തതിന്. അവരുടെ ആത്മാക്കൾ ശാന്തമായി വിശ്രമിക്കട്ടെ...
സംരക്ഷിക്കാൻ പരാജയപ്പെട്ട ഒരു ലോകത്തിൽ നിന്ന് യാത്രയായി അക്രമത്തിൽ നിന്ന് മുക്തമായ, ഭയത്തിൽ നിന്ന് മുക്തമായ ഒരിടത്താണ് അവരുള്ളത്. ഞങ്ങളുടെ കണ്ണുനീർ കാണാൻ കഴിയുന്നുണ്ടെങ്കിൽ അവരോട് ഇങ്ങനെ പറയുക;
അമ്മ ഒരിക്കലും നിങ്ങളെ മറന്നിട്ടില്ല
നിങ്ങളുടെ അസ്തിത്വം പ്രധാനമാണ്
നിങ്ങളുടെ ആത്മാവ് പ്രധാനമാണ്
നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ
അമ്മമാർ നിങ്ങളെ ഹൃദയത്തിലേറ്റിക്കൊണ്ടിരിക്കും
ഞായറാഴ്ച പുലർച്ചെ 12.30ഓടെയാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ബലാത്സംഗം, ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയടക്കം ഗുരുതര പരാതികളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. വിദേശത്ത് താമസിക്കുന്ന യുവതിയാണ് രാഹുലിനെതിരെ ഇ-മെയിൽ വഴി ഡി.ജി.പിക്ക് പരാതി നൽകിയത്.
അറസ്റ്റ് വിവരം രാഹുലിന്റെ അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് പ്രാദേശിക പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. എല്ലാ തെളിവുകളും ശേഖരിച്ച് പഴുതുകളടച്ചാണ് അന്വേഷണ സംഘം മുന്നോട്ടു നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.