ന്യൂഡൽഹി: കേന്ദ്രസഹമന്ത്രി സ്ഥാനം രാജിവെച്ച് ജോർജ് കുര്യൻ. രാജ്യസഭ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്. ജോർജ് കുര്യനെ രാജ്യസഭയിലേക്ക് വീണ്ടും പരിഗണിച്ചിരുന്നില്ല. രാജി രാഷ്ട്രപതി അംഗീകരിച്ചു. ജോർജ് കുര്യൻ സംഘടന ചുമതലയിലേക്ക് മടങ്ങുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ. കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാൽ, പ്രവർത്തിക്കുന്നത് ദേശീയ തലത്തിലോ, കേരളത്തിലോയെന്ന കാര്യത്തിൽ പാർട്ടി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.മൂന്നാം മോദി സർക്കാരിൽ 2024 ജൂൺ ഒമ്പതിനാണ് ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം, വകുപ്പ് സഹമന്ത്രിയായി ജോർജ് കുര്യൻ ചുമതലയേറ്റത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവഹക സമിതിയംഗം, കോർകമ്മിറ്റിയംഗം, പാർട്ടി വക്താവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ജോർജ് കുര്യൻ ഒ. രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അതേസമയം, രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ പട്ടികയിൽ ജോർജ് കുര്യന്റെ പേരുണ്ടായിരുന്നില്ല. നിലവിൽ മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമാണ് കുര്യൻ. ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി കഴിയും. ജോർജ് കുര്യന്റേതടക്കം മധ്യപ്രദേശിൽ ഒഴിവുവരുന്ന രണ്ട് രാജ്യസഭ സീറ്റുകളിലേക്ക് തരുൺ ചുഘ്, രജനീഷ് അഗർവാൾ എന്നിവരെയാണ് ബി.ജെ.പി സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്. ഇതോടെ കേന്ദ്രസഹമന്ത്രി സ്ഥാനത്തുനിന്ന് ജോർജ് കുര്യനെ മാറ്റിയേക്കും.
നിലവിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ്. ജോർജ് കുര്യന് പകരം കേരളത്തിൽനിന്ന് മറ്റൊരാളെ മന്ത്രിയാക്കാനാണ് തീരുമാനമെങ്കിൽ, രാഷ്ട്രപതിയുടെ നോമിനിയായി രാജ്യസഭയിലെത്തിയ സി. സദാനന്ദന് അവസരം ലഭിച്ചേക്കും. പഞ്ചാബിൽനിന്നുള്ള ഭക്ഷ്യസംസ്കരണ-റെയിൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടുവിനും സീറ്റ് നൽകിയിട്ടില്ല. ജൂൺ പകുതിയോടെ കേന്ദ്രമന്ത്രിസഭയിൽ വലിയ രീതിയിലുള്ള പുനഃസംഘടന ഉണ്ടായേക്കുമെന്നാണ് സൂചനകളുള്ളത്.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ നാല് സീറ്റുകളിൽ വീതവും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് സീറ്റുകളിൽ വീതവും ജാർഖണ്ഡിൽ രണ്ട് സീറ്റുകളിലും മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നിവിടങ്ങളിൽ ഓരോ സീറ്റുകളിലുമാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.