തിരുവനന്തപുരം/കോഴിക്കോട്: മുസ്‍ലിം സമുദായത്തെ മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരായി ചിത്രീകരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി സർക്കാർ സമസ്ത നേതാക്കളുമായി സഹകരിക്കുന്നതിനെ വിമർശിച്ചുകൊണ്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി സി.പി.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണൻ രംഗത്തെത്തി.
സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടതിനെ പരിഹസിച്ചുകൊണ്ടായിരുന്നു ആർ.വി. ബാബുവിന്റെ പോസ്റ്റ്. ലഹരി മരുന്ന് കടത്തിലും വിപണനത്തിലും ഒരു പ്രത്യേക സമുദായത്തിന് പങ്കുണ്ടെന്നും, ആ സമുദായത്തിന്റെ അറിവോടെയല്ലാതെ ഇത്തരം കാര്യങ്ങൾ നടക്കില്ലെന്നുമാണ് പോസ്റ്റിലെ ഉള്ളടക്കം.
മുസ്‍ലിം സമുദായത്തെയൊന്നാകെ ഇതിന്റെ പേരിൽ നാണംകെട്ടവരായി ചിത്രീകരിക്കുന്ന തരത്തിലാണ് പരാമർശങ്ങൾ.ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരിക്കുന്നത്.
ഒരു സമുദായത്തെയാകെ വർഗീയമായി അധിക്ഷേപിക്കുകയും സമൂഹത്തിൽ വെറുപ്പും സ്പർധയും വളർത്തുകയും ചെയ്യുന്ന ആർ.വി. ബാബുവിനെതിരെ സർക്കാർ കർശന നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണൻ ആവശ്യപ്പെട്ടു.
വർഗീയ വിഷം ചീറ്റുന്ന ഇത്തരക്കാരുടെ ക്രിമിനൽ നടപടികളെ ശക്തമായി നേരിടണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.ഇന്ത്യയിലെ മയക്കുമരുന്ന് കടത്തിന്റെ പ്രധാന കേന്ദ്രങ്ങൾ ഗുജറാത്താണെന്ന് കുഞ്ഞിക്കണ്ണൻ ചൂണ്ടിക്കാട്ടി.
കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിലെ മുഖ്യപ്രതി ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ ആയിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലഹരിയും തീവ്രവാദവും ഏതെങ്കിലും മതസമുദായത്തിന്റെ പ്രശ്നമല്ലെന്നും, ജനാധിപത്യത്തെയും സമാധാനപരമായ മനുഷ്യജീവിതത്തെയും അസ്ഥിരീകരിക്കാൻ സാമ്രാജ്യത്വ ശക്തികൾ ആസൂത്രണം ചെയ്യുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.
സാമൂഹിക സൗഹാർദ്ദത്തെ ബാധിക്കുന്ന തരത്തിൽ മതപരമായ വിദ്വേഷം പ്രചരിപ്പിക്കുന്നത് ഗൗരവകരമാണെന്ന നിലപാടാണ് ഈ വിഷയത്തിൽ ഉയർന്നു വരുന്നത്.
കേരളത്തെ ലഹരിമുക്തമാക്കാൻ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ്റെ പ്രചരണാർത്ഥം സമസ്തയുടെ നേതാവ് ജഫ്രി മുത്തുക്കോയ തങ്ങളെ തന്നെ ആഭ്യന്തര മന്ത്രി കൂട്ട് പിടിച്ചത് നന്നായി . മറ്റ് സമുദായ നേതാക്കളേക്കാൾ ഇക്കാര്യത്തിൽ മുൻ കൈ എടുക്കേണ്ടത് സമസ്ത നേതാക്കളും കൂട്ടരുമാണ്. കാരണം സംസ്ഥാനത്ത് മയക്ക് മരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നതും ഭൂരിഭാഗം പേരും തങ്ങളുടെ തന്നെ സമുദായത്തിൽ പെട്ടവരാണ് എന്നത് ആ സമുദായത്തിന് തന്നെ നാണക്കേടാണ്.. മയക്ക് മരുന്നായാലും തീവ്രവാദമായാലും അത് ഞമ്മൻ്റെ ആൾക്കാരറിയാതെ ഇവിടെ നടക്കില്ല എന്നാണ് നാട്ടുകാരുടെ അനുഭവം .
മുസ്ലിം സമുദായത്തെ
മയക്കുമരുന്നിന്റെയും
തീവ്രവാദത്തിന്റെയും
വാഹകരും അതൊക്കെ
വ്യാപിപ്പിക്കുന്നവരുമായി
അധിക്ഷേപിച്ചുകൊണ്ട്
സാമൂഹ്യമാധ്യമങ്ങളിൽ
പോസ്റ്റുകളിട്ട
ഹിന്ദു ഐക്യവേദി നേതാവ്
ആർവി ബാബുവിനെതിരെ
സർക്കാർ കേസ് എടുക്കണം.
ഒരു സമുദായത്തെയാകെ
അധിക്ഷേപിക്കുകയും സമൂഹത്തിൽ
വെറുപ്പും സ്പർധയും പരത്തുകയും
ചെയ്യുന്ന വർഗീയ ക്രിമിനൽ നടപടികളെ
ശക്തമായി തന്നെ നേരിടണം.
സർക്കാറിന്റെ മയക്കുമരുന്നിനെതിരായ
തൂഫാൻ പരിപാടിക്കായി
ജിഫ്രി മുത്തുക്കോയ തങ്ങളെ
പോയിക്കണ്ട
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ
നടപടിയെ പരിഹസിച് കൊണ്ടിട്ട
പോസ്റ്റിലാണ് ആർ വി ബാബു
അത്യന്തം അപലനീയമായ രീതിയിൽ
മുസ്ലിം സമുദായത്തെയാകെ
മയക്കുമരുന്നിന്റെയും
തീവ്രവാദത്തിന്റെയും
മൊത്തകച്ചവടക്കാരായി
അധിക്ഷേപിച്ചിരിക്കുന്നത്...
മുസ്ലിളെ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരായി
അധിക്ഷേപിക്കുന്ന
ആർ വി ബാബുമനസിലാക്കേണ്ടത്
ഇന്ത്യയിലെ ഡ്രഗ് ട്രാഫിക്കിംഗിന്റെ
പ്രധാന തുറമുഖങ്ങളെല്ലാം
ഗുജറാത്തിലാണെന്നും
നമ്മുടെ രാജ്യത്ത് ചാർജ് ചെയ്യപ്പെട്ട
കേസുകളിൽ
പ്രതികളായി വന്നിട്ടുള്ളത്
ആരാണെന്നുമാണ്.
കൊച്ചിയിലേക്ക് മയക്കുമരുന്ന് ട്രാഫിക്കിംഗ് നടത്തിയതിലെടുത്ത കേസിലെ
മുഖ്യപ്രതി ഗുജറാത്തിലെ
ഒരു ബിജെപി എം എൽ എ യായിരുന്നുവെന്നും
ഓർക്കണം....
മയക്കുമരുന്നും തീവ്രവാദവുമൊക്കെ
ഏതെങ്കിലും മത സമ്യദായത്തിന്റെ
പ്രശ്നമല്ലെന്നും നമ്മുടെ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയെയും സമാധാനപരമായ മനുഷ്യ ജീവിതത്തെ അസ്ഥിരീകരിക്കാനുള്ള
സാമ്രാജ്യത്വ ശക്തികളുടെ ആസൂത്രണത്തിൽ സൃഷ്ടിക്കപ്പെടുന്നതാണെന്നും മനസിലാക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.